പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പി എം-സ്വനിധി സാർവത്രിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നു

Posted On: 27 OCT 2023 2:18PM by PIB Thiruvananthpuram
കൊച്ചി: ഒക്ടോബര് 27, 2023



വഴിയോരക്കച്ചവടക്കാർക്കായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ചെറുകിട വായ്പാ പദ്ധതിയായ പി എം-സ്വനിധി (PM SVANidhi) അഥവാ പി എം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി, 'സാർവത്രിക സംരംഭകത്വം' പ്രോത്സാഹിപ്പിക്കുന്നതിലും ലിംഗ സമത്വം കൈവരിക്കുന്നതിലും പ്രോത്സാഹനം നൽകി വരുന്നു.

കോവിഡ് 19 മഹാമാരിക്കാലത്ത് 2020 ജൂൺ 1 ന് ഭവന, നഗരകാര്യ മന്ത്രാലയം തുടക്കം കുറിച്ച പദ്ധതി, അർഹരായ വഴിയോരക്കച്ചവടക്കാർക്ക് 50,000 രൂപ വരെയുള്ള ഈട് രഹിത വായ്പ ലഭ്യമാക്കി വരുന്നു. മൂന്ന് തവണകളായാണ് വായ്പ നൽകുന്നത് - 10,000 രൂപയുടെ ആദ്യ ഗഡു, ആദ്യ ഗഡുവിന്റെ തിരിച്ചടവിന് വിധേയമായി 20,000 രൂപയുടെ രണ്ടാം ഗഡു, രണ്ടാം ഗഡുവിന്റെ തിരിച്ചടവിന് വിധേയമായി 50,000 രൂപയുടെ മൂന്നാം ഗഡു എന്നിങ്ങനെയാണിത്.

പി എം-സ്വനിധി യുടെ പരിവർത്തനാത്മക സ്വാധീനം വിശകലനം ചെയ്ത 'PM SVANidhi: Strengthening Country’s Social Fabric through empowering grass root market mavericks' എന്ന തലക്കെട്ടിൽ SBI പുറത്തിറക്കിയ ഒരു പുതിയ ഗവേഷണം, 43% വരുന്ന പി എം-സ്വനിധി ഗുണഭോക്താക്കൾ വനിതകളായ വഴിയോരക്കച്ചവടക്കാരാണെന്ന് കണ്ടെത്തുകയും പദ്ധതിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. പിഎം സ്വനിധി ഗുണഭോക്താക്കളിൽ 44% പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ 22% വരും.

തന്റെ ബ്ലോഗിലൂടെ റിപ്പോർട്ട് പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ പരിവർത്തനാത്മക  സ്വഭാവത്തെ പ്രശംസിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗമ്യകാന്തി ഘോഷിന്റെ ഗഹനമായ ഈ  ഗവേഷണം  പി എം-സ്വനിധിയുടെ പരിവർത്തനാത്മക സ്വാധീനത്തിന്റെ നേർ ചിത്രം വരച്ചു കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് കീഴിൽ, കൃത്യമായ തിരിച്ചടവുകൾക്ക് 7 ശതമാനം പലിശയിളവ് നൽകുകയും ഡിജിറ്റൽ ഇടപാടുകൾക്ക് പ്രതിവർഷം 1,200 രൂപ വരെ ക്യാഷ്ബാക്ക് ഉറപ്പാക്കുകയും ചെയ്യുന്നു.

പിഎം സ്വനിധി പദ്ധതിയുടെ ഡാഷ്ബോർഡ് പ്രകാരം, 2023 ഒക്ടോബർ 26 വരെ, 57.20 ലക്ഷം വായ്പകൾ ആദ്യ ഗഡുവായും, 15.92 ലക്ഷം രണ്ടാം ഗഡുവായും, 1.94 ലക്ഷം മൂന്നാം ഗഡുവായും അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട് പ്രകാരം 10,000 രൂപയുടെ ആദ്യ വായ്പ തിരിച്ചടയ്ക്കുകയും രണ്ടാം ഗഡു വായ്പയായ 20,000 രൂപ എടുക്കുകയും ചെയ്യുന്നവരുടെ അനുപാതം 68% ആണ്. രണ്ടാം ഗഡു വായ്പയായ 20,000 രൂപ തിരിച്ചടയ്ക്കുകയും മൂന്നാം ഗഡു വായ്പയായ 50,000 രൂപ എടുക്കുകയും ചെയ്യുന്നവരുടെ അനുപാതം 75% വരും. ഇത് ചെറുകിട-നാമമാത്ര വഴിയോരക്കച്ചവടക്കാർക്കിടയിലെ സാമ്പത്തിക അച്ചടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പദ്ധതിക്ക് കീഴിലിതുവരെ 9,152 കോടി രൂപ ബാങ്കുകൾ വായ്പയായി നൽകിയിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളാണ് (PSB) വായ്പ അനുവദിക്കുന്നതിൽ മുൻപന്തിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (SBI)  ഈ പദ്ധതിയ്ക്ക് കീഴിലുള്ള മൊത്തം വായ്പയുടെ 31% വിതരണം ചെയ്തത് . യഥാക്രമം ബാങ്ക് ഓഫ് ബറോഡ (31%), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (10%), പഞ്ചാബ് നാഷണൽ ബാങ്ക് (8%) എന്നിവ പിന്നിലുണ്ട്.

പിഎം സ്വനിധി ഡാഷ്‌ബോർഡ് പ്രകാരം, വായ്‌പയെടുത്തവരിൽ ഏകദേശം 5.9 ലക്ഷം പേർ ആറു വൻ നഗരങ്ങളിലാണ്. 7.8 ലക്ഷം പേർ 10 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലുള്ളവരാണ്. നഗരങ്ങളിൽ, അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ പിഎം സ്വനിധി അക്കൗണ്ട് ഉടമകൾ ഉള്ളത് - 1,37,516 പേർ. പണം ചെലവഴിക്കുന്നവരുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, 45% സജീവ പ്രകടനം കാഴ്ചവയ്ക്കുന്ന വാരാണസിയാണ് മുന്നിൽ.

 

റിപ്പോർട്ട് അനുസരിച്ച്: ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 70 ലക്ഷം വായ്പകൾ വിതരണം ചെയ്തു. 53 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാർക്ക് പ്രയോജനം ലഭിച്ചു. വായ്പയുടെ മൊത്തം മൂല്യം 9,100 കോടി രൂപ കവിഞ്ഞു. പി എം-സ്വനിധി അക്കൗണ്ട് ഉടമകളുടെ ശരാശരി ഡെബിറ്റ് കാർഡ് വ്യയം 2021 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023 സാമ്പത്തിക വർഷത്തിൽ 50% വർദ്ധിച്ച് 80,000 രൂപയായി. അനൗപചാരിക നഗര സംരംഭകർക്ക് ലഭ്യമാക്കിയ സീഡ് ക്യാപിറ്റൽ വെറും 2 വർഷത്തിനുള്ളിൽ, പ്രതിവർഷ ശരാശരി വ്യയത്തിൽ 28,000 രൂപ വർദ്ധനയ്ക്ക് കാരണമായി. വായ്പ എടുക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും 26-45 വയസ് പ്രായമുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

(Release ID: 1971924)
Read this release in: English