കൃഷി മന്ത്രാലയം
വേനൽ ചൂടിന് നാടൻ പ്രതിരോധം; പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെവികെ
Posted On:
21 FEB 2022 1:32PM by PIB Thiruvananthpuram
വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനൽ ചൂടിനെ തടയാൻ ഏറ്റവും മികച്ച നാടൻ വിഭവമായ പൊട്ടുവെളളരി നാട്ടിൽ തന്നെയുണ്ടെന്ന കാര്യം അറിയാതെയാണ് പലരും മറുനാടൻ പഴങ്ങൾക്ക് പുറകെ പായുന്നത്. ഏറെ ഗുണമേൻമയുള്ളതും നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയെയും അതിന്റെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ)
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ നെൽകൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്.
ഈ നാടൻ വിഭവത്തിന്റെ ഗുണമേൻമയെ കുറിച്ച് ബോധവൽകരണം നടത്താനും പൊട്ടുവെള്ളരിക്ക് പ്രചാരം നൽകാനും സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ നടപടികൾ കൈക്കൊള്ളും. ഇതിന്റെ ഭാഗമായി, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തവണ കെവികെ നടത്തിയ പൊട്ടുവെള്ളരിയുടെ പ്രദർശന കൃഷിയുടെ വിളവെടുപ്പ് ഈ മാസം 24ന് ജനകീയ പങ്കാളിത്തത്തോടെ നടത്തും.
ആലങ്ങാട് കല്ലുപാലം നല്ലേലിപ്പടിയിലെ കർഷകൻ വർഗീസിന്റെ തോട്ടത്തിൽ വച്ച് നടക്കുന്ന വിളവെടുപ്പുത്സവത്തിൽ വിവിധ തരം പൊട്ടുവെള്ളരി ജ്യൂസുകൾ പരിചയപ്പെടുത്തും. ഒപ്പം ഇവയുടെ ജ്യൂസുകൾ തയ്യാറാക്കാൻ വിദഗ്ദർ നയിക്കുന്ന ക്ളാസ്സുകളുമുണ്ടാകും. പൊട്ടുവെള്ളരി കൃഷി
ചെയ്യാൻ താൽപര്യമുള്ളവർക്ക് കെവികെ മാർഗനിർദേശങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9746469404-എന്ന് നമ്പറിൽ വിളിക്കാവുന്നതാണ്.
പ്രദർശന കൃഷി കാണാനും പൊട്ടുവെള്ളരി നേരിട്ട് വിളവെടുത്തുപയോഗിക്കാനും താല്പര്യമുള്ളവർക്ക് കെവികെയുടെ കർഷകരായ ആലങ്ങാട് സ്വദേശികളായ വർഗീസ് (9961817827), മോഹനൻ (9072005651) ഗോപി ഏലൂർ (7736543952) എന്നിവരുമായി ബന്ധപ്പെടാം.


***
(Release ID: 1800021)
Visitor Counter : 152