പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഇന്ത്യയുടെ അധ്യക്ഷതയില്‍ കുമരകത്തു നടക്കുന്ന രണ്ടാമതു ജി 20 ഡവലപ്‌മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു

Posted On: 08 APR 2023 8:02PM by PIB Thiruvananthpuram

കുമരകത്തു നടക്കുന്ന ജി 20 ഡെവലപ്മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പ്(ഡിഡബ്ല്യുജി) രണ്ടാമതു യോഗത്തിന്റെ രണ്ടാം ദിവസം ജി20 അംഗങ്ങള്‍, ക്ഷണിതാക്കളായ ഒന്‍പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള എണ്‍പതിലധികം പ്രതിനിധികള്‍ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. നാഗരാജ് കെ. നായിഡു, ശ്രീമതി ഈനം ഗംഭീര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.


ജി 20 അധ്യക്ഷ പദവിയിലിരുന്ന് ഇന്ത്യ ഡിഡബ്ല്യുജിക്കായി കണ്ടെത്തിയ മുന്‍ഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു. ആദ്യ സെഷന്‍ പരിസ്ഥിതിക്കായുള്ള ജീവിതശൈലി(ലൈഫ്)ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു. യുഎന്‍എഫ്‌സിസി, ലോക ബാങ്ക്, രാജ്യാന്തര ഊര്‍ജ ഏജന്‍സി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ സംസാരിച്ചു. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലിയിലൂടെ വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും എങ്ങനെ ബന്ധിപ്പിക്കാം, സമ്പദ്വ്യവസ്ഥയുടെ ഹരിതവല്‍ക്കരണത്തിനുള്ള ധനസഹായം, ആഗോള തലത്തില്‍ ലൈഫ് നടപടികള്‍ സൃഷ്ടിച്ച പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി. വികസനപരവും പാരിസ്ഥിതികവുമായ അജണ്ടകള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇവ രണ്ടും നേടിയെടുക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലി സംബന്ധിച്ച പൊതുധാരണ രൂപീകരിക്കുന്നതിനായും ആശയവിനിമയം നടത്തി. 

തുടര്‍ന്നുള്ള സെഷനുകളില്‍, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും സമകാലിക വെല്ലുവിളികളും തിരിച്ചറിഞ്ഞ് എസ്ഡിജികള്‍ കൈവരിക്കുന്നതിനുള്ള ജി20 പ്രതിബദ്ധത എങ്ങനെ ശക്തിപ്പെടുത്താമെന്നും സഹകരിച്ചും കൂട്ടായ പ്രവര്‍ത്തനം വഴിയും അവയെ എങ്ങനെ അഭിസംബോധന ചെയ്യാമെന്നും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ലോകം അഭിമുഖീകരിക്കുന്ന വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ജി 20ക്കകത്തും പുറത്തും ഏകോപനവും പങ്കാളിത്തവും വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. ജി 20 ഷെര്‍പ്പകള്‍ക്കിടയിലും സാമ്പത്തിക രംഗത്തും ഐക്യരാഷ്ട്ര സംഘടനയിലും രാജ്യാന്തര സംഘടനകളിലും ലോകം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.  

സുസ്ഥിര വികസനം കൈവരിക്കുന്നതിനു ജി20യുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഏകോപനവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഒഇസിഡി, യുഎന്‍ഡിപി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ വിശദീകരിച്ചു. എസ്ഡിജികളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യം സാക്ഷാത്കരിക്കുന്നതില്‍ ധനസഹായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2030 അജണ്ട യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉത്തേജനത്തിന്റെ ,രാഷ്ട്രീയവും വികസനപരവുമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 'എസ്ഡിജി ഉത്തേജനം' എന്ന വിഷയത്തില്‍ യുഎന്‍ഡിപി വിശദീകരണം നല്‍കി. ധനസമ്പാദനത്തിനു വികസ്വര രാജ്യങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ചു ഒഇസിഡി ബോധ്യപ്പെടുത്തി. 
പ്രതിനിധികള്‍ കായലില്‍ സൂര്യാസ്തമയം കണ്ടും കേരളത്തിന്റെ പ്രാദേശിക സംസ്‌കാരം അനുഭവിച്ചറിഞ്ഞും യോഗത്തിന്റെ രണ്ടാം ദിവസം സമാപിച്ചു.

-NS-


(Release ID: 1914954) Visitor Counter : 115


Read this release in: English