പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് കീഴിൽ 2023 ജൂൺ 13, 14 തീയതികളിൽ മൂന്നാമത് ജി 20 ഫ്രെയിംവർക്ക് വർക്കിംഗ് ഗ്രൂപ്പ് (FWG) യോഗത്തിന് കൊച്ചി ആതിഥേയത്വം വഹിക്കുന്നു
Posted On:
12 JUN 2023 7:12PM by PIB Thiruvananthpuram
കൊച്ചി: 12 ജൂൺ 2023

ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്ക് കീഴിലുള്ള മൂന്നാമത്തെ ജി 20 ഫ്രെയിംവർക്ക് പ്രവർത്തകസമിതി (എഫ്‌ഡബ്ല്യുജി) യോഗം 2023 ജൂൺ 13, 14 തീയതികളിൽ കൊച്ചിയിൽ നടക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ വി അനന്ത നാഗേശ്വരൻ, സമിതിയുടെ ആക്ടിംഗ് സഹ അധ്യക്ഷനും യുകെയിലെ എച്ച്എം ട്രഷറി ഡെപ്യൂട്ടി ഡയറക്ടറുമായ ടോം ഹെമിംഗ്‌വേ എന്നിവർ സംയുക്തമായി യോഗത്തിന് നേതൃത്വം നൽകും. ജി 20 അംഗ രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 75 ലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

G20 എഫ്‌ഡബ്ല്യുജി, നിലവിലെ പ്രസക്തമായ ആഗോള സാമ്പത്തിക പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2023 ഫെബ്രുവരിയിൽ ജി 20 ധനമന്ത്രിമാരിൽ നിന്നും സെൻട്രൽ ബാങ്ക് ഗവർണർമാരിൽ നിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ച്, ഭക്ഷണ-ഊർജ അരക്ഷിതാവസ്ഥ ഉണ്ടാകുന്ന സ്ഥൂല സാമ്പത്തിക പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം-പരിവർത്തന നയങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന സ്ഥൂല സാമ്പത്തിക അപകടസാധ്യതകൾ, കൂടാതെ, പണപ്പെരുപ്പം, സാമ്പത്തിക ആഗോളവൽക്കരണം, സാമ്പത്തിക സ്ഥിരത എന്നിവയിൽ നിന്നും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിടുന്ന വെല്ലുവിളികൾ എന്നിവ G20 എഫ്‌ഡബ്ല്യുജി ചർച്ച ചെയ്യുന്നു.
കൊച്ചിയിലെ യോഗത്തിൽ ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള അവതരണങ്ങളെ അടിസ്ഥാനമാക്കി നിലവിലെ ആഗോള സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. ഭക്ഷ്യ-ഊർജ്ജ അരക്ഷിതാവസ്ഥയുടെ സ്ഥൂല സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിവർത്തന പാതകളുടെയും സ്ഥൂല സാമ്പത്തിക ആഘാതത്തെക്കുറിച്ചുമുള്ള കരട് ജി 20 റിപ്പോർട്ടുകളെക്കുറിച്ചും അംഗ രാജ്യങ്ങൾ ചർച്ച ചെയ്യും. ഭക്ഷ്യ, ഊർജ അരക്ഷിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, പരിവർത്തന പാതകൾ എന്നിവയുടെ സ്ഥൂലസാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അംഗരാജ്യങ്ങളുടെ നയപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ധാരണ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. രാജ്യങ്ങളുടെ ആഭ്യന്തര ശ്രമങ്ങളെ പിന്തുണയ്ക്കാൻ ആഗോള സഹകരണം സാധ്യമാകുന്ന മേഖലകൾ കണ്ടെത്താനും അവർ ശ്രമിക്കും.
“സാമ്പത്തിക ആഗോളവൽക്കരണം - അവസരങ്ങളും അപകടസാധ്യതകളും” എന്ന വിഷയത്തിൽ ജി 20 പാനൽ ചർച്ച ഈ യോഗത്തോടനുബന്ധിച്ച് നടക്കും. കോർണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഈശ്വർ പ്രസാദാണ് പാനൽ മോഡറേറ്റ് ചെയ്യുന്നത്. കൂടാതെ പ്രശസ്തരായ വ്യക്തികളും പാനലിൽ അംഗങ്ങളായി ഉണ്ടായിരിക്കും. സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സ്ഥൂല സാമ്പത്തിക നയ വെല്ലുവിളികളുടെ ഗതി സംബന്ധിച്ച് ജി 20 അംഗങ്ങൾക്കിടയിൽ ഒരു കൂട്ടായ ധാരണ വികസിപ്പിക്കുന്നതിനാണ് പാനൽ ചർച്ച ഉദ്ദേശിക്കുന്നത്.
യോഗത്തിന്റെ അനുബന്ധമായി, ജി 20 ചർച്ചകൾ കൂടുതൽ ജനകേന്ദ്രീകൃതമാക്കുന്നതിന് റിസർവ് ബാങ്ക് നിരവധി ജനപങ്കാളിത്ത പരിപാടികൾ സംഘടിപ്പിക്കും. സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള പരിപാടികൾ, ജി 20 യെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി, ചിത്രരചനാ മത്സരം, മുദ്രാവാക്യ രചന, നോട്ട് കൈമാറ്റ മേള എന്നിവയും പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും സ്വയം സഹായ സംഘങ്ങളെയും ലക്ഷ്യമിട്ടുള്ള പരിപാടികളിൽ ഉൾപ്പെടുന്നു.
കൊച്ചിയുടെ പ്രകൃതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ആകർഷകമായ സൗന്ദര്യം ആസ്വദിക്കാൻ പ്രതിനിധികൾക്ക് അവസരമൊരുക്കുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡച്ച് പാലസ്, പരദേശി സിനഗോഗ്, സെന്റ് ഫ്രാൻസിസ് പള്ളി എന്നിവിടങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. കേരളത്തിന്റെ ചടുലമായ സംസ്‌കാരത്തിന്റെയും രുചികരമായ പാചകരീതിയുടെയും അനുഭവവും പ്രതിനിധികൾക്ക് സമ്മാനിക്കും.

***
(Release ID: 1931761)