പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

മാലദ്വീപിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ പുറത്തിറക്കിയ പ്രസ്താവന

Posted On: 04 JUN 2023 3:39PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്, വിദേശകാര്യ സെക്രട്ടറി അഹമ്മദ് ലത്തീഫ്, മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാര്‍,

വിശിഷ്ടരായ ഉദ്യോഗസ്ഥരെ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ, മാധ്യമ സുഹൃത്തുക്കളെ, മഹതികളെ, മാന്യന്മാരെ.

വിശിഷ്ട വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനൊപ്പം ഇന്ന് മാലിയില്‍ ചെലവിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇത് എന്റെ ആദ്യത്തെ മാലി ദ്വീപ് സന്ദര്‍ശനമാണ്, ഇത് പലതില്‍ ആദ്യത്തേതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ രാജ്യത്തു ലഭിച്ച ഊഷ്മളമായ സ്വീകരണം എന്നെ ശരിക്കും സ്പര്‍ശിച്ചു.

നമ്മുടെ ശക്തമായ വികസന പങ്കാളിത്തത്തിന് പുറമെ രാഷ്ട്രീയ, ഭരണ, സംരംഭകത്വ രംഗങ്ങളിലും ജനങ്ങള്‍ക്കിടയിലുമുള്ള ബന്ധം തുടങ്ങി എല്ലാ തലങ്ങളിലും ആഴത്തിലുള്ളതും അടുത്തതുമായ സഹകരണം വികസിപ്പിക്കാന്‍ ഇന്ത്യയ്ക്കും മാലിദ്വീപിനും കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ബന്ധം വലിയ പുരോഗതി കൈവരിച്ചു. മാലിദ്വീപിലെ ഇന്ത്യയുടെ വികസന സഹകരണ പദ്ധതി സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി വികസിച്ചു. മാലിദ്വീപിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര സ്രോതസ്സായും വിദേശ യാത്ര ചെയ്യുന്ന മാലിദ്വീപുകാരുടെ പ്രധാന ലക്ഷ്യസ്ഥാനമായും ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, മാലിദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറി. മഹാവ്യാധിയുടെ വെല്ലുവിളികളെ നേരിടാന്‍ നാം വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാലിദ്വീപുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തെക്കുറിച്ച് ഞാന്‍ ചുരുക്കിപ്പറയാം. നമ്മുടെ സമഗ്ര വികസന പങ്കാളിത്തത്തില്‍ ഗ്രാന്റുകള്‍, ഇളവുകളോടുകൂടിയ വായ്പ, ബജറ്റ് പിന്തുണ, ശേഷി വര്‍ദ്ധിപ്പിക്കല്‍, പരിശീലന സഹായം എന്നിവ ഉള്‍പ്പെടുന്നു. നിരവധി പദ്ധതികള്‍ ആരംഭിക്കുന്നതും നടപ്പാക്കപ്പെടുന്നതും ആളുകള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നതും കാണുതില്‍ നമുക്കുസന്തോഷമുണ്ട്. 2022 മാര്‍ച്ചിലും 2023 ജനുവരിയിലും, വിദേശകാര്യമന്ത്രി ഡോ. ജയശങ്കറിന്റെ സന്ദര്‍ശന വേളയില്‍ ഈ പദ്ധതികളില്‍ പലതും ഉദ്ഘാടനം ചെയ്യപ്പെടുന്നു.

34 ദ്വീപുകളിലെ ജല-ശുചീകരണ പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഹുല്‍ഹുമലെയില്‍ 4000 വീടുകളുടെ നിര്‍മ്മാണവും നന്നായി പുരോഗമിക്കുന്നു, വരും മാസങ്ങളില്‍ നിരവധി ടവറുകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മാലിദ്വീപിന്റെ തെക്കന്‍ മേഖലാ കേന്ദ്രമായ അദ്ദുവിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് അദ്ദു വികസന പദ്ധതി. റോഡുകളുടെ നിര്‍മാണവും പുനരുദ്ധാരണവും പ്രസ്തുത മേഖലയില്‍ അത്യാവശ്യമാണ്. ഈ ലക്ഷ്യത്തിനായി ഇന്ത്യ മാലിദ്വീപ് ഗവമെന്റിനെ സഹായിക്കുന്നു. ഇന്നലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്ന ചടങ്ങില്‍ പ്രസിഡന്റ് സോലിഹിന്റെ സാന്നിധ്യത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു.

മാലിദ്വീപിലെ ഞങ്ങളുടെ പ്രധാന പദ്ധതി 500 മില്യണ്‍ ഡോളറിന്റെ ഗ്രേറ്റര്‍ മെയില്‍ കണക്റ്റിവിറ്റി പദ്ധതിയാണ്. ഇത് മാലിദ്വീപ് സമ്പദ്വ്യവസ്ഥയ്ക്ക് വളരെയധികം ഉത്തേജനമേകും. അത് വേഗത്തില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

കണക്ടിവിറ്റിയുടെ കാര്യത്തിലാണെങ്കില്‍, ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവള പുനര്‍വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് 2023 ജനുവരിയില്‍ നടന്നു. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് സോലിഹിന്റെ സാന്നിധ്യത്തില്‍ ഗാന്‍ രാജ്യാന്തര വിമാനത്താവള പുനര്‍വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഗുല്‍ഹിഫല്‍ഹു തുറമുഖ പദ്ധതി, മാലിദ്വീപ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് കമ്പനി ലിമിറ്റഡിലെ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍, ലാമു അറ്റോളില്‍ ഒരു കാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കല്‍ എന്നിവ വിവിധ ഘട്ടങ്ങളിലുള്ള, ഞങ്ങളുടെ വലിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കായികരംഗത്തെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള 40 മില്യണ്‍ യുഎസ് ഡോളറിന്റെ സവിശേഷ പദ്ധതികള്‍ നന്നായി പുരോഗമിക്കുന്നു എന്നതും എന്നെ സംബന്ധിച്ചു സന്തോഷകരമാണ്.

ഞങ്ങളുടെ വന്‍കിട പദ്ധതികള്‍ പ്രാദേശിക സമൂഹത്തിന് പ്രയോജനം നല്‍കുന്ന തരത്തില്‍ അദ്വിതീയമാണ്. അത്തരം 45 പദ്ധതികളില്‍ നാം ഇതിനകം പങ്കാളികളാണ്- ഇതില്‍ 27 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി. ഇക്കോ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള ഈ രണ്ട് പദ്ധതികള്‍ ഞാന്‍ ഇന്നലെ, ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനൊപ്പം ഉദ്ഘാടനം ചെയ്തു. മറ്റൊന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും.

ഇന്ന്, മാലിദ്വീപിലെ 11 അറ്റോളുകളില്‍ ഏറെ ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള 10 കരാറുകള്‍ കൂടി ഒപ്പുവെക്കുന്നതിന് നിങ്ങള്‍ എല്ലാവരും സാക്ഷ്യം വഹിച്ചു. 2023 ജനുവരിയില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ അവസാന സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഗ്രാന്റ് സഹായത്തിന് കീഴില്‍ എംവിആര്‍ 100 മില്യണിനായി അധിക ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്റ്റുകള്‍ (എച്ച്‌ഐസിഡിപി) ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചു. എച്ച്‌ഐസിഡിപി പ്രകടനം മെച്ചപ്പെടുന്നതും വികസനത്തിനു കൂടുതല്‍ സഹായകമായിത്തീരുന്നതും സന്തോഷകരമാണ്.

മാലിദ്വീപിലെ ജനങ്ങളുടെ അഭിവൃദ്ധിക്ക് ആവശ്യമായ ഘടകങ്ങള്‍ സംബന്ധിച്ചുള്ള ഈ നേട്ടങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, മനുഷ്യവികസനത്തില്‍ നിക്ഷേപത്തിന്റെ പ്രാധാന്യം ആര്‍ക്കും മറക്കാന്‍ കഴിയില്ല. സമീപ വര്‍ഷങ്ങളില്‍, പരിശീലനവും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹകരണവും ഞങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം, 1000-ലധികം മാലദ്വീപ് സുഹൃത്തുക്കള്‍ ഇന്ത്യയിലെ വിവിധ വ്യക്തിഗത പരിശീലന പരിപാടികളില്‍ പങ്കെടുത്ത് പ്രയോജനം നേടി.

ക്ഷയരോഗത്തിനുള്ള മരുന്നു ശേഖരം മാലിദ്വീപിന് അവരുടെ അഭ്യര്‍ത്ഥന പ്രകാരം കൈമാറിയതില്‍ എനിക്ക് സന്തോഷമുണ്ട്.

വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദുമായി ഞാന്‍ ഇന്ന് വളരെ ആകര്‍ഷകവും ഫലപ്രദവുമായ സംഭാഷണങ്ങള്‍ നടത്തി. പങ്കാളിത്തത്തിനു സാധ്യതയുള്ള എല്ലാ വിഷയങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിലും പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ അടുത്ത ഏകോപനത്തിലെ ദ്രുതഗതിയിലുള്ള പുരോഗതിയിലും ഞങ്ങള്‍ സന്തുഷ്ടരാണ്. പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, ഇന്ത്യ-മാലദ്വീപ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്കായി മാത്രമല്ല, യഥാര്‍ത്ഥത്തില്‍ മേഖലയ്ക്കാകെ സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും ഉറവിടമാണ്. ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് നമ്മുടെ ശ്രമം.

എന്റെ സന്ദര്‍ശനം വളരെ ഫലപ്രദമാണെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു. എന്റെ സന്ദര്‍ശന വേളയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വികസന പദ്ധതികള്‍ മാലിദ്വീപിലെ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അതുവഴി മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ബന്ധം തുടര്‍ന്നും വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നന്ദി.

-NS-



(Release ID: 1929744) Visitor Counter : 99


Read this release in: English