പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഗവൺമെന്റ് പദ്ധതികളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക് : പാലക്കാട് ജില്ലാ കളക്ടർ ഡോ ചിത്ര എസ്.
പോസ്റ്റഡ് ഓണ്:
22 JUN 2023 3:55PM by PIB Thiruvananthpuram
പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മാധ്യമപ്രവർത്തകർ പ്രവർത്തിച്ചാൽ വികസനോന്മുഖമായ വാർത്തകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയും: ഡോ.ചിത്ര
പിഐബി കൊച്ചി പാലക്കാട് ജില്ലയിൽ പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു
പാലക്കാട് : ജൂൺ 22, 2023
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതികളെ കുറിച്ച് ജനങ്ങൾക്ക് പൊതുവെ ശരിയായ ധാരണ ഇല്ലെന്നും അവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും പാലക്കാട് ജില്ലാ കളക്ടർ ഡോ.ചിത്ര എസ് പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രാദേശിക മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവെ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശിൽപശാലകൾ സാധാരണക്കാരിലേക്ക് ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് ഉത്തേജകമാകുമെന്ന് ഡോ.ചിത്ര ചൂണ്ടിക്കാട്ടി. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മാധ്യമപ്രവർത്തകർ പ്രവർത്തിച്ചാൽ വികസനോന്മുഖമായ വാർത്തകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയുമെന്നും ഡോ.ചിത്ര കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമ പ്രവര്ത്തകര്ക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്ഫര്മേഷന് ബ്യൂറോ (പിഐബി) പാലക്കാട് പ്രസ് ക്ലബ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി)പാലക്കാട് ഓഫീസ് എന്നിവയുമായി ചേർന്നാണ് പാലക്കാട് ജില്ലയിൽ ശില്പശാല സംഘടിപ്പിച്ചത്.
പിഐബി, കേരള ലക്ഷദ്വീപ് മേഖല അഡീഷണല് ഡയറക്ടര് ജനറല് ശ്രീ വി. പളനിച്ചാമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് പദ്ധതികൾ, പരിപാടികൾ, നയങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് ശ്രീ.വി.പളനിച്ചാമി ഊന്നിപ്പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മാധ്യമങ്ങൾ വേണ്ടത്ര ഇടം നൽകണമെന്നും ഇത് പലരുടെയും ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .മൊബൈലുള്ളവരെല്ലാം മാധ്യമപ്രവർത്തകരാകുന്ന ഈ സോഷ്യൽ മീഡിയ യുഗത്തിൽ വ്യാജവാർത്തകൾ ഒരു ഭീഷണിയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ പ്രതിരോധിക്കാൻ പ്രത്യേക വിഷയങ്ങളെ കുറിച്ച് ശരിയായ അറിവ് നേടുന്നതിന് സമയം ചെലവഴിക്കണമെന്ന് ശ്രീ വി.പളനിച്ചാമി യുവാക്കളോട് അഭ്യർത്ഥിച്ചു.
ശിൽപശാലയുടെ ഭാഗമായി 'കേന്ദ്ര പദ്ധതികളുടെ സാമ്പത്തിക വീക്ഷണം' എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷനിൽ ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് (പി.എ.യു) ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ജയ് പി. ബാൽ PMAY, RURBAN തുടങ്ങിയ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിപുലമായി സംസാരിച്ചു.
'കേന്ദ്ര പദ്ധതികളുടെ സാമ്പത്തിക വീക്ഷണം' എന്ന വിഷയത്തിൽ പാലക്കാട് ലീഡ് ബാങ്ക് ജില്ലാ ഡിവിഷണൽ മാനേജർ ശ്രീ ശ്രീനാഥ് ആർ. പിയും സെഷൻ നയിച്ചു . പ്രധാനമന്ത്രി ഭീമ സുരക്ഷാ യോജന ഉൾപ്പെടെ പാലക്കാട് നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും പദ്ധതികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും നൽകി.
തുടർന്ന് "ഡെവലപ്മെന്റ് ജേർണലിസവും ഒരു ജൻ ആന്ദോളൻ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും" എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകൻ ശ്രീ പി. കെ. സുരേന്ദ്രൻ സംസാരിച്ചു . ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശരിയായ അവബോധം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും അങ്ങനെ അത് അർഹരായ ഗുണഭോക്താവിലേക്ക് എത്തും എന്നും അദ്ദേഹം പറഞ്ഞു.
പിഐബി കൊച്ചി ഡയറക്ടർ ശ്രീമതി രശ്മി റോജ തുഷാര നായർ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു.
പരിപാടിയുടെ ഭാഗമായുള്ള 'അനുഭവങ്ങൾ പങ്കുവെക്കൽ' എന്ന സെഷനിൽ ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആയ ശ്രീ എം എൻ ഗോവിന്ദ്, പാലക്കാട് അഹലിയ എഫ്എം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനെ പ്രതിനിധീകരിച്ച്ശ്രീ സുനിൽ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
പാലക്കാട് സി ബി സിയിലെ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ എം സ്മിതി, ആകാശവാണി ന്യൂസ് പാലക്കാട് പാർട്ട്ടൈം കറസ്പോണ്ടന്റ് ശ്രീ ഫൈസൽ ആലിമുത്ത്, ദൂരദർശൻ ന്യൂസ് പാലക്കാട് സ്ട്രിങ്ങർ ശ്രീ ശ്രീകുമാർ എന്നിവർ കേരളത്തിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തു .
തുടർന്ന് കേന്ദ്ര ഗവൺമെന്റ് പദ്ധതി ഗുണഭോക്താവായ ശ്രീ കെ ഉദയ് പ്രകാശ് (കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം-WBCIS) പദ്ധതിമൂലം ലഭിക്കുന്ന പ്രയോജനങ്ങൾ സംബന്ധിച്ച് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ കെ സി നാരായണനെ ആദരിച്ചു.കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ശ്രീമതി ഷാമില കെ. വൈ. സ്വാഗതവും പാലക്കാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ.രമേശ് എൻ മുഖ്യപ്രഭാഷണവും പ്രസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.കെ.മധുസൂദനന് കര്ത്താ നന്ദിയും പറഞ്ഞു
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള് സംഘടിപ്പിക്കുന്നത്.
RRTN/SKY
*******
( റിലീസ് ഐ.ഡി: 1934502)
സന്ദര്ശക കൗണ്ടര് : 28