പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഇന്ത്യൻ ദേശീയ പതാകയെ സംബന്ധിക്കുന്ന പതിവ് ചോദ്യങ്ങൾ (FAQs)

പോസ്റ്റഡ് ഓണ്‍: 02 AUG 2022 5:49PM by PIB Thiruvananthpuram

 

QI. ദേശീയ പതാകയുടെ ഉപയോഗം, പ്രദർശനം, ഉയർത്തൽ എന്നിവ സംബന്ധിച്ച വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടോ?
 
ഉണ്ട്. ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ, 2002; പ്രിവെൻഷൻ ഓഫ് ഇൻസൽട്സ് ടു നാഷണൽ ഓണർ നിയമം 1971 എന്നിവയാണ് അവ.
 
Q2. എന്താണ് ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ?
 
ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള നിയമങ്ങൾ, പരമ്പരാഗത സമ്പ്രദായങ്ങൾ, പതിവ് രീതികൾ, നിർദ്ദേശങ്ങൾ എന്നിവയുടെ ഏകീകൃത രൂപമാണ് ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ. സ്വകാര്യ, പൊതു, ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നത്തിനുള്ള നിർദ്ദേശങ്ങൾ ഇതിലുൾക്കൊള്ളുന്നു. 2002 ജനുവരി 26-ന് ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ പ്രാബല്യത്തിൽ വന്നു.
 
Q3. ദേശീയ പതാക നിർമ്മിക്കാൻ ഏതൊക്കെ തുണിത്തരങ്ങൾ ഉപയോഗിക്കാം?
 
ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ചട്ടങ്ങൾ 2021 ഡിസംബർ 30-ലെ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തു. പോളിസ്റ്റർ കൊണ്ടുള്ളതോ യന്ത്രത്തിൽ നിർമ്മിച്ചതോ ആയ പതാക ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇപ്പോൾ, ദേശീയ പതാക കൈകൊണ്ട് നൂൽക്കുകയും കൈകൊണ്ട് നെയ്തെടുക്കുകയും ചെയ്തതോ
അല്ലെങ്കിൽ യന്ത്ര നിർമിതമോ, പരുത്തി/പോളിസ്റ്റർ/കമ്പിളി/പട്ടു ഖാദി നിർമിതമോ ആകാം.
 
Q4. ദേശീയ പതാകയ്ക്ക് അനുയോജ്യമായ വലുപ്പവും അതിന്റെ അനുപാതവും എന്ത്?

ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ഖണ്ഡിക 1.3, 1.4 പ്രകാരം, ദേശീയ പതാക ദീർഘ ചതുര ആകൃതിയിൽ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം. എന്നാൽ നീളത്തിന് ഉയരത്തോടുള്ള (വീതി) അനുപാതം 3:2 ആയിരിക്കണം.
 
Q5. ദേശീയ പതാക ആർക്ക് പ്രദർശിപ്പിക്കാം?
 
ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ഖണ്ഡിക 2.2 പ്രകാരം, ഒരു പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസങ്ങളിലും അവസരങ്ങളിലും, ആചാരപരമായോ അല്ലാതെയോ ദേശീയ പതാകയുടെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച നിലയിൽ ദേശീയ പതാക ഉയർത്തുകയോ/പ്രദർശിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
 
Q6. തുറസ്സായ സ്ഥലത്ത് / വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള സമയക്രമം?
 
2022 ജൂലൈ 20-ലെ ഉത്തരവ് പ്രകാരം 2002-ലെ ഫ്ലാഗ് കോഡിൽ ഭേദഗതി വരുത്തുകയും, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ഭാഗം-II-ലെ ഖണ്ഡിക 2.2 ൽ ഉൾപ്പെടുന്ന ഉപവകുപ്പ് (xi) ഇനിപ്പറയുന്ന വിധം മാറ്റിയിരിക്കുന്നു:

(xi) "പൊതുസ്ഥലത്തോ പൊതുജനങ്ങളിൽ ഉൾപ്പെടുന്ന ഒരു വ്യക്തിയുടെ വീട്ടിലോ ഉയർത്തുന്ന ദേശീയ പതാക പകലും രാത്രിയും തുടർച്ചയായി പ്രദർശിപ്പിക്കാവുന്നതാണ്"
 
Q7. സ്വന്തം വീട്ടിൽ ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
 
ദേശീയ പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദർശിപ്പിക്കണം. കേടുപാടുകൾ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല.
 
 
Q8. "ദേശീയ പതാക" തെറ്റായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
 
•           ദേശീയ പതാക വിപരീത രീതിയിൽ പ്രദർശിപ്പിക്കരുത്; അതായത്, കുങ്കുമ നിറം താഴെയാകാൻ പാടില്ല
 
•         കേടുപാടുകൾ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല.
 
•         ഏതെങ്കിലും വ്യക്തിക്കോ വസ്തുവിനോ ഉള്ള ആദരമെന്ന നിലയിൽ ദേശീയ പതാക താഴ്ക്കാൻ പാടില്ല
 
•         മറ്റ് പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകക്ക് മുകളിലോ അരികിലോ ഉയർത്തരുത്; ദേശിയ പതാക ഉയർത്തിയിരിക്കുന്ന കൊടിമരത്തിനോ അതിന് മുകളിലോ പൂക്കൾ അല്ലെങ്കിൽ ഹാരങ്ങൾ അല്ലെങ്കിൽ ചിഹ്നം ഉൾപ്പടെയുള്ള ഒരു വസ്തുവും വയ്ക്കുവാൻ പാടില്ല.
 
•         ദേശീയ പതാക തോരണം, വർണ്ണ റിബൺ, ബൺട്ടിങ് എന്നീ രൂപങ്ങളിലോ അല്ലാതെയോ അലങ്കാരത്തിനായി ഉപയോഗിക്കരുത്.

•         ദേശീയ പതാക നിലത്തോ തറയിലോ വെള്ളത്തിലോ തൊടാതെ വേണം കൈകാര്യം ചെയ്യാൻ

•         ദേശീയ പതാക കേടുവരുത്തുന്ന തരത്തിൽ പ്രദർശിപ്പിക്കുകയോ ബന്ധിക്കുകയോ ചെയ്യരുത്

•         ഒരു കൊടിമരത്തിൽ നിന്ന് ഒരേസമയം ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ പതാകകളോ ഉയർത്താൻ പാടില്ല.

•           ദേശീയ പതാക ഉപയോഗിച്ച് പ്രഭാഷണ മേശ മറയ്ക്കാനോ പ്രഭാഷണ പ്ലാറ്റ് ഫോം പൊതിയാനോ പാടില്ല.

•         ദേശീയ പതാക ഏതെങ്കിലും വ്യക്തി അരയ്ക്ക് താഴെ ധരിക്കുന്ന വസ്ത്രത്തിനോ യൂണിഫോമിന്റെയോ അനുബന്ധമായോ ഉപയോഗിക്കരുത്. അത് തലയണകൾ, തൂവാലകൾ, തൂവാല, അടിവസ്ത്രങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും വസ്ത്രധാരണ സാമഗ്രികൾ എന്നിവയിൽ ചിത്രത്തയ്യല് ചെയ്യുകയോ മുദ്രണം ചെയ്യുകയോ അരുത്.
   
Q9. ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്നത് തടയാൻ നിയമങ്ങളുണ്ടോ?
 
ഉണ്ട്. 1971-ലെ ത് പ്രിവെൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ നിയമത്തിന്റെ വകുപ്പ് 2, സ്പഷ്ടീകരണം 4 ന് അനുസൃതമായി, ഇനിപ്പറയുന്നവ വ്യക്തമാക്കിയിരിക്കുന്നു:
 
•         ദേശീയ പതാക സ്വകാര്യ ശവസംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ഒന്നിലും ഒരു രീതിയിലും തുണിത്തരമായി ഉപയോഗിക്കരുത്.
 
•         ദേശീയ പതാക ഏതെങ്കിലും വ്യക്തി അരയ്ക്ക് താഴെ ധരിക്കുന്ന വസ്ത്രത്തിനോ യൂണിഫോമിന്റെയോ അനുബന്ധമായോ ഉപയോഗിക്കരുത്. അത് തലയണകൾ, തൂവാലകൾ, തൂവാല, അടിവസ്ത്രങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും വസ്ത്രധാരണ സാമഗ്രികൾ എന്നിവയിൽ ചിത്രത്തയ്യല് ചെയ്യുകയോ മുദ്രണം ചെയ്യുകയോ അരുത്.

•         ദേശീയ പതാകയിൽ അക്ഷരങ്ങൾ പാടില്ല.

•         ദേശീയപതാക വസ്തുക്കൾ പൊതിയുന്നതിനോ സ്വീകരിക്കുന്നതിനോ കൈമാറുന്നതിനോ ഉപയോഗിക്കരുത്

•         വാഹനങ്ങളുടെ വശങ്ങളും പിൻഭാഗവും മുകൾഭാഗവും മറയ്ക്കാൻ ദേശീയ പതാക ഉപയോഗിക്കരുത്.
 
Q10. തുറസ്സായ സ്ഥലങ്ങളിൽ / പൊതു കെട്ടിടങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
 

ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ വകുപ്പ് III ഭാഗം III  പ്രകാരം, പൊതു കെട്ടിടങ്ങളിൽ ദേശീയ പതാക പാറിക്കുകകയാണെങ്കിൽ, കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കാതെ എല്ലാ ദിവസങ്ങളിലും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പറത്തേണ്ടതാണ്. പതാക വേഗത്തിൽ ഉയർത്തുകയും സാവധാനം താഴ്ത്തുകയും വേണം.
 
•         ദേശീയ പതാക പരന്നതും തിരശ്ചീനവുമായ ഭിത്തിയിൽ പ്രദർശിപ്പിക്കുമ്പോൾ, കുങ്കുമ നിറം ഏറ്റവും മുകളിലായിരിക്കണം. ലംബമായി പ്രദർശിപ്പിക്കുമ്പോൾ, കുങ്കുമ നിറം വലതുവശത്തായിരിക്കണം. അതായത് അതിനെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയുടെ ഇടതുവശത്തായിരിക്കണം.
 
•         ഒരു ജനൽലിൽ നിന്നോ ബാൽക്കണിയിൽ നിന്നോ കെട്ടിടത്തിന്റെ മുൻവശത്ത് നിന്നോ തിരശ്ചീനമായോ ഒരു പ്രത്യേക കോണിലോ ഉള്ള കൊടിമരത്തിൽ നിന്ന് ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ, കുങ്കുമ നിറം കൊടിമരത്തിൽ നിന്ന് ഏറ്റവും വിദൂരമായിരിക്കണം.
 
Q11. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാമൊ?
 
ഇന്ത്യാ ഗവൺമെന്റ് നിർദേശിക്കുന്ന അവസരങ്ങളിലല്ലാതെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ പാടില്ല. പകുതി താഴ്ത്തുമ്പോൾ, ദേശീയ പതാക ആദ്യം സ്റ്റാഫിന്റെ കൊടുമുടിയിലേക്ക് / മുകളിലേക്ക് ഉയർത്തണം. തുടർന്ന് പകുതി താഴ്ത്തിയ നിലയിലേക്ക് താഴ്ത്തണം. ഒരു ദിവസത്തിന്റെ അവസാനം, ദേശീയ പതാക താഴ്ത്തുന്നതിന് മുമ്പ്, അത് അതിന്റെ ഉച്ചസ്ഥായിയിലേക്ക് വീണ്ടും ഉയർത്തണം.
 
Q12. സ്വന്തം കാറിൽ ദേശീയ പതാക പ്രദർശിപ്പിക്കാമോ?
 
2002 ലെ ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ ഖണ്ഡിക 3.44 പ്രകാരം,  ഇനിപ്പറയുന്ന വ്യക്തികൾക്ക് മാത്രമായി കാറുകളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേകാവകാശം പരിമിതപ്പെടുത്തിയിരിക്കുന്നു:

- രാഷ്ട്രപതി

- ഉപരാഷ്ട്രപതി

- ഗവർണർമാരും ലഫ്റ്റനന്റ് ഗവർണർമാരും

- ഇന്ത്യൻ ദൗത്യങ്ങളുടെ/തസ്തികകളുടെ തലവന്മാർ

- പ്രധാന മന്ത്രി

- കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, ഉപമന്ത്രിമാർ

-  ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തിന്റെയോ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും

- ലോക്സഭാ സ്പീക്കർ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ, സംസ്ഥാന നിയമനിർമ്മാണ കൗൺസിലുകളുടെ ചെയർമാൻമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ സ്പീക്കർമാർ, സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ കൗൺസിലുകളുടെ ഡെപ്യൂട്ടി ചെയർമാൻമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ ഡെപ്യൂട്ടി സ്പീക്കർമാർ  

- ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്

- സുപ്രീം കോടതി ജഡ്ജിമാർ

- ഹൈക്കോടതി ചീഫ് ജസ്റ്റിസ്

- ഹൈക്കോടതി ജഡ്ജിമാർ
 
Q13. മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പം ഇന്ത്യൻ ദേശീയ പതാക എങ്ങനെ പ്രദർശിപ്പിക്കണം?
 
 • ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ഖണ്ഡിക 3.32 അനുസരിച്ച്, ദേശീയ പതാക മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പം നേർരേഖയിൽ പ്രദർശിപ്പിക്കുമ്പോൾ, ദേശീയ പതാക വലത്തെ അറ്റത്ത് ആയിരിക്കണം. രാഷ്ട്രങ്ങളുടെ പേരുകളുടെ ഇംഗ്ലീഷ് പതിപ്പ് അനുസരിച്ച് മറ്റ് രാജ്യങ്ങളുടെ പതാകകൾ അക്ഷരമാലാക്രമത്തിൽ പിന്തുടരും.

• അടഞ്ഞ വൃത്താകൃതിയിലാണ് പതാകകൾ ഉയർത്തുന്നതെങ്കിൽ, ഇന്ത്യൻ ദേശീയ പതാക ആദ്യം പറത്തുകയും പിന്നീട് ഘടികാരദിശയിൽ മറ്റ് ദേശീയ പതാകകൾ പിന്തുടരുകയും ചെയ്യും.

. ക്രോസ് ആയി ഭിത്തിയോട് ചേർന്ന് പ്രദർശിപ്പിക്കുമ്പോൾ, ദേശീയ പതാക വലതുവശത്തും, സ്തംഭം മറ്റ് പതാകകളുടെ സ്തംഭത്തിന് മുന്നിലും ആയിരിക്കണം.

• മറ്റ് രാജ്യങ്ങളുടെ പതാകകൾക്കൊപ്പം ദേശീയ പതാക പാറുമ്പോൾ, കൊടിമരങ്ങൾ തുല്യ വലിപ്പമുള്ളതായിരിക്കണം.
 
Q14. ദേശീയ പതാക എങ്ങനെ സംസ്കരിക്കണം?
 
• ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യയുടെ ഖണ്ഡിക 2.2 അനുസരിച്ച്, ദേശീയ പതാകയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ, ദേശീയ പതാകയുടെ അന്തസ്സ് പരിഗണിച്ച് കത്തിച്ചോ മറ്റേതെങ്കിലും രീതിയിലോ ഗോപ്യമായി അത് പൂർണ്ണമായും സംസ്കരിക്കണം.

• ദേശീയ പതാക, കടലാസിൽ നിർമ്മിച്ചതാണെങ്കിൽ, ഈ പതാകകൾ നിലത്ത് ഉപേക്ഷിക്കരുത്. ദേശീയ പതാകയുടെ മഹത്വം മനസ്സിൽ വച്ചുകൊണ്ട് ഇവ ഗോപ്യമായി ഉപേക്ഷിക്കണം.
  
ഉറവിടം:

https://www.mha.gov.in/sites/default/files/flagcodeofindia_070214.pdf

https://www.mha.gov.in/sites/default/files/Prevention_Insults_National_Honour_Act1971_1.pdf

( റിലീസ് ഐ.ഡി: 1847499) സന്ദര്‍ശക കൗണ്ടര്‍ : 91
ഈ റിലീസ് വായിക്കുക: English