ജൽ ശക്തി മന്ത്രാലയം
കേരളത്തില്‍ ജല്‍ ജീവന്‍ ദൗത്യം നടപ്പാക്കുന്നതിലെ പുരോഗതി കേന്ദ്ര ജല്‍ ശക്തി മന്ത്രാലയം അവലോകനം ചെയ്തു
Posted On:
29 OCT 2020 8:34PM by PIB Thiruvananthpuram
2024 ഓടെ ഓരോ ഗ്രാമീണ ഭവനത്തിലേക്കും പൈപ്പുവെള്ള കണക്ഷന്‍ വഴി ഒരാള്‍ക്ക് 55 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന ജല്‍ജീവന്‍ ദൗത്യം കേന്ദ്ര പദ്ധതിയുടെ നിലവിലെ സ്ഥിതി കേന്ദ്ര ജല്‍ജീവന്‍ മന്ത്രാലയം അവലോകനം ചെയ്തു. പദ്ധതി കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നടന്ന അവലോകനത്തില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ദേശീയ ജല്‍ ജീവന്‍ മിഷന് മുന്നില്‍ സംസ്ഥാനത്തു ദൗത്യത്തിന്റെ ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും നിലവിലെ സ്ഥിതി അവതരിപ്പിച്ചു.
ഗ്രാമീണ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്നു നടപ്പാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയാണ് ജല്‍ ജീവന്‍ ദൗത്യം. ഗാര്‍ഹിക പൈപ്പു കണക്ഷനുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഫണ്ട് നല്‍കുന്നത്. നിശ്ചിത സംസ്ഥാന വിഹിതവുമുണ്ടാകും.
2023-24 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലേക്കും 100% ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ കേരളം പദ്ധതിയിടുന്നു. സംസ്ഥാനത്ത് 67.15 ലക്ഷം ഗ്രാമീണ കുടുംബങ്ങളുണ്ട്, അതില്‍ 49.65 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് ജല കണക്ഷന്‍ നല്‍കിയിട്ടില്ല. 2020-21 ല്‍ 21.42 ലക്ഷം വീടുകളില്‍ ടാപ്പ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം പദ്ധതിയിടുന്നു. ഒരു കണക്ഷന്‍ പോലും നല്‍കാത്ത 2,493 വാസസ്ഥലങ്ങള്‍ ഉണ്ട്. ഒരു പൈപ്പു കണക്ഷന്‍ പോലും നല്‍കാത്ത 95 ഗ്രാമങ്ങളിലെ പദ്ധതികള്‍ പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2020 ഡിസംബറോടെ 25,452 ജനസംഖ്യയുള്ള ശേഷിക്കുന്ന 14 ഫ്‌ളൂറൈഡ് ബാധിത ആവാസ വ്യവസ്ഥകള്‍ക്ക് സുരക്ഷിത കുടിവെള്ളം നല്‍കാന്‍ കേരളം പദ്ധതിയിട്ടിട്ടുണ്ട്. അഭിലാഷ ജില്ലകള്‍, എസ്സി,എസ്ടി ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍, സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) യുടെ കീഴിലുള്ള ഗ്രാമങ്ങള്‍ എന്നിവയ്ക്കു സാര്‍വത്രികമായി പദ്ധതി എത്തിക്കുന്നതിനു പ്രത്യേക ശ്രദ്ധ ചെലുത്താന്‍ സംസ്ഥാനത്തോട് യോഗം ആവശ്യപ്പെട്ടു.
ജല്‍ ജീവന്‍ ദൗത്യം വികേന്ദ്രീകൃത, സാമൂഹിക നിയന്ത്രിത പരിപാടി ആയതിനാല്‍, ഗ്രാമങ്ങളിലെ ജലവിതരണ സംവിധാനങ്ങളുടെ ആസൂത്രണം, നടപ്പാക്കല്‍, മാനേജ്‌മെന്റ്, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ പ്രാദേശിക ഗ്രാമ സമൂഹം,ഗ്രാമപഞ്ചായത്തുകള്‍ അല്ലെങ്കില്‍ ഉപഭോക്തൃ ഗ്രൂപ്പുകള്‍ എന്നിവ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി ഐഇസി കാമ്പെയ്നും ഏറ്റെടുക്കാന്‍ സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദേശിച്ചു. ഗ്രാമീണ ജലവിതരണ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും അവയുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി ഗ്രാമീണ ജനതയെ അണിനിരത്തുന്നതിന് വനിതാ സ്വാശ്രയ ഗ്രൂപ്പുകളും സന്നദ്ധ സംഘടനകളും സന്നദ്ധമാകണം.
ഓരോ വീടുകള്‍ക്കും ജലവിതരണം സാര്‍വത്രികമായി ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് കേന്ദ്ര പ്രതിനിധികള്‍ വ്യക്തമാക്കി. 2020-21 ല്‍ കേന്ദ്രം ജല്‍ ജീവന്‍ ദൗത്യത്തിനു കീഴില്‍ കേരളത്തിന് 404.24 കോടി രൂപ അനുവദിച്ചു. ഫ്‌ളൂറൈഡ് ബാധിത വാസസ്ഥലങ്ങളില്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ദേശീയ ജല ഗുണനിലവാര ഉപ ദൗത്യത്തില്‍ സംസ്ഥാനത്തിന് ഇതിനകം 2.15 കോടി രൂപയുണ്ട്. കേന്ദ്ര ധനസഹായം നഷ്ടപ്പെടാതിരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാനും ലഭ്യമായ ഫണ്ടുകള്‍ വിനിയോഗിക്കാനും സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
15-ാമത് ധനകാര്യ കമ്മീഷന്റെ പിആര്‍ഐകള്‍ക്കുള്ള ധനസഹായത്തിന്റെ 50% ജലത്തിനും ശുചിത്വത്തിനുമായി ചെലവഴിക്കണം എന്നാണു നിര്‍ദേശം. 2020-21ല്‍ കമ്മീഷൻ ഗ്രാന്റായി കേരളത്തിന് 1,628 കോടി രൂപ അനുവദിച്ചു. കൂടാതെ, എംജിഎന്‍ആര്‍ഇജിഎസ്, ജെജെഎം, എസ്ബിഎം (ജി), ജില്ലാ ധാതു വികസന ഫണ്ട്, കാമ്പ, സിഎസ്ആര്‍ ഫണ്ട്, ലോക്കല്‍ മേഖലാ വികസന ഫണ്ട് തുടങ്ങിയ വിവിധ പരിപാടികള്‍ സംയോജിപ്പിച്ച് ഗ്രാമതലത്തില്‍ സമഗ്രമായ ആസൂത്രണത്തിനായി സംസ്ഥാനം അവരുടെ ലഭ്യമായ ഫണ്ടുകള്‍ നന്നായി വിനിയോഗിക്കണം.
2020 ഒക്ടോബര്‍ 2 ന് ആരംഭിച്ച 100 ദിവസത്തെ പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായി അങ്കണവാടി കേന്ദ്രങ്ങള്‍, ആശ്രമങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് പൈപ്പ് ജലവിതരണം ഉറപ്പാക്കാന്‍ സംസ്ഥാനത്തോട് അഭ്യര്‍ത്ഥിച്ചു. കുടിവെള്ളം, കൈ കഴുകല്‍ എന്നിവയ്ക്കായി ഈ സ്ഥാപനങ്ങളില്‍ കുടിവെള്ളം ലഭ്യമാണെന്നും ശുചിമുറികളില്‍ ഉപയോഗിക്കുന്നതിനും ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും പൈപ്പ് വെള്ളം ലഭിക്കുന്നുവെന്നും ഉറപ്പാക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ത്ഥിച്ചു.
.......
(Release ID: 1668630)
Visitor Counter : 2543