വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ബിഎസ്എന്‍എലിനായി 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനു മന്ത്രിസഭയുടെ അംഗീകാരം
Posted On:
27 JUL 2022 5:18PM by PIB Thiruvananthpuram
തന്ത്രപ്രധാനമായ മേഖലയാണു ടെലികോം. ടെലികോം വിപണിയില്‍ കമ്പോള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സാന്നിധ്യമാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിലും ദുരന്തനിവാരണത്തിലും ബിഎസ്എന്‍എല്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്.
ബിഎസ്എന്‍എലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ബിഎസ്എന്‍എല്‍ സേവനങ്ങള്‍ നവീകരിക്കുന്നതിനും സ്‌പെക്ട്രം അനുവദിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും പുതിയ മൂലധനം നല്‍കുന്നതിനും പുനരുജ്ജീവന നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ (ബിബിഎന്‍എല്‍) ബിഎസ്എന്‍എലില്‍ ലയിപ്പിച്ച് ഫൈബര്‍ ശൃംഖല വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
എ. ബിഎസ്എന്‍എല്‍ സേവനങ്ങളുടെ നവീകരണം
1. സ്‌പെക്ട്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അലോട്ട്‌മെന്റ്: നിലവിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 4ജി സേവനങ്ങള്‍ നല്‍കുന്നതിനും, ബിഎസ്എന്‍എലിന് ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വഴി 44,993 കോടി രൂപ ചെലവില്‍ 900/1800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ സ്‌പെക്ട്രം അനുവദിക്കും. ഈ സ്‌പെക്ട്രം ഉപയോഗിച്ച്, ബിഎസ്എന്‍എലിനു വിപണിയില്‍ മത്സരാധിഷ്ഠിതമാകാനും ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ വിശാലമായ ശൃംഖല ഉപയോഗിച്ച് അതിവേഗ ഡാറ്റ നല്‍കാനും കഴിയും.
2. പദ്ധതിച്ചെലവിനുള്ള സാമ്പത്തിക സഹായം: തദ്ദേശീയ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മനിര്‍ഭര്‍ 4ജി സാങ്കേതികവിദ്യാ സംവിധാനം വിന്യസിക്കുന്നതിനുള്ള പ്രക്രിയയിലാണ് ബിഎസ്എന്‍എല്‍. അടുത്ത 4 വര്‍ഷത്തേക്കുള്ള പദ്ധതിമൂലധനച്ചെലവ് നികത്താന്‍ ഗവണ്മെന്റ് 22,471 കോടി രൂപ പദ്ധതിച്ചെലവായി നല്‍കും. സ്വയംപര്യാപ്ത 4ജി സംവിധാനത്തിന്റെ വികസനത്തിനും വിന്യാസത്തിനും ഇതു വലിയ ഊര്‍ജം പകരും.
3. ഗ്രാമീണ വയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്: വാണിജ്യപരമായ സാധ്യതകളില്ലെങ്കിലും ഗവണ്‍മെന്റിന്റെ സാമൂഹ്യലക്ഷ്യങ്ങള്‍ നിറവേറ്റാനായി ഗ്രാമീണ/വിദൂര പ്രദേശങ്ങളില്‍ ബിഎസ്എന്‍എല്‍ വയര്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. 2014-15 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ നല്‍കിയ വാണിജ്യപരമായി മെച്ചമില്ലാത്ത ഗ്രാമീണ വയര്‍ലൈന്‍ സേവനങ്ങള്‍ക്കായി ബിഎസ്എന്‍എലിനു ഗവണ്മെന്റ് 13,789 കോടി രൂപ നല്‍കും.
4. അംഗീകൃത മൂലധനത്തില്‍ വര്‍ധന: എജിആര്‍ കുടിശ്ശിക, പദ്ധതിമൂലധനച്ചെലവു നല്‍കല്‍, സ്‌പെക്ട്രം അനുവദിക്കല്‍ എന്നിവയ്ക്ക് പകരമായി ബിഎസ്എന്‍എലിന്റെ അംഗീകൃത മൂലധനം 40,000 കോടി രൂപയില്‍ നിന്ന് 1,50,000 കോടി രൂപയായി വര്‍ധിപ്പിക്കും.
ബി. ബിഎസ്എന്‍എലിന്റെ ബാധ്യതകള്‍ കുറയ്ക്കല്‍
5. വായ്പാക്രമീകരണം: ദീര്‍ഘകാല വായ്പ സമാഹരിക്കുന്നതിന് ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗവണ്മെന്റ് ജാമ്യം നില്‍ക്കും. അവയ്ക്ക് 40,399 കോടി രൂപയുടെ ദീര്‍ഘകാല ബോണ്ടുകള്‍ സമാഹരിക്കാന്‍ കഴിയും. നിലവിലുള്ള കടം പുനഃക്രമീകരിക്കുന്നതിനും ആസ്തിബാധ്യതകളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനും ഇതു സഹായിക്കും.
6. എജിആര്‍ കുടിശ്ശികകള്‍ക്കുള്ള സാമ്പത്തിക പിന്തുണ: ബാധ്യതകള്‍ കുറയ്ക്കുന്നതിന് ബിഎസ്എന്‍എലിന്റെ എജിആര്‍ കുടിശ്ശികയായ 33,404 കോടി രൂപ ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലൂടെ തീര്‍പ്പാക്കും. എജിആര്‍/ജിഎസ്ടി കുടിശ്ശിക തീര്‍ക്കാന്‍ ഗവണ്മെന്റ് ബിഎസ്എന്‍എലിനു സഹായം നല്‍കും.
7. മുന്‍ഗണനാ ഓഹരികള്‍ വീണ്ടും നല്‍കല്‍: ബിഎസ്എന്‍എല്‍ ഗവണ്മെന്റിനു വീണ്ടും 7,500 കോടി രൂപയുടെ മുന്‍ഗണനാ ഓഹരി നല്‍കും.
സി. ബിഎസ്എന്‍എല്‍ ഫൈബര്‍ ശൃംഖല മെച്ചപ്പെടുത്തല്‍
8. ബിബിഎന്‍എല്‍-ബിഎസ്എന്‍എല്‍ ലയനം: ഭാരത് നെറ്റിന് കീഴിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വിപുലമായ വിനിയോഗം സുഗമമാക്കുന്നതിന്, ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (ബിബിഎന്‍എല്‍) ബിഎസ്എന്‍എലില്‍ ലയിപ്പിക്കും. ഭാരത്‌നെറ്റിന് കീഴില്‍ സൃഷ്ടിക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ദേശീയ ആസ്തിയായി തുടരും. എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും വിവേചനമേതുമില്ലാതെ ഇതു പ്രാപ്യമാക്കാനാകും.
-ND-
(Release ID: 1845513)
Visitor Counter : 121