ശാസ്ത്ര സാങ്കേതിക മന്ത്രാലയം
മണത്തക്കാളിയില്‍ നിന്നും കരള്‍ അര്‍ബുദത്തിനുള്ള മരുന്ന് : ആര്‍ജിസിബിയുടെ ഗവേഷണത്തിന് അപൂര്‍വ്വ രോഗ ചികിത്സാ പദവി
പോസ്റ്റഡ് ഓണ്‍:
03 NOV 2021 4:25PM by PIB Thiruvananthpuram
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷകര്‍ മണത്തക്കാളി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തത്തിന് കരള്‍ അര്‍ബുദം ചികിത്സിക്കാനുള്ള കഴിവുണ്ടെന്ന പഠനത്തിന അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഓര്‍ഫന്‍ ഡ്രഗ് ഡെസിഗ്നേഷന്‍ പദവി ലഭിച്ചു.
ഓര്‍ഫന്‍ ഡ്രഗ് ഡെസിഗ്നേഷന്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നിന്റെ വേഗത്തിലുള്ള അംഗീകാരം അനുവദിക്കുകയും ചെയ്യുന്നു.
കേരളത്തിലെ വീടുകളുടെ മുറ്റത്തും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോളാനം നിഗ്രം) യുടെ ഇലകള്‍ക്ക് മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമായ കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള അപാര ഗുണങ്ങളുണ്ടെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ ആര്‍ജിസിബിയിലെ ഒരു ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നു.
ആര്‍ജിസിബിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ റൂബി ജോണ്‍ ആന്റോയും അവരുടെ വിദ്യാര്‍ത്ഥിനിയായ ഡോ ലക്ഷ്മി ആര്‍ നാഥും പേറ്റന്റ് നേടിയ സാങ്കേതികവിദ്യ യുഎസ് ഫാര്‍മ കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒഎംആര്‍എഫ്) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.
ഡോ.റൂബിയും ഡോ.ലക്ഷ്മിയും ചേര്‍ന്നാണ് മണത്തക്കാളി ചെടിയുടെ ഇലകളില്‍ നിന്ന് ഉട്രോസൈഡ്-ബി എന്ന തന്മാത്ര വേര്‍തിരിച്ചെടുത്തത്.
കരള്‍ അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വലിയ വഴിത്തിരിവാണെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ ചന്ദ്ര ഭാസ് നാരായണ പറഞ്ഞു.
ഭക്ഷണത്തിലെ വിഷാംശം പ്രാഥമികമായി ഇല്ലാതാക്കുന്ന കരളിന് ആധുനിക കാലത്ത് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നു. കരള്‍ രോഗം, പ്രതിവര്‍ഷം 800,000 ആളുകളെ കൊല്ലുന്നതായും ഓരോ വര്‍ഷവും 900,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
യുഎസ്, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് അനുവദിച്ചിട്ടുണ്ട്. നേച്ചര്‍ ഗ്രൂപ്പ് ഓഫ് ജേണലില്‍ ശാസ്ത്രീയ റിപ്പോര്‍ട്ടായി ഗവേഷണ കൃതി പ്രസിദ്ധീകരിച്ചു.
( റിലീസ് ഐ.ഡി: 1769215)
സന്ദര്‍ശക കൗണ്ടര്‍ : 172