പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ

Posted On: 11 AUG 2020 4:59PM by PIB Thiruvananthpuram

 

നമസ്‌കാരം
നിങ്ങള്‍ എല്ലാവരുമായി നടത്തിയ ചര്‍ച്ച വെളിപ്പടുത്തുന്നത്  കോവിഡിന്റെ ഇപ്പോഴത്തെ യഥാര്‍ത്ഥ അവസ്ഥയുടെ കൂടുതല്‍ സമഗ്രമായ ചിത്രമാണ്. മാത്രവുമല്ല ശരിയായ ദിശയില്‍ തന്നെയാണ് നമ്മുടെ മുന്നേറ്റം എന്നും അത് വ്യക്തമാക്കുന്നു. നമ്മള്‍ സ്ഥിരമായി ഒന്നിച്ചു കൂടി ചര്‍ച്ചകള്‍ നടത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം കൊറോണ വ്യാധിക്കിടയിലൂടെ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ സാഹചര്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
ആശുപത്രികളുടെയും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെയും മേല്‍ വര്‍ധിക്കുന്ന സമ്മര്‍ദ്ദം, അനുദിന ജോലികളില്‍ തുടര്‍ച്ചയില്ലാത്ത അവസ്ഥ തുടങ്ങി ഓരോ ദിവസവും  പുതിയ വെല്ലുവിളികളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.  എന്നിരുന്നാലും ഓരോ സംസ്ഥാനവും അവരുടെതായ തലത്തില്‍ ഈ മഹാമാരിക്ക് എതിരെ പോരാടുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കേന്ദ്രമായാലും സംസ്ഥാനമായാലും ഒത്തൊരുമയോടെ ഒന്നിച്ച് നിന്ന് നിരന്തര പോരാട്ടം നടത്തുവാന്‍ നമുക്ക് സാധിക്കുന്നു. ഫലങ്ങള്‍ നേടിത്തരുന്നതും  ഈ ഒത്തൊരുമ തന്നെ. ഇത്തരം  വിപത്സന്ധിയിലും എല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യം തന്നെയാണ്.
ബഹുമാന്യരായ മുഖ്യ മന്ത്രിമാരെ,
ഇന്ന് ഈ പത്തു സംസ്ഥാനങ്ങളിലാണ് 80 ശതമാനം കോവിഡ് രോഗികളും ഉള്ളത്. അതുകൊണ്ടു തന്നെ കൊറോണയ്ക്ക് എതിരേയുള്ള പോരാട്ടത്തില്‍ ഈ സംസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്. നിലവില്‍ രാജ്യത്ത് ആറു ലക്ഷത്തിലധികം കൊറോണ രോഗികളാണുള്ളത്. അവരില്‍ ഭൂരിഭാഗവും ഈ പത്തു സംസ്ഥാനങ്ങളിലാണ്. അതുകൊണ്ടു തന്നെ ഈ പത്തു സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് വര്‍ത്തമാന കാല സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു വിലയിരുത്തേണ്ടത്  വളരെ അത്യാവശ്യമാണ്. ഈ പത്തു സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന പുതിയ നടപടികളും മികച്ച പ്രവര്‍ത്തനങ്ങളും എല്ലാവരും അറിയണം. ഓരോ സംസ്ഥാനവും സ്വന്തമായി  ശ്രമങ്ങള്‍ നടത്തുന്നതിനാല്‍,  അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നത് മറ്റുള്ളവര്‍ക്കും പാഠമാകും.  ഇന്നത്തെ ചര്‍ച്ചയിലൂടെ നമുക്ക് പരസ്പരം അനേകം കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. നാം ഒന്നിച്ചുനിന്ന് ഈ സംസ്ഥാനങ്ങളിലെ കൊറോണയെ പരാജയപ്പെടുത്തിയാല്‍ രാജ്യത്തിന്റെ പോരാട്ടവും വിജയിക്കും.
സുഹൃത്തുക്കളെ,
രാജ്യത്തെ അനുദിന കോവിഡ് രോഗ പരിശോധന ഏഴു ലക്ഷത്തിലെത്തിയിരിക്കുന്നു. നാം ഇതു  തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരികയാണ്. രോഗവ്യാപനം തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമായ ചില ഫലങ്ങള്‍ നാമെല്ലാവരും ഇന്നു നേരിട്ടു കണ്ടു. ആഗോളതലത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തെ മരണനിരക്ക്  വളരെ കുറവാണ്. മുമ്പും അങ്ങിനെയായിരുന്നു. ഇത് തുടര്‍ച്ചയായി വീണ്ടും കുറഞ്ഞു വരുന്നു എന്നത് വലിയ സംതൃപ്തിക്കു വക നല്കുന്നു. രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് ദിനം പ്രതി ഉയരുകയും മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്.  നമ്മുടെ പരിശ്രമങ്ങള്‍ ഫലപ്രദമാകുന്നു എന്നതിനു തെളിവാണ് ഇത്. ജനങ്ങളിലെ ആത്മവിശ്വാസം വര്‍ധിക്കുകയും ഭയാന്തരീക്ഷം സാവകാശത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇതിലും പ്രധാനപ്പെട്ട കാര്യം.
രോഗ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നാം തുടരുമ്പോള്‍ നമ്മുടെ വിജയം കൂടുതല്‍ മഹത്വമുള്ളതാകും. കുറച്ചു കൂടി പരിശ്രമിച്ച് മരണ നിരക്ക് ഒരു ശതമാനത്തിലും താഴെ എത്തിക്കുവാന്‍ സാധിച്ചാല്‍ നമുക്ക് ആ  ലക്ഷ്യം കൂടി നേടാന്‍ സാധിക്കും.
ഇനി എന്താണ് ചെയ്യേണ്ടത് എന്നും എങ്ങിനെ മുന്നോട്ടു പോകണമെന്നും ഇപ്പോള്‍ നമുക്കു വളരെ വ്യക്തമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എന്തു ചെയ്യണം, എങ്ങിനെ ചെയ്യണം, എപ്പോള്‍ ചെയ്യണം തുടങ്ങിയുള്ള ധാരണ സമൂഹത്തിന്റെ അടിത്തട്ടു വരെയുള്ളവരിലും എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഓരോ പൗരനിലും ഈ സന്ദേശം എത്തിക്കുവാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു.
നോക്കൂ, പരിശോധനാ നിരക്കുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളില്‍ രോഗ നിരക്ക് കൂടുതലായിരിക്കും. അവിടെ പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ബിഹാര്‍, ഗുജറാത്ത്, യുപി, പശ്ചിമബംഗാള്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേകമായി പരിശോധനകള്‍ക്ക് ഊന്നല്‍ നല്കണം എന്നാണ് നമ്മുടെ ചര്‍ച്ചകളിലൂടെ വ്യക്തമാകുന്നത്.
സുഹൃത്തുക്കളെ,
നിയന്ത്രണവും സമ്പര്‍ക്ക നിരീക്ഷണവും ജാഗ്രതയുമാണ്  കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും ഫലപ്രദമായ ആയുധം എന്നാണ് ഇതുവരെയുള്ള നമ്മടെ അനുഭവം. ഇപ്പോള്‍ പൊതു ജനങ്ങളും ഇത് മനസിലാക്കി വരുന്നതിനാല്‍ അവരും പൂര്‍ണമായി സഹകരിക്കുന്നു. ബോധവത്ക്കരണ തലങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള  പരിശ്രമങ്ങള്‍ വഴി  മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ നാം മുന്നേറുകയാണ്. ഇതു മൂലമാണ് ഹോം ക്വാറന്റീന്‍ സമ്പ്രദായം ഇന്ന് മികച്ച രീതിയില്‍ നടപ്പാക്കുന്നത്.
പിടിപെട്ട് 72 മണിക്കൂറിനുള്ളില്‍ രോഗം തിരിച്ചറിഞ്ഞാല്‍  അതിന്റെ വ്യാപനം കുറയ്ക്കുവാന്‍ നമുക്കു സാധിക്കും എന്നാണ് വിദഗ്ധ മതം. അതിനാല്‍  കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ സംബന്ധിച്ച നിര്‍ബന്ധ നിയമങ്ങള്‍ നാം തുടരണം എന്നാണ് എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. നാം പൊതുസ്ഥലങ്ങളില്‍ ഒരിടത്തും തുപ്പരുത്. ഗവണ്‍മെന്റുകള്‍, ഗവണ്‍മെന്റു സംവിധാനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ എന്നിവര്‍ക്കിടയില്‍ നാം ഒരു പുതിയ മുദ്രാവാക്യം പ്രചരിപ്പിക്കണം. ആ മുദ്രാവാക്യം ഇതാണ്: ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ അയാളുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തി അവരെയും കൊറോണ പരിശോധനയ്ക്കു വിധേയമാക്കുക. അതിനുള്ള എല്ലാ ക്രമീകരണങ്ങളും നാം ചെയ്തിരിക്കണം.  72 മണിക്കൂര്‍ എന്ന പ്രമാണത്തിന് നാം ഊന്നല്‍ നല്കിയാല്‍ ബാക്കിയെല്ലാം ഈ 72 മണിക്കൂറിനുള്ളില്‍ നടപ്പിലായിരിക്കും.
രോഗപരിശോധനാ ശൃംഖലയ്ക്കുമപ്പുറം, നമുക്ക്  ആരോഗ്യസേതു ആപ്പും ഉണ്ട്. ആരോഗ്യസേതു ആപ്പിന്റെ സഹായത്തോടെ പതിവായി അപഗ്രഥിച്ചാല്‍ പരമാവധി പരാതികള്‍ വരുന്നത് എതു മേഖലയില്‍ നിന്നാണ് എന്ന് വളരെ എളുപ്പത്തില്‍ നമുക്കു കണ്ടുപിടിക്കാന്‍ സാധിക്കും. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ജില്ലകള്‍ വളരെ ഉത്ക്കണ്ഠ ജനിപ്പിച്ച ഒരു സമയം ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. വലിയ ഭീഷണി അത്യാസന്നമായിരിക്കുന്നു എന്ന് അപ്പോള്‍  ഡല്‍ഹിയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഞാന്‍  അവലോകന യോഗം വിളിക്കുകയും ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ ജിയുടെ  നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കുകയും  പുതിയ സമീപനം സ്വീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും അഞ്ചു ജില്ലകളില്‍ നിന്നും ഞങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിച്ചു.
എത്ര ദുര്‍ഘടമാണ് സാഹചര്യം എന്നു തോന്നിയാലും ശാസ്ത്രീയമായി മുന്നേറിയാല്‍ പത്തു ദിവസം കൊണ്ട് കാര്യങ്ങളെ നമ്മുടെ വരുതിയിലാക്കാന്‍ സാധിക്കുമെന്ന് അപ്പോള്‍ എനിക്കു മനസിലായി. ഇതു ഞങ്ങള്‍ക്കുണ്ടായ അനുഭവമാണ്. ഈ തന്ത്രത്തിന്റെ കേന്ദ്ര ആശയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ പൂര്‍ണമായി ഒറ്റപ്പെടുത്തുക, ആവശ്യമുള്ള പ്രകാരം എവിടെയും സൂക്ഷ്മ നിയന്ത്രണം സൃഷ്ടിക്കുക, റിക്ഷാ തൊഴിലാളികള്‍, ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍, കൂലിവേലക്കാര്‍ തുടങ്ങി കൂടുതല്‍ രോഗസാധ്യതയുള്ളവരെ 100 ശതമാനവും പരിശോധനയ്ക്കു വിധേയമാക്കുക തുടങ്ങിയവയാണ്.  ഇന്ന് ഈ പരിശ്രമങ്ങളുടെ ഫലങ്ങള്‍ നമുക്കു മുന്നിലുണ്ട്. ആശുപത്രികളിലെ നല്ല നടത്തിപ്പ്, ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയ എല്ലാ നല്ല ശ്രമങ്ങളും വളരെയധികം സഹായകമാണ്.
സുഹൃത്തുക്കളെ,
ഏറ്റവും ഫലപ്രദമായ അനുഭവം നിങ്ങളുടെതാണ്. സ്വന്തം സംസ്ഥാനത്തെ യഥാര്‍ത്ഥ വസ്തുതകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടാണ് വിജയത്തിലേയ്ക്കുള്ള പാത നിങ്ങള്‍  സൃഷ്ടിച്ചത്. ഇന്നു നാം എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിനു നമ്മെ സഹായിച്ചിരിക്കുന്നത് നിങ്ങളുടെ അനുഭവങ്ങളാണ് .ഈ അനുഭവങ്ങളുടെ ശക്തിമൂലം രാജ്യം ഈ യുദ്ധം പൂര്‍ണമായും ജയിക്കും. പുതിയ തുടക്കത്തിലേയ്ക്ക് നാം വാതായനങ്ങള്‍ തുറക്കും. നിങ്ങള്‍ക്ക് ഇനി എന്തെങ്കിലും കൂടുതല്‍ നിര്‍ദ്ദേശങ്ങളോ  ഉപദേശങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്നോടു പറയണം. പതിവുപോലെ ഞാന്‍ ഏതു സമയത്തും നിങ്ങള്‍ക്ക് പ്രാപ്യമാണ്. . ഗവണ്‍മെന്റിന്റെ എല്ലാ ഉദ്യോഗസ്ഥരും ഇന്ന് സന്നിഹിതരാണ്. നിങ്ങള്‍ സൂചിപ്പിച്ച കാര്യങ്ങള്‍, പ്രകടിപ്പിച്ച ഉത്ക്കണ്ഠകള്‍ എല്ലാം ഉടന്‍ നമ്മുടെ വിദഗ്ധ സംഘം പരിശോധിക്കുന്നതാണ്. എന്നാല്‍ ഈ സമയത്ത് സാവന്‍ മുതല്‍ ദീപാവലി വരെ  രാജ്യത്ത് ചില രോഗങ്ങളുടെയും ഭീഷണി വര്‍ധിക്കുന്നുണ്ടെന്നു നമുക്കറിയാം. അതും നമുക്ക് നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. എങ്കിലും കൊറോണ മരണനിരക്ക് ഒരു ശതമാനത്തിനു താഴെ എത്തിക്കുന്നതിനും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ 72 മണിക്കൂറിനകം കണ്ടെത്തുക വഴി രോഗവിമുക്തി നിരക്ക് കുത്തനെ ഉയര്‍ത്തുന്നതിനും സാധിക്കുമെന്നു ഞാന്‍ കരുതുന്നു. നാം ഈ ഘടകങ്ങളിലും മുദ്രാവാക്യത്തിലും കൂടുതല്‍ ശ്രദ്ധിച്ചാല്‍ 80 ശതമാനം രോഗികളും 82 ശതമാനം മരണനിരക്കും ഉള്ള നമ്മുടെ 10 സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ നേര്‍ വിപരീതമാക്കാന്‍ സാധിക്കും. ഈ പത്തു സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് ഇന്ത്യയെ വിജയിപ്പിക്കാന്‍ സാധിക്കും. അവര്‍ക്ക് അതിനു സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട്. ഇത്രയും സമയം ചെലവഴിച്ചതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളോടു നന്ദി പറയുന്നു. സമയപരിമിതികള്‍ക്കിടയിലും നിങ്ങള്‍ നിങ്ങളുടെ ഉത്ക്കണ്ഠകള്‍ തുറന്നു പറഞ്ഞു.
നിങ്ങള്‍ക്കു വളരെ നന്ദി.



(Release ID: 1647886) Visitor Counter : 197


Read this release in: English