പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തിരുവനന്തപുരത്തു നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ  മുഖ്യ പ്രഭാഷണം

Posted On: 18 JAN 2023 10:26AM by PIB Thiruvananthpuram

ജി20 ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യ യോഗത്തിനെത്തിയ ബഹുമാനപ്പെട്ട സഹപ്രവർത്തകരേ പ്രതിനിധികളേ,

നമസ്കാരം!

തിരുവനന്തപുരത്തു നടക്കുന്ന ജി20യുടെ ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യ യോഗത്തിലേക്കു നിങ്ങളെയേവരെയും ഞാൻ സ്വാഗതംചെയ്യുന്നു. ഒരു കേരളീയൻ എന്ന നിലയിൽ, ശ്രീപത്മനാഭന്റെ നഗരമായ തിരുവനന്തപുരത്തേക്കു നിങ്ങളെയേവരെയും ഞാൻ അഭിമാനത്തോടെ സ്വാഗതംചെയ്യുന്നു. നിങ്ങളുടെ ഇവിടത്തെ താമസം ആസ്വാദ്യകരമാകുമെന്നു ഞാൻ കരുതുന്നു.

അതിമനോഹരമായ ഭൂപ്രകൃതിക്കും, മനോഹരവും വിപുലവുമായ കടലോരങ്ങൾക്കും, സമ്പന്നമായ സാംസ്കാരികപൈതൃകത്തിനും പേരുകേട്ട നാടാണിത്. മനോഹരമായ കായലുകളെയും അപ്പം, പുട്ട്, അവിയൽ, ഏത്തപ്പഴം, ഉപ്പേരി, ഇടിയപ്പം മുതലായ രുചികരമായ നാടൻ വിഭവങ്ങളെയും ഞാൻ പരാമർശിച്ചില്ലെങ്കിൽ അതു വലിയ നഷ്ടമാകും.

നിങ്ങൾ പ്രധാനപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കുകയും അനന്തരഫലത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ തയ്യാറാക്കുകയും ചെയ്യുമ്പോൾ, മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രാദേശിക പാചകരീതികൾ കണക്കിലെടുക്കാനും അതുല്യമായ കരകൗശലവസ്തുക്കൾ വാങ്ങാനും ഞാൻ നിങ്ങളോടേവരോടും അഭ്യർഥിക്കുന്നു.

ആയുർവേദം ഉത്ഭവിക്കുകയും അതിന്റെ ശുദ്ധമായ രൂപത്തിൽ വ്യാപകമായി പ്രയോഗിക്കുകയും ചെയ്ത നാട്ടിലാണു നിങ്ങളിപ്പോൾ. നിങ്ങൾ ആയുർവേദത്തെ അഭിമുഖീകരിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ സന്ദർശനം പൂർണമാകില്ല. അക്ഷരാർഥത്തിൽ, ആയുർവേദത്തെ ജീവിതത്തിന്റെ ശാസ്ത്രം എന്നുതന്നെ പറയാനാകും. ആയുർവേദരീതികളിൽ പച്ചമരുന്നുകളുടെ ഉപയോഗം, മസാജ് തെറാപ്പി, ശരീരത്തിന്റെ പൂർണസന്തുലനാവസ്ഥ നിലനിർത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ഉള്ള ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്നു.

നിങ്ങൾ ഈ നാടു സന്ദർശിച്ചശേഷം, ഇതിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മനസിലാകുമെന്ന് എനിക്കുറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഒരു ചരിത്രവസ്തുത സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നു.

തിരുവിതാംകൂർ രാജ്ഞിയായിരുന്ന റാണി ഗൗരി ലക്ഷ്മിഭായി 1813ൽ തിരുവനന്തപുരത്തു പ്രതിരോധകുത്തിവയ്പു വകുപ്പു സ്ഥാപിച്ചിരുന്നു. വസൂരിക്കെതിരെയായിരുന്നു അത്. പ്രതിരോധകുത്തിവയ്പിനെ ജനങ്ങൾ ഭയപ്പെട്ടപ്പോൾ, തന്റെ പ്രജകൾക്ക് ഉറപ്പേകുന്നതിനായി രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആദ്യം പ്രതിരോധകുത്തിവയ്പു നടത്തി രാജ്ഞി സ്വയം മാതൃകയായി.

അതാണു ഞങ്ങളുടെ പാരമ്പര്യം; അതുകൊണ്ടുതന്നെ ഈ യോഗം ഇവിടെ ചേരുന്നതും ഉചിതമായ നടപടിയാണ്.

ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ ഈ സംസ്ഥാനത്തുണ്ടായിരുന്നു. ഇവരെല്ലാം വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഊന്നൽ നൽകിയിരുന്നു.

ആധുനിക കേരള മാതൃക ആരോഗ്യസംവിധാനം രൂപപ്പെട്ടതും ഈ കരുത്തുറ്റ സാഹചര്യങ്ങളിൽനിന്നാണ്.

സുഹൃത്തുക്കളേ,

മൂവായിരംവർഷംമുമ്പ്, ഇന്ത്യയിലെ മഹാകവി കണിയൻ പൂങ്കുന്ദ്രനാർ തമിഴിൽ എഴുതിയത് ഇങ്ങനെയാണ് “യാദും ഊരേ യാവരും കേളിർ..” 

അതിനർഥം ‘നാം എല്ലാ സ്ഥലങ്ങളുടെയും ഭാഗമാണ്, എല്ലാവരുടെയും ഭാഗമാണ്’. പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദിയും ‘അതിരുകൾ മറികടന്നുള്ള, ഏവരെയും ഒന്നായി കാണുന്ന, ഈ അവബോധം ഇന്ത്യയുടെ പ്രത്യേകതയാണെ’ന്നു പറഞ്ഞിരുന്നു.

ഞങ്ങളുടെ ജി20 പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്; ‘വസുധൈവ കുടുംബകം’. ആരോഗ്യപൂർണമായ നാളേക്കുവേണ്ടി പ്രവർത്തിക്കുന്നതിനു ലോകത്തെ ഒരു കുടുംബമായി കാണണമെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥയും നേരിടാൻ നാം തയ്യാറാകേണ്ടതു മനുഷ്യരാശിയുടെ നല്ലതിനുവേണ്ടിയാണ്.

ഏറ്റവും ഒടുവിലായി, നടക്കാനിരിക്കുന്ന ചർച്ചകളിൽ എല്ലാ പ്രതിനിധികൾക്കും ഞാൻ ആശംസകൾ നേരുന്നു.

നന്ദി!

***

NS


(Release ID: 1891893) Visitor Counter : 90


Read this release in: English