വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

കേരളത്തില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ജേതാക്കളെ തപാല്‍ വകുപ്പ് ആദരിച്ചു

Posted On: 18 AUG 2020 6:44PM by PIB Thiruvananthpuram

 

 

യു.പി.എസ്.സി. സിവില്‍ സര്‍വ്വീസ് പരീക്ഷ 2020 ലെ കേരളത്തില്‍ നിന്നുള്ള വിജയികളെ തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ആദരിച്ചു.  തിരുവനന്തപുരത്തെ കേരള തപാല്‍ സര്‍ക്കിള്‍ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ കേരള തപാല്‍ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശ്രീ വി. രാജരാജന്‍ മികച്ച നേട്ടം കൈവരിച്ച വിജയികളെ അഭിനന്ദിക്കുകയും ഭാവിയിലെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിനായി ആശംസകള്‍  നേരുകയും ചെയ്തു.  

 

അരുണ്‍ എസ്. നായര്‍, മനോജ് മാധവ്, എഗ്‌ന ക്ലീറ്റസ്, അനു ജോഷി, ഷാഹുല്‍ ഹമീദ്, രാഹുല്‍ ആര്‍., ഗോകുല്‍ എസ്. എന്നീ  ഏഴ് സിവില്‍ സര്‍വീസ് പരീക്ഷാവിജയികള്‍ കുടുംബാംഗങ്ങളോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.  തിരഞ്ഞെടുത്ത പ്രത്യേക തപാല്‍ സ്റ്റാമ്പുകളോടൊപ്പം ഓരോ വിജയിയുടെയും ചിത്രം കൂടി മുദ്രണം ചെയ്ത 12 തപാല്‍ സ്റ്റാമ്പുകള്‍ ഉള്‍പ്പെടുന്ന ''മൈ സ്റ്റാമ്പ്'' തദവസരത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വിജയികള്‍ക്ക് സമ്മാനിച്ചു.  വിവിധ മേഖലകളില്‍ ഉന്നതപദവികളിലെത്തിച്ചേരുമ്പോളും രാജ്യത്തെ സാധാരണപൗരന്മാരുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുവാന്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുവാനായി കഴിയട്ടെ എന്ന് ചീഫ് പോസ്റ്റര്‍ ജനറല്‍ ആശംസിച്ചു. വ്യക്തിപരമായി ആശംസകള്‍ കൈമാറാന്‍ തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതി പ്രയോജനപ്പെടുത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

തപാല്‍ സര്‍വ്വീസസ് ഡയറക്ടര്‍ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ശ്രീ സയ്യദ് റഷീദ്, പോസ്റ്റല്‍ അക്കൌണ്ട്‌സ് ഡയറക്ടര്‍ ശ്രീമതി വിജി എം. ആര്‍. എന്നിവര്‍ വിജയികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

 

ആദ്യമായി ലഭിച്ച ഔദ്യോഗികമായ അനുമോദനം രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന തപാല്‍ വകുപ്പില്‍ നിന്നും ആണെന്നത് ഏറെ ഹൃദ്യമായെന്ന് സിവില്‍ സര്‍വീസ് ജേതാക്കള്‍ പറഞ്ഞു.

കോവിഡ്-19 പെരുമാറ്റച്ചട്ടവും ഹരിതചട്ടവും കര്‍ശനമായി പാലിച്ചാണ് ചടങ്ങ്  സംഘടിപ്പിച്ചത്.

***

 


(Release ID: 1646752) Visitor Counter : 87