പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

'മത്സ്യമേഖലയിൽ അന്താരാഷ്ട്ര സഹകരണം വേണം'

Posted On: 11 DEC 2023 4:50PM by PIB Thiruvananthpuram

സിഎംഎഫ്ആർഐയിൽ രാജ്യാന്തര ശിൽപശാല തുടങ്ങി

കൊച്ചി: ഡിസംബർ 11, 2023

മത്സ്യമേഖലയിലെ വെല്ലുവിളികൾ നേരിടാൻ രാജ്യങ്ങൾക്കിടയിൽ സഹകരണവും പങ്കാളിത്തവും വേണമെന്ന് ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ (ആർഡോ) അസിസ്റ്റന്റ് സെക്രട്ടറി ജനറൽ റാമി മഹ്മൂദ് അബ്ദുൽ ഹലീം ഖ്‌തൈഷാത്ത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന ദശദിന രാജ്യാന്തര പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രവിഭവങ്ങളുടെ ചൂഷണവും വിനിയോഗവും സന്തുലിതമാകണം. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ രാജ്യാന്തരതലത്തിൽ സഹകരണം വേണം. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതിമൂല്യത്തിൽ പകുതിയും വികസ്വരരാജ്യങ്ങളിൽ നിന്നാണ്. പോഷകസുരക്ഷയും ഉപജീവനവുമൊരുക്കുന്നതിൽ സുപ്രധാന പങ്കാണ് മത്സ്യമേഖല വഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം, പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് പല ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങൾ എന്നും, ഭക്ഷോൽപാദന മേഖല മെച്ചപ്പെടുത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളതെന്നും ആർഡോ ഗവേഷണ വിഭാഗം മേധാവിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ ഖുഷ്നൂദ് അലി പറഞ്ഞു. മതിയായ സാങ്കേതികവിദ്യയില്ലാത്തത് ഈ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. അംഗരാജ്യങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും പിഎച്ചഡി ഗവേഷകർക്കും 400-ലേറെ ഫെല്ലോഷിപ്പുകൾ ആർഡോ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മത്സ്യമേഖല കൂടുതൽ സുസ്ഥിരമാക്കാൻ സർക്കാർതലത്തിലും ഗവേഷകർക്കിടയിലും രാജ്യാന്തരസഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗം മേധാവി ഡോ വി വി ആർ സുരേഷ്, ഡോ ടി എം നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ഒമാൻ, ഈജിപ്ത്, ഘാന, നമീബിയ, നൈജീരിയ, സാംബിയ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഗവേഷകരുമാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ആർഡോയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ് പരിശീലന ശിൽപശാല. ഫിഷറീസ് മാനേജ്‌മെന്റ്, മത്സ്യകൃഷി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണ് പരിശീലനം.


(Release ID: 1985036) Visitor Counter : 53


Read this release in: English