പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച പ്രതീക്ഷകളെ മറികടന്ന് 7.2% കവിയാൻ സാധ്യത: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
പോസ്റ്റഡ് ഓണ്‍:
12 JUN 2023 9:19PM by PIB Thiruvananthpuram
കൊച്ചി: ജൂൺ 12, 2023
"ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന ശുഭോദർക്കമായ ഒരു കഥ എനിക്ക് പങ്കുവെക്കാനുണ്ട്. 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച പ്രതീക്ഷകളെ മറികടന്ന് 7.2% ആയിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന പ്രവേഗം അതിശക്തമാണ്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വളർച്ചാ നിരക്ക് 7.2 ശതമാനത്തിലധികമായിരിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.” അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (ASSOCHAM) സംഘടിപ്പിച്ച വ്യവസായ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇന്ത്യാ ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“നാം ഇതിനോടകം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ജാഗ്രത പാലിക്കുകയും വളർച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങൾ തുടരുകയും വേണം. മുന്നോട്ടുള്ള പാതയിൽ നമുക്ക് ഇനിയും ഏറെ ദൂരം പിന്നിടാനുണ്ടെന്നും” അദ്ദേഹം ഓർമ്മിപ്പിച്ചു.
"താരതമ്യേന താഴ്ന്ന-ഇടത്തരം വരുമാനമുള്ള ഒരു രാജ്യത്തിന്, അതിന്റെ നേട്ടങ്ങളിൽ അലസത പൂണ്ട് വിശ്രമിക്കാനോ ദൗത്യം പൂർത്തിയായെന്ന് ചിന്തിക്കാനോ സാധ്യമല്ലെന്ന് ഡോ. നാഗേശ്വരൻ വ്യക്തമാക്കി. ഇത് സുദീർഘമായ ഒരു യാത്രയാണ്. ഏറെക്കാലത്തെ പ്രവർത്തനത്തിലൂടെ കൈവരിക്കേണ്ട പുരോഗതിയാണ്.
മഹാമാരിക്കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിൽ, ചില വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ കാഴ്ച്ച വച്ച വിവേകപൂർണ്ണമായ മാക്രോ ഇക്കണോമിക് മാനേജ്മെന്റിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അഭിനന്ദിച്ചു. "ഇന്ത്യയുടെ മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് മാനേജ്‌മെന്റ് വിവേകപൂർണ്ണവും സംവേദനക്ഷമവും ആയിരുന്നു. മഹാമാരിയുടെ അധിക സമ്മർദ്ദങ്ങളെ കഴിവതും ഒഴിവാക്കുന്ന സമീപനമായിരുന്നു രാജ്യത്തിന്റേത്. ഇത് സ്ഥിരതയുള്ള വളർച്ചയ്ക്കും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും സംഭാവനകൾ നൽകി."
കൃഷി, വ്യവസായം, സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളുടെ മികച്ച പ്രകടനം, മേഖലകൾ തിരിച്ചുള്ള വിശകലനത്തിൽ ഡോ. നാഗേശ്വരൻ എടുത്തുപറഞ്ഞു. വർദ്ധിച്ച ഭക്ഷ്യധാന്യ ഉത്പാദനം, വിത്തുകളുടെയും വളങ്ങളുടെയും യഥേഷ്ടമുള്ള ലഭ്യത, ട്രാക്ടർ വിൽപനയിലെ വർദ്ധന എന്നിവയിലൂടെ കാർഷിക മേഖലയിൽ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ മേഖല, പർച്ചേസിംഗ് മാനേജേർസ് സൂചികകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സ്റ്റീൽ-സിമന്റ് ഉത്പാദനം എന്നിവ വളർച്ച പ്രാപിക്കുന്നതിൽ സമ്പദ് വ്യവസ്ഥയ്ക്കുള്ള ആത്മവിശ്വാസം പ്രകടമാക്കുന്നു. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന സേവന കയറ്റുമതി ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന് സംഭാവന നൽകുന്നു.
ആഭ്യന്തര ആവശ്യകതയെ സംബന്ധിച്ചിടത്തോളം, നഗര, ഗ്രാമ ഉപഭോഗ സൂചികകളിൽ ശുഭ സൂചന ദൃശ്യമാണ്. ഗ്രാമീണ വരുമാനത്തിലെ വർദ്ധന, വേതന വളർച്ച, കർഷകർക്ക് ഉയർന്ന താങ്ങുവില എന്നിവ ഗ്രാമീണ ആവശ്യകതയിലെ സമീപകാല ഉയർച്ചയ്ക്ക് കാരണമായതായി ഡോ. നാഗേശ്വരൻ ചൂണ്ടിക്കാട്ടി. യാത്രാ വാഹന വിൽപ്പനയും പുതിയ ഭവന സംരംഭങ്ങളും ഉൾപ്പെടെയുള്ള നഗര ഉപഭോഗ സൂചികകൾ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ചാ പാതയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരക്ക് കയറ്റുമതിയിൽ ഇന്ത്യയുടെ വിപണി വിഹിതം നിലനിർത്തുന്നതിലും വിപുലീകരിക്കുന്നതിലും തുടർച്ചയായ ശ്രമങ്ങൾ അത്യാവശ്യമാണെന്ന് ഡോ. നാഗേശ്വരൻ വ്യക്തമാക്കി. "കയറ്റുമതി വളർച്ച നിലനിർത്തുന്നതിന് ഗവേഷണത്തിലും വികസനത്തിലും വിപണനത്തിലും ഉത്പന്ന ശ്രേണിയുടെ വൈവിധ്യവൽക്കരണത്തിലും വ്യവസായ നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം" അദ്ദേഹം എടുത്തുപറഞ്ഞു. മികച്ച വിദേശനാണ്യ കരുതൽ ശേഖരവും കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു വരുന്നതും ശക്തമായ പണമടവുകളും കുറഞ്ഞ വ്യാപാര കമ്മിയും ഇന്ത്യയുടെ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് ഡോ. നാഗേശ്വരൻ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. "ഉപഭോക്തൃ വില സൂചിക RBI ലക്ഷ്യമായ 2-6% പരിധിയ്ക്കുള്ളിലാണ്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഏകദേശം 4% ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്." മൊത്തവില സൂചികയിലെ ഇടിവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചിലർ മാന്ദ്യത്തിന് സാധ്യതയുള്ള ഘടകമായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കുറവിലേക്കാവും ഇത് നയിക്കുക.
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ കാര്യം പരാമർശിക്കവെ, "ഇന്ത്യയിൽ ഏകദേശം 1,00,000 അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും, 43,000 ത്തിലധികം സ്ത്രീകൾ ഇതിന്റെ നേതൃത്വത്തിലുണ്ടെന്നും ഡോ. നാഗേശ്വരൻ പ്രസ്താവിച്ചു. "2018 നും 2022 നും ഇടയിൽ, സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ച തൊഴിലുകളുടെ സംയുക്ത വളർച്ചാ നിരക്ക് ഏകദേശം 32% ആയിരുന്നു. 326 ഇൻക്യുബേറ്ററുകളിൽ 60 ശതമാനവും മെട്രോപൊളിറ്റൻ ഇതര പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. 70% സ്റ്റാർട്ടപ്പുകൾ സംസ്ഥാന തലസ്ഥാനങ്ങൾ പോലുമല്ലാത്ത നഗരങ്ങളിലും പട്ടണങ്ങളിലുമാണ്.”
"സ്റ്റാർട്ടപ്പുകൾ അവയുടെ മൂല്യം വർദ്ധിപ്പിച്ചതിന്റെ ഉദാഹരണമാണ് നൂറ് കോടി ഡോളർ മൂല്യമുള്ള സ്ഥാപനങ്ങളായ യൂണികോണുകൾ. ഇതും ശുഭസൂചനയാണ്."
അന്തിമവിശകലത്തിൽ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഡോ. നാഗേശ്വരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇന്ത്യയുടെ പുരോഗതിയും ആഗോള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവനയും കൂടുതൽ നിർണ്ണായകമായിത്തീർന്നിരിക്കുന്നു. നമ്മുടെ പ്രവർത്തനത്തിലും, ശേഷിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും, നമ്മുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു."
***
( റിലീസ് ഐ.ഡി: 1931832)
സന്ദര്‍ശക കൗണ്ടര്‍ : 266