ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ദേശീയ തലത്തിൽ തയ്യാറാക്കിയ അവശ്യ മരുന്നുകളുടെ പട്ടിക (NLEM-2022) ഡോ മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി
Posted On:
13 SEP 2022 3:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 13, 2022
എല്ലാവർക്കും കുറഞ്ഞ ചെലവിൽ മരുന്നുകളെത്തിക്കുകയെന്ന ('എല്ലാവർക്കും മരുന്നുകൾ, കുറഞ്ഞ ചെലവിൽ മരുന്നുകൾ') പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ദേശീയ തലത്തിൽ തയ്യാറാക്കിയ അവശ്യ മരുന്നുകളുടെ പട്ടിക (NLEM-2022) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് പുറത്തിറക്കി. ആരോഗ്യപരിരക്ഷയുടെ സമസ്ത തലങ്ങളിലും കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത NLEM ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
34 മരുന്നുകൾ കൂടി പുതുതായി ഉൾപ്പെടുത്തിയതോടെ പട്ടികയിലുൾപ്പെട്ട ആകെ മരുന്നുകൾ 384 ആയി. മുൻ പട്ടികയിൽ നിന്ന് 26 എണ്ണം ഒഴിവാക്കി. 27 ചികിത്സാ വിഭാഗങ്ങളിലാക്കി മരുന്നുകളെ തിരിച്ചിരിക്കുന്നു.
വില, സുരക്ഷ, ഫലപ്രാപ്തി എന്നീ മൂന്ന് പ്രധാന വശങ്ങൾ പരിഗണിച്ച് മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് NLEM-ന്റെ പ്രാഥമിക ലക്ഷ്യം.
NLEM ഒരു ചലനാത്മക രേഖയാണെന്നും പൊതുജനാരോഗ്യ മുൻഗണനകളും ഔഷധ പരിജ്ഞാനത്തിലെ പുരോഗതിയും കണക്കിലെടുത്ത് പതിവായി പരിഷ്‌ക്കരിക്കാറുണ്ടെന്നും ഡോ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
2018-ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വതന്ത്രമായ സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിൻസ് (SNCM) രൂപീകരിച്ചു. വിദഗ്ധരുമായും ബന്ധപ്പെട്ട മാറ്റ് കക്ഷികളുമായും വിശദമായ കൂടിയാലോചനയ്ക്ക് ശേഷം NLEM-2015 പരിഷ്കരിച്ച് NLEM-2022-ന്റെ റിപ്പോർട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമർപ്പിച്ചു.
കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാറും ചടങ്ങിൽ പങ്കെടുത്തു.
ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് NLEM-ൽ ഉൾപ്പെടുത്തുന്നത് :
1. പൊതുജനാരോഗ്യ പ്രശ്‌നമായി വിലയിരുത്തപ്പെടുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ
2. DCGI ലൈസൻസുള്ളതും/അംഗീകൃതമായവയും
3. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട ഫലപ്രാപ്തിയും സുരക്ഷിതത്വവും
4. താരതമ്യേന കുറഞ്ഞ ചെലവ്
5. നിലവിലെ ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളുമായി യോജിച്ചവ
6. ദേശീയ ആരോഗ്യ പദ്ധതികൾക്ക് കീഴിൽ ശുപാർശ ചെയ്യുന്നവ
7. ഒരേ ചികിത്സാ വിഭാഗത്തിൽ നിന്ന് ഒന്നിലധികം മരുന്നുകൾ ലഭ്യമാകുമ്പോൾ, ആ വിഭാഗത്തിൽ വൈദ്യശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ മരുന്ന് അഥവാ പ്രോട്ടോടൈപ്പ് ഉൾപ്പെടുത്തുന്നു.
8. മൊത്തം ചികിത്സയുടെ ചെലവാണ് പരിഗണിക്കുന്നത്, മരുന്നിന്റെ യൂണിറ്റ് വിലയല്ല
9. നിശ്ചിത ഡോസ് സംയുക്തങ്ങൾ (fixed dose combinations) സാധാരണയായി ഉൾപ്പെടുത്താറില്ല
10. സാർവ്വത്രിക പ്രതിരോധ കുത്തിവയ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള വാക്സിനുകൾ
NLEM 2022 പൂർണ്ണരൂപത്തിൽ ഇവിടെ ലഭ്യമാണ്:
****
(Release ID: 1858960)
Visitor Counter : 322