പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത ഇന്ത്യയ്ക്കായ് കേന്ദ്രത്തോടൊപ്പം ജനങ്ങളും ഒരുമിച്ചു നിൽക്കണം : കേന്ദ്ര സഹമന്ത്രി ശോഭ കരന്ത്‌ലജെ
Posted On:
09 JAN 2024 5:09PM by PIB Thiruvananthpuram
2047-ൽ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യയ്ക്കായ് കേന്ദ്ര ഗവൺമെന്റിനൊപ്പം ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കേന്ദ്ര കൃഷി - കർഷക ക്ഷേമ സഹമന്ത്രി ശ്രീമതി ശോഭ കരന്ത്‌ലജെ പറഞ്ഞു.
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ വക്കത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. സംസ്ഥാനം നോക്കിയല്ല കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി കേന്ദ്ര ആനുകൂല്യങ്ങൾ എത്തിക്കുന്നതിന് ഉദാഹരണമാണ് വികസിത് ഭാരത് സങ്കൽപ യാത്രയുടെ ഭാഗമായി വിതരണം ചെയ്യുന്ന സൗജന്യ പാചക വാതക കണക്ഷനുകൾ ഉൾപ്പെടെയുള്ളവയെന്ന് ശ്രീമതി ശോഭ കരന്ത്‌ലജെ പറഞ്ഞു. കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഭാവിയിൽ കാർഷിക വൃത്തി അനായാസമാക്കുന്നതിന് പ്രയോജനപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 5 ഗുണഭോക്താക്കൾക്ക് പുതിയ പാചക വാതക കണക്ഷനുകൾ മന്ത്രി നേരിട്ട് വിതരണം ചെയ്തു. സങ്കൽപ് പ്രതിജ്ഞയും എടുത്തു. ഐ സി എ ആർ - എ ടി എ ആർ ഐ ബെംഗളൂരു ഡയറക്ടർ ഡോ. വി വെങ്കിട്ട സുബ്രഹ്മണ്യം, എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ദീപക് ലിംഗ് വാൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുതിർന്ന പൗരൻമാർക്കുള്ള തപാൽ വകുപ്പിന്റെ നിക്ഷേപ പദ്ധതി, മുദ്രാ വായ്പ, പി എം സ്വനിധി, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ അനുമതി പത്രവും ചടങ്ങിൽ കൈമാറി.
കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെ കുറിച്ച് വിദഗ്ദ്ധർ ക്ലാസ് എടുത്തു.
വികസിത് ഭാരത് സങ്കൽപ യാത്രയുടെ ഭാഗമായി വർക്കല ബ്ലോക്ക് പഞ്ചായത്തിലെ വെട്ടൂർ ഗ്രാമ പഞ്ചായത്തിലെ പരിപാടിയും കേന്ദ്ര കൃഷി - കർഷക ക്ഷേമ സഹമന്ത്രി ശ്രീമതി ശോഭ കരന്ത്‌ലജെ ഉദ്ഘാടനം ചെയ്തു. വളവും വിത്തും വാങ്ങുന്നതിന് രാജ്യത്തെ ചെറുകിട കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ് കിസാൻ സമ്മാൻ നിധി ആവിഷ്കരിച്ചതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന വിഡീയോ പ്രദർശിപ്പിക്കുന്ന ഐ ഇ സി വാനുകൾ ഇതിന്റെ ഓർമ്മപ്പെടുത്തലാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവൺമെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ നടക്കുന്നത്.
--SK--
(Release ID: 1994581)
Visitor Counter : 94