പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര പദ്ധതികൾ താഴേത്തട്ടിൽ വികസനം സാദ്ധ്യമാക്കുന്നു - കേന്ദ്രസഹമന്ത്രി ഭാരതി പ്രവീൺ പവാർ

Posted On: 30 NOV 2023 3:47PM by PIB Thiruvananthpuram

 

കേന്ദ്ര പദ്ധതികൾ താഴേത്തട്ടിൽ വരെ ക്ഷേമം ഉറപ്പാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ  ഭാഗമായി നെയ്യാറ്റിൻകര ചെങ്കലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ ശാക്തീകരണം, ആദിവാസി ക്ഷേമം,പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവക്ക്  കേന്ദ്ര ഗവണ്മെന്റ് പ്രഥമ പരിഗണന നൽകുന്നു. വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ഇന്ന് പ്രധാനമന്ത്രി  മഹിളാ കിസാൻ ഡ്രോൺ കേന്ദ്രക്ക് തുടക്കം കുറിക്കുന്നതെന്നും അവർ പറഞ്ഞു. ദേശീയ തലത്തിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പതിനയ്യായിരം ഡ്രോണുകൾ വിതരണം ചെയ്യും.

ഇന്ന് വരെ 27.61 കോടി ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ആറ് കോടി പേർക്കായി 77,298 കോടി രൂപ ഇതിലൂടെ വിതരണം ചെയ്തു.26,735 ആശുപത്രികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര പദ്ധതികൾ കേരളത്തിൽ ശരിയായി നടപ്പിലാക്കാനായി , സംസ്ഥാനം  കേന്ദ്ര ഗവണ്മെന്റുമായി കൂടുതൽ സഹകരിക്കണമെന്നും അവർ പറഞ്ഞു.


പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജനങ്ങളുമായുള്ള സംവാദവും, പി.എം. മഹിളാ കിസാൻ ഡ്രോൺ കേന്ദ്രയുടെയും, പതിനായിരം ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തനം പൂർത്തി ആക്കിയതിന്റെ ഉദ്ഘാടനവും ഓൺലൈനായി പ്രദർശിപ്പിച്ചു. ആയുഷ്മാൻ ഭാരത് കാർഡ്, പി.എം ഉജ്വല യോജന ഉൾപ്പടെ വിവിധ ക്ഷേമ പദ്ധതികളുടെ സൗജന്യ വിതരണം നടന്നു. ചെങ്കൽ വില്ലേജിലെ വനിതാ സ്വയം സഹായ സംഘത്തിന് കാർഷിക ആവശ്യത്തിന് അനുവദിച്ച ഡ്രോണിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. വിവിധ കേന്ദ്ര ഗവണ്മെന്റ് കാര്യാലയങ്ങളുടെ നേതൃത്വത്തിൽ പ്രദർശനവും സംഘടിപ്പിച്ചു. വികസിത ഭാരത സങ്കല്‌പ് യാത്രാ വാഹനവും ചെങ്കൽ വില്ലേജിൽ എത്തിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്ക് വച്ചു. ചടങ്ങിൽ സിബിസി തിരുവനന്തപുരം ജോയിൻ്റ് ഡയറക്ടർ ശ്രീമതി പാർവതി ഐഐഎസ്,  കാനറാ ബാങ്ക് ഡി.ജി.എം കെ.എസ് പ്രദീപ്, ലീഡ് ജില്ലാ മാനേജർ ജയമോഹൻ, ബാങ്ക് ഓഫ് ബറോഡ എ.ജി.എം പ്രഭാകർ റഡ്ഢി, ബാങ്ക് ഓഫ് ബറോഡ മാനേജർ ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.

    

 

NK


(Release ID: 1981123) Visitor Counter : 201
Read this release in: English , Urdu , Hindi