പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര പദ്ധതികള്‍ മനസിലാക്കാം, ആനുകൂല്യങ്ങള്‍ നേടാം: കോഴിക്കോട് വികസിത് ഭാരത് സങ്കല്‍പ് യാത്ര ഒരാഴ്ച പിന്നിടുന്നു

Posted On: 03 DEC 2023 4:39PM by PIB Thiruvananthpuram



കോഴിക്കോട്: 03 ഡിസംബർ 2023 

 
കേന്ദ്ര വികസനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യവുമായി ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര ജില്ലയില്‍ ഒരാഴ്ച പിന്നിടുന്നു. കേന്ദ്ര പദ്ധതികളെക്കുറിച്ച് മനസിലാക്കുക മാത്രമല്ല, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടാനുള്ള സൗകര്യവും യാത്ര ഒരുക്കുന്നുണ്ട്. ഇതിനായി ബാങ്ക്, നബാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കൃഷി വിഗ്യാന്‍ കേന്ദ്ര, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വിവധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്. വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അടക്കം ജനക്ഷേമ പദ്ധതികളില്‍ യാത്രയുടെ ഭാഗമായി പൊതുജനങ്ങള്‍ ചേരുന്നുണ്ടെന്നും തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര എത്തിച്ചേരുന്ന പഞ്ചായത്തുകളില്‍ ഒരുക്കുന്നുണ്ടെന്നും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി. എം. മുരളീധരന്‍ അറിയിച്ചു.

ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര പ്രയാണം നടത്തുന്നത്. വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ വിശദീകരിക്കും. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാനില്‍ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കും. പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പദ്ധതികളെക്കുറിച്ചുള്ള പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുമുണ്ട്. കാര്‍ഷികമേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്‍റെ ഭാഗമായി വളപ്രയോഗത്തിനായി ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നുമുണ്ട്. അതാത് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നു. കൂടാതെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവക്കുന്നതും പദ്ധതികളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നു.

നവംബര്‍ 28ന് കടലുണ്ടി ഗ്രാമ പഞ്ചായത്തില്‍ ആണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ജില്ലയിലെ പ്രയാണം ആരംഭിച്ചത്. നവംബര്‍ 15ന് അട്ടപ്പാടിയില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആണ് സംസ്ഥന തല യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചത്. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, കൂട്ടാലിട, കൂരാച്ചുണ്ട്, കാരശ്ശേരി, ചാത്തമംഗലം, കുന്ദമംഗലം, കുരുവട്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഇതിനകം യാത്രയുടെ പര്യടനം പൂര്‍ത്തിയായി. ഇന്ന് ( 4-12-23) നരിക്കുനി, നന്മണ്ട പഞ്ചായത്തുകളിലാണ് യാത്ര എത്തിച്ചേരുന്നത്. നാളെ (5-12-23) ചേളന്നൂര്‍, കക്കോടി തുടങ്ങിയ പഞ്ചായത്തുകളിലാണ് യാത്രയുടെ ഭാഗമായുള്ള പൊതുസമ്മേളനം. ജനുവരി 10 വരെ യാണ് ജില്ലയിലെ 70 പഞ്ചായത്തുകളില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ യാത്രയുടെ പ്രയോജനം നേടിയെടുക്കും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സുകന്യ സമൃതി യോജന, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളിലാണ് ഇതുവരെ കൂടുതല്‍ എന്‍ റോള്‍മെന്‍റുകള്‍ നടന്നത്.
 
 
 

(Release ID: 1982119) Visitor Counter : 82