പ്രധാനമന്ത്രിയുടെ ഓഫീസ്
ഐ.ഐ.എസ്.എഫ്. 2020ല്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തി; ആഗോള നിലവാരത്തിലുള്ള ശാസ്ത്രീയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിവരവും ജനസംഖ്യയും ആവശ്യകതയും ജനാധിപത്യവും ഇന്ത്യക്കുണ്ട്: പ്രധാനമന്ത്രി
രാജ്യപുരോഗതിക്കായി ശാസ്ത്രം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുന്നു, ഇന്ത്യയുടെ പ്രതിഭയില്‍ നിക്ഷേപം നടത്താനും ഇന്ത്യയില്‍നിന്നു നൂതനാശയങ്ങള്‍ നേടിയെടുക്കുന്നതിനുമായി ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു
Posted On:
22 DEC 2020 10:30AM by PIB Thiruvananthpuram
ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐ.ഐ.എസ്.എഫ്.) 2020ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം നടത്തി. ചടങ്ങില്‍ കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പങ്കെടുത്തു.
ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും നൂതനാശയങ്ങളിലും ഇന്ത്യക്കു സമ്പന്നമായ പാരമ്പര്യമുണ്ടെന്നു ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പാത വെട്ടിത്തുറക്കുന്ന ഗവേഷണം നമ്മുടെ ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍നിരയിലാണു നമ്മുടെ സാങ്കേതിക വ്യവസായം. എങ്കിലും, ഇനിയും ചെയ്യാനുണ്ട് ഇന്ത്യക്ക്. നാം ഭൂതകാലത്തെ അഭിമാനത്തോടെയാണു കാണുന്നതെന്നും മികച്ച ഭാവി ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീ. മോദി പറഞ്ഞു.
ശാസ്ത്രീയമായ പഠനത്തിനുള്ള ഏറ്റവും വിശ്വാസ്യതയുള്ള കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യമിട്ടാണ് എല്ലാ ശ്രമങ്ങളുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, നമ്മുടെ ശാസ്ത്ര സമൂഹം ആഗോളതലത്തിലുള്ള ഏറ്റവും മികച്ച പ്രതിഭയുമായി ചേര്‍ന്നു വളരണം. ഇതിനായി കണ്ടെത്തിയ ഒരു വഴി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് അനുഭവവും അവസരവും ലഭിക്കുന്നതിനായി ഹാക്കത്തോണുകള്‍ സംഘടിപ്പിക്കുകയും അത്തരം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുക എന്നതാണ്.
ചെറിയ പ്രായം മുതല്‍ ശാസ്ത്രത്തോടുള്ള അഭിനിവേശം വളര്‍ത്താന്‍ ഉതകുന്നതാണു പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ചെലവിടലില്‍നിന്നു ഫലത്തിലേക്കും പാഠപുസ്തകങ്ങളില്‍നിന്ന് ഗവേഷണത്തിലേക്കും പ്രയോഗത്തിലേക്കും ഊന്നല്‍ മാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നയം മികച്ച അധ്യാപകരുടെ കൂട്ടം സൃഷ്ടിക്കപ്പെടുന്നതിനു സഹായകമാകും. ഇതു തുടക്കക്കാരായ ശാസ്ത്രജ്ഞര്‍ക്കു ഗുണകരമാകും. ഇതോടൊപ്പം അടല്‍ ഇന്നവേഷന്‍ മിഷനും അടല്‍ ടിങ്കറിങ് ലാബുകളും ഉണ്ടെന്നും ശ്രീ. മോദി പറഞ്ഞു.
മികവാര്‍ന്ന ഗവേഷണത്തിനായി പ്രധാനമന്ത്രി ഗവേഷണ ഫെലോ പദ്ധതി ഗവണ്‍മെന്റ് നടത്തിവരികയാണെന്നും പ്രതിഭകളുടെ താല്‍പര്യത്തിനനുസരിച്ചു രാജ്യത്തെ ഗവേഷണം പ്രോല്‍സാഹിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കു സഹായകമാണു പദ്ധതിയെന്നു പ്രധാനമന്ത്രി അറിയിച്ചു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ക്ഷാമവും പ്രത്യാഘാതവും തമ്മിലുള്ള വിടവു ശാസ്ത്രവും സാങ്കേതിക വിദ്യയും നികത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദരിദ്രരില്‍ ദരിദ്രരെ ഗവണ്‍മെന്റുമായി ബന്ധിപ്പിക്കാന്‍ അതിനു സാധിക്കുന്നു. ഡിജിറ്റല്‍ രംഗത്തെ നേട്ടങ്ങളോടെ ആഗോള ഹൈടെക് ശക്തിയുടെ രൂപപ്പെടലും വിപ്ലവവും നടക്കുന്ന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ലോകോത്തരമായ വിദ്യാഭ്യാസവും ആരോഗ്യവും കണക്റ്റിവിറ്റിയും ഗ്രാമീണ പരിഹാരങ്ങളും നേടിയെടുക്കുന്നതിനായി ഇന്നത്തെ ഇന്ത്യക്കു വിവരങ്ങളും ജനസംഖ്യയും ആവശ്യകതയും ഉണ്ട്. എല്ലാറ്റിനും ഉപരി, സന്തുലനാവസ്ഥ ഉറപ്പാക്കുന്നതിനും ഇവയെ എല്ലാം സംരക്ഷിക്കുന്നതിനുമായി ഇന്ത്യയില്‍ ജനാധിപത്യമുണ്ട്. അതിനാലാണു ലോകം ഇന്ത്യയെ വിശ്വസിക്കുന്നതെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
നമ്മുടെ രാജ്യത്തു ജലദൗര്‍ലഭ്യം, മലിനീകരണം, മണ്ണിന്റെ മേന്‍മ, ഭക്ഷ്യസുരക്ഷ തുടങ്ങി ആധുനിക ശാസ്ത്രത്തിനു പരിഹരിക്കാന്‍ സാധിക്കുന്ന പല വെല്ലുവിളികളുമുണ്ടെന്നു ശ്രീ. മോദി വ്യക്തമാക്കി. നമ്മുടെ സമുദ്രത്തിലെ വെള്ളവും ഊര്‍ജവും ഭക്ഷ്യ സ്രോതസ്സുകളും അതിവേഗം പര്യവേക്ഷണം നടത്തുന്നതില്‍ ശാസ്ത്രത്തിനു വലിയ പങ്കുണ്ട്. ഇതിനായി ഇന്ത്യയുടെ ആഴക്കടല്‍ ദൗത്യം പുരോഗമിക്കുകയാണെന്നും നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ വാണിജ്യ, വ്യാപാര മേഖലകളിലും ഗുണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്തു പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതു നമ്മുടെ യുവാക്കളെയും സ്വകാര്യമേഖലയെയും ആകാശം തൊടാന്‍ പ്രേരിപ്പിക്കുന്നതിനു മാത്രമല്ല; ബഹിരാകാശത്തിന്റെ ഉയരങ്ങളെ അറിയാന്‍ പ്രേരിപ്പിക്കാന്‍ കൂടിയാണ്. ഉല്‍പാദനവുമായി ബന്ധിപ്പിച്ചു പ്രോല്‍സാഹനം നല്‍കുന്ന പദ്ധതി ശാസ്ത്ര സാങ്കേതിക രംഗവുമായി ബന്ധപ്പെട്ട മേഖലകള്‍ക്കുകൂടി ഊന്നല്‍ നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ ശാസ്ത്ര സമൂഹത്തിന് ഉത്തേജനം പകരും. ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥയ്ക്കു നേട്ടമുണ്ടാവും. നൂതനാശയങ്ങള്‍ക്കായി കൂടുതല്‍ വിഭവങ്ങള്‍ സൃഷ്ടിക്കപ്പെടും. ശാസ്ത്രവും വ്യവസായവുമായുള്ള പങ്കാളിത്തത്തിന്റെ പുതിയ സംസ്‌കാരം സൃഷ്ടിക്കപ്പെടും. പുതിയ കൂടിച്ചേരലുകള്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും ഈ ഉല്‍സവം ശാസ്ത്രവും വ്യവസായവും തമ്മിലുള്ള ഏകോപനത്തിനും സഹകരണത്തിനും പുതിയ ദിശാബോധം പകരുമെന്നും അദ്ദേഹം ആശംസിച്ചു.
ശാസ്ത്രം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോവിഡ് മഹാവ്യാധിക്കെതിരെ പ്രതിരോധ കുത്തിവെപ്പു കണ്ടെത്തുക എന്നതാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാസ്ത്രം നേരിടുന്ന വെല്ലുവിളി പ്രതിഭയുള്ള യുവാക്കളെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനും സാധിക്കുന്നില്ല എന്നതാണ്. യുവാക്കള്‍ സാങ്കേതിക വിദ്യയോടും എന്‍ജിനീയറിങ്ങിനോടും താല്‍പര്യം കാട്ടുകയും രാജ്യത്തിന്റെ വികസനത്തിനായി ശാസ്ത്രം വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ശ്രദ്ധയില്‍ പെടുത്തി. ഇന്നത്തെ ശാസ്ത്രം നാളെ സാങ്കേതിക വിദ്യയായും പിന്നീട് എന്‍ജിനീയറിങ് പരിഹാരമായും മാറുന്നു എന്നു ശ്രീ. മോദി തുടര്‍ന്നു. പ്രതിഭയെ ശാസ്ത്ര ലോകത്തേക്ക് ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് വിവിധ തലങ്ങളില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചതായി അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, അതിനു ശാസ്ത്ര സമൂഹത്തില്‍നിന്നു തന്നെ വലിയ തോതില്‍ പ്രചരണം നടക്കേണ്ടതുണ്ട്. ചന്ദ്രയാന്‍ ദൗത്യം യുവാക്കളില്‍ താല്‍പര്യം സൃഷ്ടിക്കുന്നതില്‍ വലിയ ഒരു തുടക്കമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ പ്രതിഭയില്‍ നിക്ഷേപം നടത്തി ഇന്ത്യയില്‍ നൂതനാശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ആഗോള സമൂഹത്തോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ഇന്ത്യയില്‍ ഏറ്റവും തിളക്കമേറിയ ബുദ്ധിമാന്‍മാര്‍ ഉണ്ടെന്നും തുറന്നതും സുതാര്യവുമായ സംസ്‌കാരം രാജ്യം നിലനിര്‍ത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഏതു വെല്ലുവിളിയും നേരിടാനും ഗവേഷണ സാഹചര്യം മെച്ചപ്പെടുത്താനും തയ്യാറായി കേന്ദ്ര ഗവണ്‍മെന്റ് നിലകൊള്ളുന്നു. ഓരോ വ്യക്തിക്കും ഉള്ളിലുള്ള കഴിവിനെ പുറത്തു കൊണ്ടുവരാന്‍ ശാസ്ത്രത്തിനു സാധിക്കുന്നു എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ മുന്നില്‍ നിര്‍ത്തുന്നതിനു നമ്മുടെ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രശംസിച്ചു.
(Release ID: 1683196)
Visitor Counter : 982