പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
തെങ്ങിന്റെ ചങ്ങാതിമാർക്കൊരു കോൾ സെന്ററുമായി നാളികേര വികസന ബോർഡ്
Posted On:
06 OCT 2023 2:51PM by PIB Thiruvananthpuram
കൊച്ചി :ഒക്ടോബർ 06, 2023
തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉൾപ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി നാളികേര വികസന ബോർഡ്, തെങ്ങിന്റെ ചങ്ങാതിമാർക്കായി (FoCT) കോൾ സെന്റർ ഉടൻ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോൾ സെന്റർ സ്ഥാപിക്കുന്നതിലൂടെ ബോർഡ് ലക്ഷ്യമാക്കുന്നത്. ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോൾ സെന്ററിന്റെ പ്രവർത്തനം.
കേരളത്തിന് പുറമെ പരമ്പരാഗത കേരോത്പാദക സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, ആന്ധ്രാപ്രദേശിലും, കർണ്ണാടകത്തിലും സമാന്തരമായി കോൾ സെന്റർ ആരംഭിക്കും. ഇതുവരെ 1552 പേരാണ് കോൾ സെന്ററിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുക. ന്യായമായ വേതനത്തിന് വിള വെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, രോഗകീട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം.
കോൾ സെന്ററിന്റെ പ്രവർത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും, കേരകർഷക രെയും കർഷക കൂട്ടായ്മകളെയും, നാളികേര സംരംഭകരേയും, കൃഷി വകുപ്പുദ്യോഗസ്ഥരെയും, കേര മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോർത്തിണക്കി മേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സാധിക്കും
കൂടുതൽ വിവരങ്ങൾക്ക് 0484 2377266 (Extn: 137) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഇതിനുപുറമെ കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള മറ്റു ചങ്ങാതിമാർക്കും കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി 8848061240 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, പേര്, മേൽവിലാസം, ബ്ലോക്ക് പഞ്ചായത്ത്. ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ വാട്ട്സ് ആപ്പ് സന്ദേശമായി അയച്ചു തരികയോ ചെയ്യുക. ഇപ്രകാരം കോൾ സെന്ററിന്റെ സേവനം കർഷകർക്കൊപ്പം ചങ്ങാതിമാരും പ്രയോജനപ്പെടുത്തുക.
********************************
(Release ID: 1964984)