പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സമുദ്ര മേഖലയിലെ സ്റ്റാർട്ടപ്പ് കമ്പനികളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) 50 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ശ്രീ സർബാനന്ദ സോനോവാൾ

പോസ്റ്റഡ് ഓണ്‍: 30 APR 2022 8:48PM by PIB Thiruvananthpuram

 



കൊച്ചി: ഏപ്രിൽ 30, 2022  

സമുദ്ര മേഖലയിലെ സ്റ്റാർട്ടപ്പ് കമ്പനികളിൽ 50 കോടി രൂപ പ്രാരംഭ കോർപ്പസ് നിക്ഷേപം നടത്താൻ  കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) പ്രതിബദ്ധത വ്യക്തമാക്കിയതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് കൊച്ചിയിൽ അറിയിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങിൽ CSL-ന്റെ സ്റ്റാർട്ടപ്പ് എൻഗേജ്മെന്റ് ചട്ടക്കൂട് മന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തെ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ വികസനത്തിൽ ഇന്ത്യാ ഗവൺമെന്റ് അതീവ ശ്രദ്ധ പുലർത്തുന്നു. സമുദ്ര മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വികസനം ലക്ഷ്യമിട്ട്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സ്റ്റാർട്ട്-അപ്പ് എൻഗേജ്‌മെന്റ് ചട്ടക്കൂട് തയ്യാറാക്കി വരുന്നു. വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ പങ്കാളികളേയും ഒരുമിപ്പിച്ച്, സാങ്കേതിക, കാര്യനിര്‍വ്വഹണ, സാമ്പത്തിക, വിപണന വീക്ഷണകോണിൽ സമുദ്ര മേഖലയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും വിധം, ഒരു ആവാസവ്യവസ്ഥ രാജ്യത്ത് വികസിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ സംരംഭങ്ങൾക്ക് ഗതിവേഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ് ചട്ടക്കൂട് വിഭാവനം ചെയ്തിരിക്കുന്നത്. CSL-ന്റെ സാമ്പത്തിക പിന്തുണയോടെ സമുദ്രമേഖലയിൽ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് യുവാക്കളായ കഴിവുറ്റ സംരംഭകർക്ക് ഈ ചട്ടക്കൂട് വേദി ഒരുക്കും.

രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ നിർമാണമുൾപ്പെടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി CSL കൈവരിച്ച നേട്ടങ്ങളിലും നൂതന സാങ്കേതിക വിദ്യയിലും ഹരിത പദ്ധതികളിലും CSL ന്റെ പരിശ്രമങ്ങളെ  മന്ത്രി അഭിനന്ദിച്ചു.

 

തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീ ശാന്തനു ഠാക്കൂർ, വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജൻ, CSL CMD ശ്രീ മധു എസ് നായർ, മുതിർന്ന ഉദ്യോഗസ്ഥർ, CSL-ലെ നിലവിലെ ജീവനക്കാർ, മുൻകാല ജീവനക്കാർ, വിശിഷ്ട വ്യക്തികൾ തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

( റിലീസ് ഐ.ഡി: 1821667) സന്ദര്‍ശക കൗണ്ടര്‍ : 50
ഈ റിലീസ് വായിക്കുക: English