വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പത്രപ്രവർത്തനത്തിൽ പ്രൊഫഷണലിസം അനിവാര്യം : ജില്ലാ കളക്ടർ

പോസ്റ്റഡ് ഓണ്‍: 10 MAR 2022 1:07PM by PIB Thiruvananthpuram
പയ്യന്നൂർ :   മാറിവരുന്ന കാലഘട്ടത്തിൽ  സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെ എല്ലാ പൗരന്മാരും പത്രപ്രവര്‍ത്തകരാകുമ്പോൾ വാര്‍ത്തകളിലെ സത്യസന്ധത ഉറപ്പുവരുത്താൻ പത്രപ്രവര്‍ത്തനമേഖലയിൽ പ്രൊഫഷണലിസം  അത്യാവശ്യമാണെന്ന് കണ്ണൂർ ജില്ലാ കളക്ടര്‍ ശ്രീ. എസ് ചന്ദ്രശേഖർ   അഭിപ്രായപ്പെട്ടു. 
 
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി കൊച്ചി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പ്രസ് ക്ലബ്ബുമായി സഹകരിച്ച് പയ്യന്നൂരിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
വാർത്തകളിൽ നെഗറ്റീവിറ്റി കുറച്ചുകൊണ്ട് വസ്തുതകൾ അവതരിപ്പിക്കുന്ന രീതി മാധ്യമ പ്രവർത്തകർ  പിന്തുടരണമെന്നും, കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടെ ജനക്ഷേമ പദ്ധതികൾ  ജനങ്ങളിലെത്തിക്കാൻ  മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നും  ഊർജ്ജിത ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
 
 
 സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയുക എന്നത് പ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പിഐബി അഡീഷണൽ ഡയറക്ടര്‍ ജനറൽ ശ്രീ വി പളനിച്ചാമി  പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത്  വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിൽ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംവിധാനം മികച്ച നിലയിൽ പ്രവര്‍ത്തിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.  
 
ചടങ്ങിൽ പയ്യന്നൂർ പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. രാഘവന്‍ കടന്നപ്പള്ളി  അധ്യക്ഷത വഹിച്ചു.
 
 
വികസനോന്മുഖ പത്രപ്രവർത്തനവും,  വിഷയത്തിൽ മാതൃഭൂമിയിലെ ലീഡര്‍ റൈറ്റര്‍ ശ്രീ. കെ ബാലകൃഷ്ണന്‍  സംസാരിച്ചു.
 
കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും, പോസിറ്റീവ് റിപ്പോര്‍ട്ടിംഗും എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍ തയ്യിൽ സംസാരിച്ചു. 
 
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ  പ്രാധാന്യത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് പിഐബി കൊച്ചി ഡയറക്ടര്‍ (എം&സി) ശ്രീമതി. രശ്മി റോജ തുഷാര നായര്‍  വിശദീകരിച്ചു. .
 
ഡിജിറ്റൽ ജേര്‍ണലിസത്തിലെ വെല്ലുവിളികളും പ്രതീക്ഷകളും എന്ന  വിഷയത്തിൽ മലയാള മനോരമ കണ്ണൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ശ്രീ. എന്‍പിസി രഞ്ജിത്ത് സംസാരിച്ചു.
 
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീ. സി ബാലകൃഷ്ണന്‍, ശ്രീ. ജഗനിവാസ് എന്നിവരെ  ചടങ്ങിൽ ആദരിച്ചു.
 
വിവിധ  പത്ര, ദൃശ്യ,  ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ നിന്നായി അമ്പതിലേറെ പേര്‍ ശില്പശാലയിൽ പങ്കെടുത്തു.  
 
 
പിഐബി ഡെപ്യൂട്ടി ഡയറക്ടര്‍ (എം&സി) ശ്രീ. ഐസക് ഈപ്പന്‍ സ്വാഗതവും, പ്രസ് ക്ലബ് സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
 
 
ചിത്രം ഒപ്പം ...
 
ഫോട്ടോ ക്യാപ്ഷൻ: പ്രസ് ഇർഫർമേഷൻ ബ്യൂറോയുടെ മാധ്യമശിൽപശാല കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുന്നു

 

*** 


( റിലീസ് ഐ.ഡി: 1804695) സന്ദര്‍ശക കൗണ്ടര്‍ : 65
ഈ റിലീസ് വായിക്കുക: English