പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത ഭാരതം കെട്ടിപ്പടുക്കാൻ യുവജനങ്ങൾ പരിശ്രമിക്കണം : കേന്ദ്രമന്ത്രി നിർമല സീതാരാമൻ


ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കേരളം വലിയ സംഭാവന നൽകിയിട്ടുണ്ട്

Posted On: 16 DEC 2023 1:52PM by PIB Thiruvananthpuram

വികസിത ഭാരതം 2047 ഓടെ കെട്ടിപ്പടുക്കാൻ യുവജനങ്ങൾ പരിശ്രമിക്കണമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യയുടെ വികസനം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഇന്ത്യയിലെ യുവജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു. യുവാക്കൾ അവർക്ക് ഇന്ന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും തങ്ങളുടെ അഭിരുചിയെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യം നേടാൻ ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

വിവരങ്ങളുടെ കുത്തൊഴുക്കിൽ നിന്ന് വിശ്വസനീയവും  യഥാർത്ഥവുമായ വിവരങ്ങൾ മാത്രം വേർതിരിച്ചെടുത്തുകൊണ്ട് ഡിജിറ്റൽ വിപ്ലവത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ നിർമല സീതാരാമൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്നവരായി മാറാനും മന്ത്രി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസം രാജ്യസ്‌നേഹവുമായി സംയോജിപ്പിക്കുന്നത് വഴി സമൂഹത്തിന് ഫലപ്രദമായി സംഭാവന നൽകുന്ന പ്രഗത്ഭരായ വിദ്യാർത്ഥികളെ സൃഷ്ടിക്കാനാകുമെന്നും അവർ പറഞ്ഞു.

ഓരോ വിദ്യാർത്ഥിക്കും ഇന്നത്തെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബഹിരാകാശം, ആണവ മേഖല തുടങ്ങിയ മേഖലകൾ സ്വകാര്യ പങ്കാളിത്തത്തിൻ്റെ പ്രയോജനങ്ങൾ നേടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കേരളം വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരദേശ മേഖലയിലും സുഗന്ധവ്യഞ്ജന മേഖലയിലും പൊതുജന ബോധവൽക്കരണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഫിൻ‌ടെക് വ്യവസായത്തിൽ കേരളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വിജ്ഞാന കേന്ദ്രമായി മാറാനുള്ള നല്ല സാധ്യത കേരളത്തിനുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമൻ ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കുകയും ഫാത്തിമ മാതാ നാഷണൽ കോളജിലെ വിദ്യാർഥികളു മായി സംവദിക്കുകയും ചെയ്തു. ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി, ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

--SK--

 


(Release ID: 1987106) Visitor Counter : 127


Read this release in: English