പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിച്ചുകൊണ്ട് വികസിത് ഭാരത് സങ്കല്‍പ് യാത്ര തുടരുന്നു.

Posted On: 17 DEC 2023 11:11AM by PIB Thiruvananthpuram

 

ഇന്ന് (18.12.23) മുതല്‍ പേരാമ്പ്ര ബ്ലോക്കില്‍

കോഴിക്കോട്: കേന്ദ്രവികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹത്തിന്‍റെ താഴെത്തട്ടില്‍വരെ എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രയാണമാരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര കോഴിക്കോട് ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ പര്യടനം തുടരുന്നു. മൂന്നാഴ്ച പൂര്‍ത്തിയാകാനിരിക്കെ കൂടുതല്‍ ജനങ്ങളിലേക്കെത്തി യാത്ര ജില്ലയില്‍ വിജയകരമായി തുടരുകയാണ്. ഇതുവരെ നാല്‍പതിലേറെ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഉജ്ജ്വല എല്‍.പി.ജി. കണക്ഷന്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി നല്‍കിക്കഴിഞ്ഞു. കൂടാതെ നിരവധിയാളുകള്‍ ജീവന്‍ ജ്യോതി ബീമ യോജന, സുരക്ഷ ബീമാ യോജന തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ എന്‍ റോള്‍ ചെയ്യുന്നതായും ലീഡ് ബാങ്ക് മാനേജര്‍ ടി.എം. മുരളീധരന്‍ അറിയിച്ചു. ഇത്തരത്തില്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിന് പുറമെ പുതിയ ഗുണഭോക്താക്കള്‍ക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഫലങ്ങള്‍ എത്തിക്കുന്നു എന്നതുമാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയെ വ്യത്യസ്തമാക്കുന്നത്. യാത്രയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രതിവാര തല്‍സമയ സംവാദ പരിപാടിയില്‍ മാവൂരിലെ കര്‍ഷകനായ ധര്‍മ്മരാജന് പങ്കെടുക്കാനായി എന്നതും ജില്ലയിലെ പരിപാടിയെ വ്യത്യസ്തമാക്കുന്നു. 

 

കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ആശ സോട്ട നേരിട്ട് പരിപാടിയില്‍ പങ്കെടുക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കിയിട്ടുമുണ്ട്. കൂടൂതല്‍ ഗുണഭോക്താക്കളെ പദ്ധതികളിലേക്ക് ആകര്‍ഷിക്കുക എന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കുന്നതാണ് ജില്ലയിലെ പര്യടനം എന്ന് വ്യക്തമാകുന്നു. ഇതിനകം 33 പഞ്ചായത്തുകളില്‍ യാത്രയുടെ സ്വീകരണയോഗങ്ങള്‍ നടന്നു. അഞ്ച് ബ്ലോക്കുകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് (18-12-23) പേരമ്പ്ര ബ്ലോക്കില്‍ പ്രവേശിക്കുകയാണ്. ചക്കിട്ടപ്പാറ, കായണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യ ദിവസത്തെ പൊതുസമ്മേളനം ഒരുക്കിയിരിക്കുന്നത്. 

ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഇന്ത്യ പോസ്റ്റ്, എഫ്.സി.ഐ. , എഫ്. എ. സി.ടി. തുടങ്ങിയ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് യാത്ര നടക്കുന്നത്. പ്രധാനപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കുന്നത് കൊണ്ട് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അവസരം ലഭിക്കുന്നു എന്നതാണ് യാത്രയുടെ പ്രത്യേകത. കൂടാതെ കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ പ്രയോഗിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുകയും ചെയ്യുന്നുണ്ട്. ഇത് തോട്ടം മേഖലയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്ക് ഗുണപ്രദമാണ്.


(Release ID: 1987586) Visitor Counter : 70