മന്ത്രിസഭ

2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കായുള്ള ദേശീയതല സഹകരണ ജൈവോൽപ്പന്ന സംഘത്തിനു രൂപംനൽകുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


2002-ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്യണം



പിഎസിഎസ് മുതൽ അപെക്സ് വരെ: പ്രാഥമികസംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപ്പാദക സംഘടനകൾ (എഫ്‌പിഒ) എന്നിവയുൾപ്പെടെ പ്രാഥമികതലംമുതൽ ദേശീയതലംവരെയുള്ള സഹകരണസംഘങ്ങൾക്ക് ഇതിൽ അംഗമാകാം. ഈ സഹകരണസംഘങ്ങൾക്കെല്ലാം, നിയമാവലിയനുസരിച്ച്, സൊസൈറ്റിയുടെ ബോർഡിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടായിരിക്കും


ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ പിന്തുണയോടെ, ജൈവഉൽപ്പാദനങ്ങളുടെ സംയോജനം, സംഭരണം, അംഗീകാരം, പരിശോധന, ബ്രാൻഡിങ്, വിപണനം എന്നിവ ഇതിന്റെ കുടക്കീഴിലാക്കും


സഹകരണസംഘങ്ങളുടെ സമഗ്ര വളർച്ചാമാതൃകയിലൂടെ “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും



Posted On: 11 JAN 2023 3:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, 2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം, ജൈവ ഉൽപ്പന്നങ്ങൾക്കായി ദേശീയതല സഹകരണസംഘത്തിനു രൂപംനൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരമേകി. നയങ്ങൾ, പദ്ധതികൾ, ഏജൻസികൾ എന്നിവയിലൂടെ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം, കൃഷി-കാർഷികക്ഷേമ മന്ത്രാലയം, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വടക്കുകിഴക്കൻ മേഖലാവികസന മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാകും സംഘത്തിനു രൂപംകൊടുക്കുന്നത്.
 

 “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, സഹകരണസംഘങ്ങളുടെ കരുത്തു പ്രയോജനപ്പെടുത്താനും അവയെ വിജയകരവും ഊർജസ്വലവുമായ സംരംഭങ്ങളാക്കി മാറ്റാനും എല്ലാ ശ്രമങ്ങളും നടത്തണമെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. അതിനാൽ, സഹകരണ സ്ഥാപനങ്ങൾ അവർക്കുണ്ടാകുന്ന നേട്ടം പ്രയോജനപ്പെടുത്തുന്നതിന് ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
 

അതുകൊണ്ടുതന്നെ, ജൈവ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി പ്രവർത്തിച്ച്, സഹകരണമേഖലയിൽനിന്നുള്ള ജൈവ ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകുന്നതിന് 2002ലെ എംഎസ്‌സിഎസ് നിയമത്തിന്റെ രണ്ടാം ഷെഡ്യൂൾ പ്രകാരം ദേശീയതല സഹകരണ സംഘം രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ്.


പിഎസിഎസ് മുതൽ അപെക്സ് വരെ: പ്രാഥമികസംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപ്പാദക സംഘടനകൾ (എഫ്‌പിഒ) എന്നിവയുൾപ്പെടെ പ്രാഥമികതലംമുതൽ ദേശീയതലംവരെയുള്ള സഹകരണസംഘങ്ങൾക്ക് ഇതിൽ അംഗമാകാം. ഈ സഹകരണസംഘങ്ങൾക്കെല്ലാം, നിയമാവലിയനുസരിച്ച്, സൊസൈറ്റിയുടെ ബോർഡിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടായിരിക്കും. 

അംഗീകാരമുള്ളതും ആധികാരികവുമായ ജൈവോൽപ്പന്നങ്ങൾ നൽകി സഹകരണസംഘം ജൈവമേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ആഭ്യന്തരവിപണിയിലും ആഗോളവിപണിയിലും ജൈവ ഉൽപ്പന്നങ്ങളുടെ ആവശ്യകതയും ഉപഭോഗസാധ്യതയും തുറന്നുകാട്ടാൻ ഇതു സഹായിക്കും. മിതമായ നിരക്കിൽ പരിശോധനയും അംഗീകാരവും സുഗമമാക്കി, വൻതോതിലുള്ള സംയോജനത്തിലൂടെയും ബ്രാൻഡിങ്ങിലൂടെയും വിപണനത്തിലൂടെയും ജൈവ ഉൽപ്പന്നങ്ങളുടെ ഉയർന്ന വിലയുടെ പ്രയോജനം നേടുന്നതിന് സഹകരണസംഘങ്ങളെയും, ആത്യന്തികമായി അവരുടെ കർഷക അംഗങ്ങളെയും, ഈ സൊസൈറ്റി സഹായിക്കും.


സംയോജനം, അംഗീകാരം, പരിശോധന, സമാഹരണം, സംഭരണം, സംസ്കരണം, ബ്രാൻഡിങ്, ലേബലിങ്, പാക്കേജിങ്, ലോജിസ്റ്റിക് സൗകര്യങ്ങൾ, ജൈവ ഉൽപ്പന്നങ്ങളുടെ വിപണനം, ജൈവ കർഷകർക്കു പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ/കർഷക ഉൽപ്പാദന സംഘടനകൾ (എഫ്‌പിഒ) ഉൾപ്പെടെയുള്ള അംഗത്വ സഹകരണസംഘങ്ങൾ വഴിയുള്ള സാമ്പത്തികസഹായം ലഭ്യമാക്കൽ എന്നിവയ്ക്കു സഹകരണസംഘം വ്യവസ്ഥാപിത പിന്തുണ നൽകും. ഗവൺമെന്റിന്റെ വിവിധ പദ്ധതികളുടെയും ഏജൻസികളുടെയും സഹായത്തോടെ ജൈവ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കും. പരിശോധനയുടെയും അംഗീകാര നടപടികളുടെയും ചെലവു കുറയ്ക്കുന്നതിന്, സൊസൈറ്റി വ്യക്തമാക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ജൈവോൽപ്പന്ന പരിശോധനാ ലാബുകളേയും അംഗീകൃതസ്ഥാപനങ്ങളെയും ഇത് എംപാനൽ ചെയ്യും.

സഹകരണസംഘങ്ങളും അനുബന്ധസ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന ജൈവ ഉൽപ്പന്നങ്ങളുടെ വിതരണശൃംഖലയാകെ, അംഗങ്ങളായ സഹകരണസംഘങ്ങളിലൂടെ സൊസൈറ്റി നിയന്ത്രിക്കും. കയറ്റുമതി വിപണനത്തിനായി, 2002ലെ എംഎസ്‌സിഎസ് ന‌ിയമപ്രകാരം രൂപംകൊടുക്കുന്ന ദേശീയ സഹകരണ കയറ്റുമതി സൊസൈറ്റിയുടെ സേവനം ഉപയോഗപ്പെടുത്തുകയും അതുവഴി ആഗോള വിപണിയിൽ ജൈവ ഉൽപ്പന്നങ്ങളുടെ വ്യാപനവും ആവശ്യവും വർധിപ്പിക്കുകയും ചെയ്യും. ജൈവ ഉൽപ്പാദകർക്ക് സാങ്കേതിക മാർഗനിർദേശം, പരിശീലനം, ശേഷി വർധിപ്പിക്കൽ, ജൈവ ഉൽപ്പന്നങ്ങൾക്കായി സമർപ്പിതവിപണി തിരിച്ചറിയൽ സംവിധാനം വികസിപ്പിക്കലും പരിപാലനവും എന്നിവയ്ക്ക് ഇതു സഹായകമാകും. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, പതിവു കൃഷിരീതിയും ജൈവക്കൃഷിയും തമ്മിലുള്ള സന്തുലിത സമീപനം നിലനിർത്തുകയുംചെയ്യും.

 

-ND-



(Release ID: 1890405) Visitor Counter : 135