പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യൻ സമുദ്ര മേഖലയിൽ നിന്ന് 15,000 കോടി വിലമതിക്കുന്ന ഏകദേശം 2500 കിലോഗ്രാം ശുദ്ധമായ മെതാംഫെറ്റാമൈൻ പിടിച്ചെടുത്തു.
Posted On:
13 MAY 2023 8:41PM by PIB Thiruvananthpuram
• പാകിസ്ഥാൻകാരനെന്നു സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തു.
• എൻസിബിയുടെയും ഇന്ത്യൻ നാവികസേനയുടെയും സംയുക്ത പ്രവർത്തനം.
• ഒരു ഇന്ത്യൻ ഏജൻസി ആദ്യമായാണ് മയക്കുമരുന്ന് കൊണ്ടുപോകുന്ന ഒരു ‘മദർ ഷിപ്പ് ’ പിടിച്ചെടുക്കുന്നത്.
• അഫ്ഗാനിസ്ഥാനിൽ നിന്ന് ഉത്ഭവിക്കുന്ന മയക്കുമരുന്ന് കടൽ കടത്ത് ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായാണ് ഈ പിടിച്ചെടുക്കൽ
•കഴിഞ്ഞ ഒന്നര വർഷമായി തെക്കൻ കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിൽ NCB പിടിച്ചെടുക്കുന്ന മൂന്നാമത്തെ പ്രധാന കേസ് ആണിത്.
• ഇതുവരെ നടത്തിയ ഓപ്പറേഷനിൽ ഏകദേശം 3200 കിലോഗ്രാം മെതാംഫെറ്റാമൈൻ, 500 കിലോഗ്രാം ഹെറോയിൻ, 529 കിലോ ഹാഷിഷ് എന്നിവ പിടിച്ചെടുത്തു.
• NCB പ്രവർത്തനങ്ങൾക്ക് പുറമെ, ശ്രീലങ്ക, മാലിദ്വീപ് എന്നിവയുമായി പങ്കുവെച്ച വിവരങ്ങൾ പിടിച്ചെടുക്കലിന് കാരണമായി.
• മേഖലയിലെ സമുദ്ര സുരക്ഷയിൽ ഇന്ത്യയുടെ നേതൃത്വം.
• രാജ്യത്തെ ഏറ്റവും വലിയ അളവിലെ മെതാംഫെറ്റാമൈൻ പിടിച്ചെടുക്കൽ
കൊച്ചി :മെയ് 13, 2023
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽ പാതയിലൂടെ ഹെറോയിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും കടത്തൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന കാര്യം പരിഗണിച്ച് എൻസിബി ഡയറക്ടർ ജനറൽ , 'ഓപ്പറേഷൻ സമുദ്രഗുപ്ത്' ആരംഭിച്ചു. ശ്രീ സഞ്ജയ് കുമാർ സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽന്റെ (ഓപ്പറേഷൻസ് )നേതൃത്വത്തിൽ, 2022 ജനുവരിയിൽ ആരംഭിച്ച ദൗത്യത്തിൽ എൻസിബി ഹെഡ്ക്വാർട്ടേഴ്‌സിന്റെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഓഫീസർമാരും ഉൾപ്പെടുന്നു. മയക്കുമരുന്ന് കടത്തുന്ന കപ്പലുകൾ തടയുന്നതിന് സഹായിക്കുന്ന കാര്യക്ഷമമായ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഈ ദൗത്യത്തിനായ് , സംഘം മയക്കുമരുന്ന് നിയമ നിർവ്വഹണ ഏജൻസികളായ DRI, ATS ഗുജറാത്ത് മുതലായവയിൽ നിന്നും ഇന്ത്യൻ നാവിക സേനയുടെ ഇൻറലിജൻസ് വിഭാഗം , NTRO തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും വിവരങ്ങൾ കൈമാറുകയും ശേഖരിക്കുകയും ചെയ്തു.ആഭ്യന്തരവും അന്താരാഷ്ട്രവുമായ സ്രോതസ്സുകളും സാങ്കേതിക ഇടപെടലുകളും പ്രയോജനപ്പെടുത്തി .
2022 ഫെബ്രുവരിയിൽ എൻസിബിയുടെയും ഇന്ത്യൻ നാവികസേനയുടെയും സംയുക്ത സംഘം ഗുജറാത്ത് കടൽത്തീരത്ത് നിന്ന് 529 കിലോഗ്രാം ഹാഷിഷും 221 കിലോഗ്രാം മെത്താംഫെറ്റാമൈനും 13 കിലോ ഹെറോയിനും പിടിച്ചെടുത്തതാണ് സമുദ്രഗുപ്ത് എന്ന ദൗത്യത്തിന്റെ പ്രാരംഭ വിജയം.അതിന്റെ സ്രോതസ്സ് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ആയിരുന്നു . 2022 ഒക്ടോബറിൽ എൻസിബിയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 24 മണിക്കൂറും നിരീക്ഷിച്ചതിന്റെ ഫലമായി കേരള തീരത്ത് നിന്ന് ഒരു ഇറാനിയൻ ബോട്ട് തടഞ്ഞു 200 കിലോഗ്രാം ഉയർന്ന ഗ്രേഡ് ഹെറോയിൻ പിടിച്ചെടുത്തു . അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതായിരുന്നു അത്. ആറ് ഇറാനിയൻ മയക്കുമരുന്ന് കടത്തുകാരെ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എൻസിബിയും ഇന്ത്യൻ നാവിക സേനയും ഈ പ്രവർത്തനങ്ങൾ നടത്തിയതിന്പുറമേ, ഓപ്പറേഷൻ സമുദ്രഗുപ്ത് സമയത്ത് ശേഖരിച്ച കാര്യക്ഷമമായ തത്സമയ വിവരങ്ങൾ ശ്രീലങ്കയുമായും മാലിദ്വീപുമായും എൻസിബി പങ്കിട്ടു. ഈ വിവരങ്ങളുടെ ഫലമായി 2022 ഡിസംബർ, 2023 ഏപ്രിൽ മാസങ്ങളിൽ ശ്രീലങ്കൻ നാവികസേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി 19 മയക്കുമരുന്ന് കടത്തുകാരെ പിടികൂടിയതോടൊപ്പം 286 കിലോഗ്രാം ഹെറോയിനും 128 കിലോഗ്രാം മെതാംഫെറ്റാമൈനും പിടികൂടി.കൂടാതെ മാർച്ച്, 2023 ൽ 4 കിലോ ഹെറോയിനോടൊപ്പം 5 മയക്കുമരുന്ന് കടത്തുകാരെ മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യൻ നാവികസേനയുടെ ഇന്റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെതാംഫെറ്റാമൈൻ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്റെ' നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരം സമാഹരിച്ചു (മദർ ഷിപ്പുകൾ വലിയ അളവിൽ നിരോധിത മയക്കുമരുന്ന് വസ്തുക്കളുമായി കടലിൽ പോകുന്ന വലിയ കപ്പലുകളാണ്. ഇവ ചെറു കപ്പലുകൾക്ക് കടലിൽ വച്ച് തന്നെ മയക്കുമരുന്ന് കൈമാറും). ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി, എൻ സി ബി സംഘം സൂക്ഷ്മ നിരീക്ഷണം നടത്തി. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്റെയും വിശകലനത്തിന്റെയും ഫലമായി മദർ ഷിപ്പ് നിരോധിതവസ്തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് തിരിച്ചറിയാൻ കഴിഞ്ഞു.
അതനുസരിച്ച്, ഈ വിശദാംശങ്ങൾ ഇന്ത്യൻ നാവികസേനയുമായി പങ്കിടുകയും ഒരു ഇന്ത്യൻ നാവിക കപ്പൽ സമീപത്ത് വിന്യസിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വലിയ കപ്പൽ നാവികസേന തടഞ്ഞു. കപ്പലിൽ നിന്ന് 134 ചാക്ക് മെതാംഫെറ്റാമൈൻ കണ്ടെടുത്തു. കൂടാതെ പാകിസ്ഥാൻ പൗരനെന്ന് സംശയിക്കുന്ന ഒരാൾ പിടിച്ചെടുത്ത സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നു,ആളെ കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ചാക്കുകൾ, പാകിസ്ഥാൻ പൗരൻ, പിടിച്ചെടുത്ത സ്പീഡ് ബോട്ട്, മദർഷിപ്പിൽ നിന്ന് കണ്ടെടുത്ത മറ്റ് ചില വസ്തുക്കൾ എന്നിവ 13/05/2023 ന് കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർനടപടികൾക്കായി എൻസിബിക്ക് കൈമാറി.
എൻസിബി പിടിച്ചെടുക്കൽ സംബന്ധിച്ച കൂടുതൽ നടപടികൾ ആരംഭിച്ചു. എല്ലാ പാക്കറ്റുകളിലും മെതാംഫെറ്റാമൈൻ അടങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിശകലനം. പിടിച്ചെടുക്കൽ നടപടിക്രമങ്ങൾ ഇപ്പോഴും നടക്കുന്നതിനാൽ, കണ്ടെടുത്ത മെതാംഫെറ്റാമൈനിന്റെ കൃത്യമായ അളവ് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും, കണ്ടെടുത്ത പാക്കറ്റുകളുടെ എണ്ണത്തിൽ നിന്ന്, ഇത് ഏകദേശം 2500 കിലോഗ്രാം ആണെന്ന് കണക്കാക്കുന്നു.
RRTN/SKY
(Release ID: 1923935)