സഹകരണ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 15 FEB 2023 3:50PM by PIB Thiruvananthpuram

·      ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) സ്ഥാപിക്കുക, ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും പ്രവർത്തനക്ഷമമായ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കുക, ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗിക മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുക, നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യ സഹകരണ സംഘങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുക.

·      അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം വിവിധോദ്ദേശ്യ പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

·      നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവയുടെ പിന്തുണയോടെ മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ സംയോജിപ്പിച്ച് 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി നടപ്പിലാക്കും.

·      പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണ സംഘങ്ങളെ അവയുടെ വ്യാവസായിക പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനും നവീകരിക്കാനും പ്രാപ്തമാക്കും.

·      കർഷക അംഗങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും വരുമാനം വർധിപ്പിക്കാനും ഗ്രാമതലത്തിൽ വായ്പാ സൗകര്യങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതിനും ആവശ്യമായ സംവിധാനമൊരുക്കും.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.

നിലവിലെ പദ്ധതിപ്രകാരം സംയോജനത്തിനായി ഇനിപ്പറയുന്ന പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്:

a)    മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്:

       i.          ദേശീയ ക്ഷീര വികസന പരിപാടി (എൻപിഡിഡി)

      ii.          ക്ഷീര സംസ്കരണ - അടിസ്ഥാനസൗകര്യ വികസന നിധി (ഡിഐഡിഎഫ്)

 

b)    മത്സ്യബന്ധന വകുപ്പ്:

       i.          പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ)

      ii.          മത്സ്യബന്ധന - ജലക്കൃഷി അടിസ്ഥാനസൗകര്യ വികസന നിധി (എഫ്ഐഡിഎഫ്)

 

ഇത് രാജ്യത്തുടനീളമുള്ള കർഷകരായ അംഗങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഗ്രാമതലത്തിൽ തന്നെ വായ്പാ സൗകര്യങ്ങളും മറ്റ് സേവനങ്ങളും നേടുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും. പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത പ്രാഥമിക സഹകരണ സംഘങ്ങൾ അടച്ചുപൂട്ടുന്നതിനായി കണ്ടെത്തുകയും അവയുടെ പ്രവർത്തന മേഖലയിൽ പുതിയ പ്രാഥമിക സഹകരണ സംഘങ്ങൾ സ്ഥാപിക്കുകയും ചെയ്യും.

കൂടാതെ, പുതിയ പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നത് ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണഫലങ്ങളുണ്ടാക്കും. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില കണ്ടെത്താനും അവരുടെ വിപണിയുടെ വലിപ്പം വർധിപ്പിക്കാനും വിതരണ ശൃംഖലയിലേക്ക് തടസ്സങ്ങളില്ലാതെ എത്തിച്ചേരാനും ഈ പദ്ധതി സഹായിക്കും.

ആഭ്യന്തര - സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ കൃഷി- കർഷക ക്ഷേമ മന്ത്രി, മത്സ്യബന്ധന - മൃഗസംരക്ഷണ - ക്ഷീരവികസന മന്ത്രി, ബന്ധപ്പെട്ട സെക്രട്ടറിമാർ, നബാർഡ്, എൻഡിഡിബി, എൻഎഫ്ഡിബി ചീഫ് എക്സിക്യൂട്ടീവ് എന്നിവർ അംഗങ്ങളായി ഉന്നതതല അന്തർമന്ത്രിതല സമിതി(ഐഎംസി)ക്കു  രൂപം നൽകുകയും, സംയോജനത്തിനായി കണ്ടെത്തിയ പദ്ധതികളുടെ മാർഗനിർദേശങ്ങളിൽ ഉചിതമായ പരിഷ്കാരങ്ങൾ വരുത്താനും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായും അധികാരം നൽകുകയും ചെയ്തു. കർമപദ്ധതിയുടെ കേന്ദ്രീകൃതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കാൻ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികളും രൂപീകരിച്ചിട്ടുണ്ട്.

പിഎസിഎസിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പഞ്ചായത്ത് തലത്തിൽ ഊർജസ്വലമായ സാമ്പത്തിക സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് അവരുടെ വ്യാവസായിക പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനും, എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം മന്ത്രാലയം പിഎസിഎസിന്റെ മാതൃകാ നിയമാവലി തയ്യാറാക്കിയിട്ടുണ്ട്. ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, ഗോഡൗണുകൾ സ്ഥാപിക്കൽ, ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ, വിത്തുകൾ, എൽപിജി/സിഎൻജി/പെട്രോൾ/ഡീസൽ വിതരണം, ഹ്രസ്വകാല-ദീർഘകാല വായ്പ, ആവശ്യാനുസൃതമുള്ള നിയമന കേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ, ന്യായവില ഷോപ്പുകൾ, സാമൂഹ്യ ജലസേചനം, ബിസിനസ് കറസ്‌പോണ്ടന്റ് പ്രവർത്തനങ്ങൾ മുതലായവ ഉൾപ്പെടുന്ന 25ലധികം വ്യാവസായിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പിഎസിഎസിന്റെ ഈ മാതൃകാ നിയമാവലി അവരെ പ്രാപ്തരാക്കും. അതതു സംസ്ഥാന സഹകരണ നിയമങ്ങൾ അനുസരിച്ച് ഉചിതമായ മാറ്റങ്ങൾ വരുത്തിയശേഷം മാതൃകാ നിയമാവലികൾ 2023 ജനുവരി 5ന് എല്ലാ സംസ്ഥാനങ്ങൾക്കും/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തു.

സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളുടെ രജിസ്ട്രാറുടെ പിന്തുണയോടെ പഞ്ചായത്ത്, ഗ്രാമതലങ്ങളിലുള്ള സഹകരണ സംഘങ്ങളുടെ രാജ്യവ്യാപക രേഖപ്പെടുത്തൽ നടത്തുന്ന ദേശീയ സഹകരണ ഡാറ്റാബേസും സഹകരണ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. 2023 ജനുവരിയിൽ പിഎസിഎസിന്റെ സമഗ്ര ഡാറ്റാബേസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ പ്രാഥമിക ക്ഷീര/മത്സ്യബന്ധന സഹകരണ സംഘങ്ങളുടെ ഡാറ്റാബേസ് വികസിപ്പിക്കും. പിഎസിഎസ്, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവയുടെ സേവനമില്ലാത്ത പഞ്ചായത്തുകളുടെയും ഗ്രാമങ്ങളുടെയും പട്ടിക ഇതിലൂടെ ലഭ്യമാകും. പുതിയ സഹകരണ സംഘങ്ങളുടെ രൂപീകരണത്തിന്റെ തത്സമയ നിരീക്ഷണത്തിനായി ദേശീയ സഹകരണ ഡാറ്റാബേസും ഓൺലൈൻ സെൻട്രൽ പോർട്ടലും ഉപയോഗപ്പെടുത്തും.

പി‌എസി‌എസ് / ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ അതത് ജില്ലാ, സംസ്ഥാന തല ഫെഡറേഷനുകളുമായി ബന്ധിപ്പിക്കും. 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തുന്നതിലൂടെ, പാൽ പരിശോധനാ ലബോറട്ടറികൾ, ബൾക്ക് മിൽക്ക് കൂളറുകൾ, പാൽ സംസ്കരണ യൂണിറ്റുകൾ, ബയോഫ്ലോക്ക് കുളങ്ങളുടെ നിർമ്മാണം, മത്സ്യ കിയോസ്കുകൾ, മുട്ടവിരിക്കൽ കേന്ദ്രത്തിന്റെ വികസനം, ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ ഏറ്റെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനും നവീകരിക്കാനും ഈ സംഘങ്ങൾക്കു കഴിയും.

ഏകദേശം 13 കോടി അംഗത്വമുള്ള 98,995 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) രാജ്യത്തെ ഹ്രസ്വകാല സഹകരണ വായ്പ (എസ്‌ടിസിസി) ഘടനയുടെ  ഹ്രസ്വകാല, ഇടത്തരം വായ്പകൾ നൽകുന്ന ഏറ്റവും താഴേത്തട്ടിലെ നിരയാണ്. അംഗങ്ങളായ കർഷകർക്ക് ഇത് വിത്ത്, രാസവളം, കീടനാശിനി വിതരണം തുടങ്ങിയ മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നു. 352 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും (ഡിസിസിബി) 34 സംസ്ഥാന സഹകരണ ബാങ്കുകളും (എസ്‌ടിസിബി) മുഖേന നബാർഡ് ഇവ റീഫിനാൻസ് ചെയ്യുന്നു.

ഏകദേശം 1.5 കോടി അംഗങ്ങളുള്ള 1,99,182 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് പാൽ സംഭരണം, പാൽ പരിശോധനാ സൗകര്യങ്ങൾ, കാലിത്തീറ്റ വിൽപ്പന, അംഗങ്ങൾക്കുള്ള വ‌ിവിധ സേവനങ്ങൾ തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നു.

ഏകദേശം 38 ലക്ഷം അംഗങ്ങളുള്ള 25,297 ഓളം പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന് വിപണന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. മത്സ്യബന്ധന ഉപകരണങ്ങൾ, മത്സ്യ വിത്ത്, തീറ്റ എന്നിവ വാങ്ങാൻ സഹായിക്കുന്നു. കൂടാതെ അംഗങ്ങൾക്ക് പരിമിതമായ തോതിൽ വായ്പാ സൗകര്യങ്ങളും നൽകുന്നു.

എന്നിരുന്നാലും, പിഎസിഎസ് ഇല്ലാത്ത 1.6 ലക്ഷം പഞ്ചായത്തുകളും ക്ഷീര സഹകരണ സംഘങ്ങളില്ലാത്ത 2 ലക്ഷത്തോളം പഞ്ചായത്തുകളും ഇപ്പോഴുമുണ്ട്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിൽ ഈ പ്രാഥമികതല സഹകരണ സംഘങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് കണക്കിലെടുത്ത്, രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും താഴേത്തട്ടിലേക്ക് അതിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും സമഗ്രമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. എല്ലാ പഞ്ചായത്തുകളും/ഗ്രാമങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ ഇത്തരം സംഘങ്ങൾ സ്ഥാപിച്ചുകൊണ്ട് അവയുടെ  ക്രമരഹിതമായ വിതരണത്തെ അഭിസംബോധന ചെയ്യേണ്ടതുമുണ്ട്.

-ND-


(Release ID: 1899510) Visitor Counter : 383