പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

2023 ഡിസംബറോടെ കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ

Posted On: 03 JAN 2023 3:52PM by PIB Thiruvananthpuram



പദ്ധതിക്കായി 169 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നതെന്ന്  കേന്ദ്രമന്ത്രി

കൊച്ചി: ജനുവരി 03, 2023

2023 ഡിസംബറോടെ കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റിനു മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ എപ്പോഴും ശ്രദ്ധയുണ്ടെന്ന് കൊച്ചിൻ ഫിഷിംഗ് ഹാർബർ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി ഫിഷിംഗ് ഹാർബർ മാത്രമല്ല, ചെന്നൈ, വിശാഖപട്ടണം, പരദീപ് ഹാർബറുകളും  നവീകരിക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതായും, ഇത് പ്രകാരം ഷിപ്പിംഗ്, തുറമുഖ മന്ത്രാലയവും ഫിഷറീസ് മന്ത്രാലയവും സംയുക്തമായി ധനസഹായം നൽകുന്ന ഈ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ഡോ. മുരുകൻ പറഞ്ഞു. കൊച്ചിൻ പോർട്ട് ട്രസ്റ്റും പദ്ധതി നടത്തിപ്പിൽ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ആധുനികവൽക്കരണത്തിലൂടെ, നിലവിലെ അവസ്ഥയിൽ നിന്ന് പൂർണ്ണമായ മാറ്റമാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടവേ,  അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുക, ലാൻഡിംഗ് സെന്ററുകളുടെ വികസനം , ശുചിത്വത്തിന്റെ കാര്യത്തിൽ ഉയർന്ന നിലവാരം ഉറപ്പാക്കി മത്സ്യബന്ധന തുറമുഖങ്ങൾ, മത്സ്യ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറേജുകൾ, ഐസ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടെയുള്ള വിളവെടുപ്പിനു ശേഷമുള്ള സൗകര്യങ്ങളുടെ നവീകരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവയ്‌ക്കെല്ലാം പുറമെ ഇവിടെ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഹാർബറുകളിൽ ഡോർമിറ്ററി, റസ്‌റ്റോറന്റ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി മത്സ്യസമ്പദ പദ്ധതിക്ക് കീഴിൽ മത്സ്യമേഖലയ്ക്ക് 20,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയതിൽ നിന്ന് മത്സ്യബന്ധന മേഖലയോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കയറ്റുമതിയിലും വളർച്ചയിലും കൊറോണ ലോകത്തെയാകെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മത്സ്യമേഖലയുടെ കയറ്റുമതി 32 ശതമാനമായി വർധിച്ചതായും അക്വാകൾച്ചർ കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് എന്നും ശ്രീ മുരുകൻ പറഞ്ഞു.

ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ എം ബീന ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികൃതരുമായി പോർട്ട് ട്രസ്റ്റ് ഓഫീസിൽ ഡോ. എൽ. മുരുകൻ നേരത്തെ അവലോകന യോഗവും നടത്തി.



RRTN/SKY

 
***
 

(Release ID: 1888321)
Read this release in: English