PIB Headquarters
പ്രഫ. ആശാ കിഷോര്‍ ശ്രീ ചിത്ര ഡയറക്ടറായി തുടരും
Posted On:
18 JUN 2020 5:04PM by PIB Thiruvananthpuram
തിരുവനന്തപുരം, 18 ജൂണ്‍ 2020
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി) ഡയറക്ടറായി പ്രഫ. ആശാ കിഷോര്‍ തുടരും. മെയ് 12ന് ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി എടുത്ത തീരുമാനത്തെ തുടര്‍ന്ന് ജൂണ്‍ രണ്ടിന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 2020 ജൂലൈ 17 മുതല്‍ 2025 ഫെബ്രുവരിയില്‍ വിരമിക്കുന്നതുവരെ ആശാ കിഷേറിന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാം. ഡയറക്ടറെന്ന നിലയിലെ മികച്ച പ്രവര്‍ത്തന നേട്ടവും, അഞ്ചുവര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതിയും കണക്കിലെടുത്താണ് കാലാവധി നീട്ടിയത്. ആശാ കിഷോറിന്റെ നേതൃത്വത്തില്‍ ബയോ മെഡിക്കല്‍ ടെക്നോളജി വകുപ്പുമായി സഹകരിച്ച് ഇതിനോടകം 37 പുതിയ ഗവേഷണ പദ്ധതികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ', 'വോക്കല്‍ ഫോര്‍ ലോക്കല്‍' ആശയങ്ങള്‍ക്കു പിന്തുണയേകുന്ന തരത്തില്‍ ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം പ്രാദേശികമായി സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുന്നു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് നാഡീ രോഗ ചികിത്സയ്ക്കുള്ള ഡീപ് ബ്രെയിന്‍ സ്റ്റിമുലേറ്റര്‍ വികസനത്തിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊഫ. ആശാ കിഷോര്‍ നേതൃത്വം നല്‍കുന്നുണ്ട്. പ്രൊഫ. ആശാ കിഷോറിന്റെ കാലയളവില്‍ ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച പദ്ധതികളില്‍ 12 എണ്ണത്തിന്, ഇന്ത്യന്‍ പേറ്റന്റും 2 എണ്ണത്തിന് അമേരിക്കന്‍ പേറ്റന്റും ലഭിച്ചു.
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേറ്ററില്‍ മെഡിക്കല്‍ ടെക്നോളജി മേഖലയിലെ 9 സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
***
(Release ID: 1632334)
Visitor Counter : 94