പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് തിങ്കളാഴ്ച  (04.12.2023) ആലപ്പുഴ ജില്ലയിൽ തുടക്കമാകും

Posted On: 03 DEC 2023 2:04PM by PIB Thiruvananthpuram

ആലപ്പുഴ : 03 ഡിസംബർ 2023 

കേന്ദ്രഗവൺമെൻറിൻ്റെ  വിവിധ ജനക്ഷേമ പദ്ധതികൾ  എല്ലാ വിഭാഗം ജനങ്ങളിലേക്കും  എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രക്ക് തിങ്കളാഴ്ച  ( 04.12.2023 ) ആലപ്പുഴ ജില്ലയിൽ തുടക്കമാകും.  മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ (GSGSK) നടക്കുന്ന ചടങ്ങിൽ മാരാരിക്കുളം നോർത്ത്  പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുദർശന ഭായി  കെ  ഉദ്ഘാടനം ചെയ്യും. 

ലീഡ് ഡിസ്ട്രിക്ട് മാനേജർ അരുൺ എം , എസ്‌ബി ഐ റീജിയണൽ മാനേജർ ജൂഡ് ജറാത് കെ എ , നബാർഡ് ഡിഡിഎം പ്രേംകുമാർ ടി കെ, എഫ്എസിടി  ഡിജിഎം പാണ്ഡ്യൻ  വി, GSGSK അധ്യക്ഷൻ രവി പാലത്തുങ്കൽ, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ സാജൻ കെ പി, കാനറാ ബാങ്ക് റീജിയണൽ മാനേജർ രാജ് കുമാർ, കേരള ബാങ്ക് ഡിജിഎം ചന്ദ്രശേഖരൻ നായർ കെ , കേരള ഗ്രാമീൺ ബാങ്ക്  ചീഫ് മാനേജർ സുരജി ദത്,  ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജർ ജയകുമാർ  തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും

തുടര്‍ന്ന് ഉച്ചക്ക് 2.30ന് ചേർത്തല സൗത്ത് ഗ്രാമ പഞ്ചായത്തിലുള്ള ഫെഡറൽ  ബാങ്ക്  ശാഖക്ക്  സമീപമാണ് രണ്ടാമത്തെ പരിപാടി നടക്കുക. ചേർത്തല സൗത്ത്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി സിനിമോൾ സാംസൺ ഉദ്ഘാടനം ചെയ്യും.

കഞ്ഞിക്കുഴി ബ്ലോക്ക് മുതല്‍ ആര്യാട് ബ്ലോക്ക് വരെ ജില്ലയിലെ എഴുപത്തിരണ്ട് ഗ്രാമപഞ്ചായത്തുകളിലും, ഒരു ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രം എന്ന രീതിയില്‍ ദിവസം രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ യാത്ര പര്യടനം നടത്തും.

ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്,  തപാൽ, കൃഷി വകുപ്പുകൾ, ഇന്ത്യൻ ഓയിൽ കോർപറേഷൻ , എഫ് എ സി ടി എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. 

യാത്രയുടെ ഭാഗമായി ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവര വിനിമയത്തിനൊപ്പം വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിനും നടപടികളുണ്ടാകും. പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്കായി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, ആധാർ സേവനങ്ങൾ, ജനസുരക്ഷ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർഷകർക്കായി പ്രത്യേക ഡ്രോൺ പ്രദർശിപ്പിക്കും.യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വിവര വിദ്യാഭ്യാസ വിനിമയ (IEC ) വാഹനത്തിൽ  പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തൊട്ടാകെ നടക്കുന്ന യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 15ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അട്ടപ്പാടിയില്‍ നിര്‍വ്വഹിച്ചിരുന്നു. ജനുവരി 20  വരെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടക്കുക.

--NK--


(Release ID: 1982079) Visitor Counter : 157