പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

ഇന്ത്യയുടെ ഫ്‌ളാഗ്കോഡ്-2002ന്റെ പ്രധാന സവിശേഷതകൾ

Posted On: 10 JUN 2022 5:45PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 10, 2022  
 
1. ഇന്ത്യൻ ദേശീയ പതാക, ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇത് നമ്മുടെ ദേശീയ അഭിമാനത്തിന്റെ പ്രതീകമാണ്. ദേശീയ പതാകയോട് വിശ്വസ്തതയും സാർവത്രിക സ്നേഹവും ആദരവും ഉണ്ട്. ഇത് ഇന്ത്യൻ ജനതയുടെ വികാരങ്ങളിലും ആത്മാവിലും സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു.

2. ഇന്ത്യൻ ദേശീയ പതാക ഉയർത്തൽ/ഉപയോഗം/പ്രദർശനം എന്നിവ പ്രിവെൻഷൻ ഓഫ് ഇൻസൽട്സ് ടു നാഷണൽ ഓണർ നിയമം 1971, ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ, 2002 എന്നിവയിലൂടെ നിയന്ത്രിച്ചിരിക്കുന്നു. ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002-ന്റെ പ്രധാന സവിശേഷതകൾ, പൊതുജനങ്ങളുടെ അറിവിലേക്കായി താഴെ ചേർത്തിരിക്കുന്നു
 
a) ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ2002 ലെ ചട്ടങ്ങൾ 2021 ഡിസംബർ 30-ലെ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തു. പോളിസ്റ്റർ കൊണ്ടുള്ളതോ യന്ത്രത്തിൽ നിർമ്മിച്ചതോ ആയ പതാക ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇപ്പോൾ, ദേശീയ പതാക കൈകൊണ്ട് നൂൽക്കുകയും കൈകൊണ്ട് നെയ്തെടുക്കുകയും ചെയ്തതോ
അല്ലെങ്കിൽ യന്ത്ര നിർമിതമോ, പരുത്തി/പോളിസ്റ്റർ/കമ്പിളി/പട്ടു ഖാദി നിർമിതമോ ആകാം.

b) ഒരു പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസങ്ങളിലും അവസരങ്ങളിലും, ആചാരപരമായോ അല്ലാതെയോ ദേശീയ പതാകയുടെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച നിലയിൽ ദേശീയ പതാക ഉയർത്തുകയോ/പ്രദർശിപ്പിക്കുകയോ ചെയ്യാവുന്നതാണ്

c) ദേശീയ പതാക ദീർഘ ചതുര ആകൃതിയിൽ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം.
എന്നാൽ നീളത്തിന് ഉയരത്തോടുള്ള (വീതി) അനുപാതം 3:2 ആയിരിക്കണം.

d) തുറസ്സായ സ്ഥലത്ത് ദേശീയപതാക പ്രദർശിപ്പിക്കുന്നിടത്ത്, കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ കഴിയുന്നിടത്തോളം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉയർത്തിയിരിക്കണം

e) ദേശീയ പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദർശിപ്പിക്കണം

f) കേടുപാടുകൾ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല.

g) ഒരു കൊടിമരത്തിൽ നിന്ന് ഒരേസമയം ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ പതാകകളോ ഉയർത്താൻ പാടില്ല.

h) ഫ്ലാഗ് കോഡിന്റെ വകുപ്പ് 9 ഭാഗം III ൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികൾ - ഉദാഹരണത്തിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ എന്നിവരുടെ വാഹനത്തിൽ - ഒഴികെ ഒരു വാഹനത്തിലും പതാക പാറാൻ പാടില്ല.

i) മറ്റ് പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകക്ക് മുകളിലോ അരികിലോ ഉയർത്തരുത്

കൂടുതൽ വിവരങ്ങൾക്ക്, പ്രിവെൻഷൻ ഓഫ് ഇൻസൽട്സ് ടു നാഷണൽ ഓണർ നിയമം, l97l, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് - www.mha.gov.in


(Release ID: 1832936) Visitor Counter : 413


Read this release in: English