വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കോവിഡ് കാലത്ത് മാനസിക-ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ വേണം

Posted On: 28 JUL 2020 6:35PM by PIB Thiruvananthpuram

 

-------------

കോവിഡ് 19 പ്രതിസന്ധിയുടെ പുതിയ കാലത്ത് ആരോഗ്യ പരിരക്ഷ സംബന്ധിച്ച് സമൂഹത്തിൽ പുതിയ അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് ആയുഷ്മിഷൻ കോഴിക്കോട്, വയനാട് ജില്ലാ മുൻ പ്രോഗ്രാം മാനേജറും  മരുതോങ്കര ഗവ. ആയുർവേദ മെഡിക്കൽ ഓഫീസറുമായ ഡോ. ജി.എസ്. സുഗേഷ് കുമാർ.

 

 ജീവിത രീതി എന്ന നിലയിൽ ആയുർവേദം പ്രോത്സാഹിപ്പിക്കപ്പെടുന്നത് രോഗ പ്രതിരോധത്തിന് ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.     

 

കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ കണ്ണൂരിലെ കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കൂത്തുപറമ്പ് ബ്ലോക്ക് ഐ സി ഡി എസുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

കോവിഡ് 19 പോലെ മഹാമാരികൾ ഉണ്ടാകുന്ന കാലത്ത് ശരീരത്തിന്റെയും മനസ്സിന്റയും ആരോഗ്യം ശ്രദ്ധിക്കപ്പെടണമെന്നും ഡോ.സുഗേഷ് കുമാർ നിർദ്ദേശിച്ചു.  

 

എല്ലാപഞ്ചായത്തുകളിലും സൗജന്യ ആയുർവേദ ചികിത്സ ലഭ്യമാക്കി ഈ രംഗത്ത് സംസ്ഥാനം മികച്ച മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

 

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ . അശോകൻ വെബിനാർ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്തെ ആരോഗ്യ സുരക്ഷയ്ക്കും രോഗപ്രതിരോധത്തിനും വിവിധ ചികിത്സാ സമ്പ്രദായങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പ് , പേരാവൂർ ബ്ലോക്കുകളിലെ ഐ സി ഡി എസ് പ്രവർത്തകർ വെബിനാറിൽ സംബന്ധിച്ചു.

 

കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഐ സി ഡി എസ് കൂത്തുപറമ്പ് ബ്ലോക്ക് ശിശു വികസന പ്രോജക്ട് ഓഫീസർ പ്രീത, കെ എസ് ബാബു രാജൻ എന്നിവർ പ്രസംഗിച്ചു.



(Release ID: 1641848) Visitor Counter : 422