പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്ക് നാളെ മലപ്പുറം ജില്ലയില്‍ തുടക്കമാകും
മലപ്പുറം: നവംബര്‍ 26, 2023
Posted On:
26 NOV 2023 10:20PM by PIB Thiruvananthpuram
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്ക് നാളെ മലപ്പുറം ജില്ലയില്‍ തുടക്കമാകും.
നിലമ്പൂര്‍ ബ്ലോക്കിലെ വഴിക്കടവ് പഞ്ചായത്തില്‍ രാവിലെ 10.30 നാണ് 55 ദിവസം നീളുന്ന വിക്സിത് ഭാരത് സങ്കല്പ് യാത്രയുടെ ജില്ലാ പര്യടനത്തിന് സമാരംഭം കുറിക്കുക. ഉച്ചക്ക് ശേഷം എടക്കരയിലും ചൊവ്വാഴ്ച മൂത്തേടം, പോത്തുകല്‍ പഞ്ചായത്തിലും പര്യടനം നടത്തും. ജില്ലയിലെ 15 ബ്ലോക്കുകളിലെ 94 ഗ്രാമപഞ്ചായത്തിലും വിക്സിത് ഭാരത് സങ്കല്പ് യാത്ര എത്തിച്ചേരും. 2024 ജനുവരി 20 ന് വട്ടംകുളം ഗ്രാമപഞ്ചായത്തിലാണ് സമാപനം.
ഒരു ദിവസം രണ്ടു ഗ്രാമപഞ്ചായത്തുകളിലാകും പര്യടന വാഹനം എത്തുക. സംസ്ഥാന തല ബാങ്കേഴ്സ് സമിതി, ജില്ലാ ലീഡ് ബാങ്ക്, നബാര്‍ഡ്, ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രം, റബര്‍ ബോര്‍ഡ്, ഫാക്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ജന്‍ ഔഷധി, മറ്റു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് സ്ഥാനപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളേക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പര്യടനത്തിലൂടെ ജനങ്ങളിലേയ്ക്ക് എത്തും. പ്രധാനമന്ത്രി ഉജ്വല യോജനയുടെ സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണം, ആധാര്‍ സേവനങ്ങള്‍, സാമൂഹിക ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാകാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നല്‍കുവാനുള്ള അവസരവും ലഭ്യമാക്കും.
ഗ്രാമപഞ്ചായത്തുകളിലെ പര്യടനം കഴിഞ്ഞാകും ജില്ലയിലെ നഗരസഭകളില്‍ വിക്സിത് ഭാരത് സങ്കല്പ യാത്ര പര്യടനം നടത്തുക. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ജില്ലയിലെ പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ നിലമ്പൂര്‍, കാളിക്കാവ്, വണ്ടൂര്‍ ബ്ലോക്കുകളില്‍ പൂര്‍ത്തിയായതായും മറ്റു മുഴുവന്‍ ബ്ലോക്കുകളിലും യാത്ര വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ലീഡ് ബാങ്കിന്റെ മലപ്പുറം ജില്ലാ മാനേജര്‍ എം. എ. ടിറ്റന്‍ അറിയിച്ചു.
*******************************************
(Release ID: 1980060)
Visitor Counter : 71