പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

16-ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിന് കൊച്ചി വേദിയാകും

Posted On: 08 JUN 2023 12:31PM by PIB Thiruvananthpuram



കൊച്ചി: ഒക്ടോബർ 10 മുതൽ 13 വരെ നടക്കുന്ന 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിന് കൊച്ചി വേദിയാകും. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഇത്തവണ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ആതിഥ്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷിക-ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.

സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, കർഷകർ, സംരംഭകർ തുടങ്ങിയവർ കാർഷിക-അനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഭക്ഷ്യ-പോഷക സുരക്ഷ, കാലാവസ്ഥാവ്യതിയാനം, കാർഷിക ഉൽപാദന വ്യവസ്ഥ, ഉൽപന്നങ്ങൾ, ജനിതകസാങ്കേതികവിദ്യകൾ, മൃഗസംരക്ഷണം, ഹോട്ടികൾച്ചർ, അക്വാകൾച്ചർ, മത്സ്യബന്ധനം, പുത്തൻ സാങ്കേതികവിദ്യകൾ, നയരൂപീകരണം തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചർച്ചകളുണ്ടാകും. പ്ലീനറികൾ, പ്രത്യേക പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, അഗ്രി എക്‌സ്‌പോ, സിംപോസിയങ്ങൾ, പാനൽ ചർച്ചകൾ, വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, കർഷകരുമായും വ്യവസായികളുമായുള്ള സംവാദങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ഇനങ്ങൾ.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും.  സർക്കാർ സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മറ്റും നൂതന കാർഷികസാങ്കേതികവിദ്യകൾ അഗ്രി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. സമ്മേളനത്തിൽ നടക്കുന്ന പ്രസംഗമത്സരത്തിൽ കാർഷിക സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വെബ്‌സൈറ്റ് സന്ദർശിക്കുക. (www.16asc2023.in)   ഇമെയിൽ: 16asc2023[at]gmail[dot]com  


(Release ID: 1930710) Visitor Counter : 46
Read this release in: English