മന്ത്രിസഭ

അധികാരത്തിന്റെ രണ്ടാം വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ അധ്യക്ഷനായി പ്രധാനമന്ത്രി

Posted On: 01 JUN 2020 5:27PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ, 2020 ജൂൺ 1 തിങ്കളാഴ്ച കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. കേന്ദ്ര സർക്കാർ അധികാരത്തിലേറി ഒരു വർഷം തികഞ്ഞശേഷമുള്ള ആദ്യ മന്ത്രിസഭായോഗമാണിത്.

യോഗത്തിൽ, ചരിത്രം കുറിക്കുന്ന നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. രാജ്യത്തെ കഠിനാധ്വാനികളായ കർഷകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെയും വഴിയോരക്കച്ചവടക്കാരുടെയും ജീവിതഗതിയെത്തന്നെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ് ഈ തീരുമാനങ്ങൾ.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായഹസ്തം:

ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ 6 കോടിയിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിർണായക പങ്കുണ്ട്.

ആത്മനിർഭർ ഭാരതിനു കീഴിൽ, സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ നടപ്പിലാക്കുന്നതിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് മുൻഗണന നൽകി. ഇതുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു.

ആത്മനിർഭർ ഭാരത് പാക്കേജിന് കീഴിലുള്ള മറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇന്ന് മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്നവ ഇനി പറയുന്നു:

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിന്റെ പുനരവലോകനം.
പ്രതിസന്ധിയിലായ  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ നൽകാനായി 20,000 കോടി രൂപ വായ്പ നൽകാനുള്ള നിർദേശം മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം. പ്രതിസന്ധിയിലായ 2 ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇത് ഗുണമാകും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപത്തിനായുള്ള നിർദേശത്തിനും കേന്ദ്ര മന്ത്രിസഭ അനുവാദം നൽകി. ഇത് ഓഹരി വിപണിയിൽ ഇടംപിടിക്കാനുള്ള അവസരം നൽകും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിന്റെ അധിക പുനരവലോകനം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിർവചനം കൂടുതൽ നവീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാക്കേജ് പ്രഖ്യാപനത്തിൽ, ഒരു കോടി രൂപ മുതൽമുടക്കും 5 കോടി രൂപ വിറ്റുവരവും ഉള്ളവയെ സൂക്ഷ്മ നിർമ്മാണ, സേവന യൂണിറ്റായി ഉയർത്തി. 10 കോടി രൂപ മുതൽമുടക്കും 50 കോടി രൂപ വിറ്റുവരവുമുള്ളവയായി ചെറുകിട യൂണിറ്റുകളെ നിർവചിച്ചു. അതുപോലെ, 20 കോടി രൂപ മുതൽമുടക്കും 100 കോടി രൂപ വിറ്റുവരവുമുള്ളവയെ ഇടത്തരം യൂണിറ്റായി പരിഗണിക്കാനും തീരുമാനിച്ചു.

2020 മെയ് 13 ലെ പാക്കേജ് പ്രഖ്യാപനത്തിനു പിന്നാലെ നിർവചനങ്ങൾ കൂടുതൽ നവീകരിക്കണമെന്ന് വിവിധ കോണിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്, ഇടത്തരം ഉൽപ്പാദന, സേവന യൂണിറ്റുകളുടെ പരിധി വർധിപ്പിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. ഇപ്പോൾ ഇത് 50 കോടി മുതൽമുടക്കും 250 കോടി വിറ്റുവരവുമാണ്.

നമ്മുടെ കഠിനാധ്വാനികളായ വഴിയോരക്കച്ചവടക്കാർക്ക് പിന്തുണ:

വഴിയോരക്കച്ചവടക്കാർക്ക് മിതമായ നിരക്കിൽ വായ്പ നൽകുന്നതിനായി ഭവന, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയം പ്രത്യേക മൈക്രോ ക്രെഡിറ്റ് ഫെസിലിറ്റി സ്‌കീം - പി എം സ്വനിധി - പിഎം വഴിയോരക്കച്ചവടക്കാരുടെ ആത്മ നിർഭർ നിധി ആരംഭിച്ചു.

50 ലക്ഷത്തിലേറെപ്പേർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പദ്ധതി നടപ്പാക്കുന്നതിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കും.

ഈ പദ്ധതിയെ പ്രത്യേകതയുള്ളതാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്:

1. ചരിത്രപരമായ ആദ്യത്തേത്:

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നഗര / ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വഴിയോരക്കച്ചവടക്കാർ ഒരു നഗര ഉപജീവന പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്.

കച്ചവടക്കാർക്ക് 10,000 രൂപ വരെ പ്രവർത്തന മൂലധന വായ്പ ലഭിക്കും. ഇത് പ്രതിമാസ തവണകളായി ഒരു വർഷത്തിനുള്ളിൽ അടച്ചാൽ മതി.

വായ്പ യഥാസമയമോ നേരത്തെയോ തിരിച്ചടയ്ക്കുമ്പോൾ, 7 ശതമാനം പ്രതിമാസ പലിശ ഇളവ് ഗുണഭോക്താക്കൾക്ക് ലഭിക്കും. ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാകും ആറു മാസങ്ങളിൽ ഈ തുക എത്തുന്നത്.

നഗരത്തിലെ ദരിദ്രർക്കായുള്ള ഒരു പദ്ധതിയിൽ ഇതാദ്യമായാണ് എംഎഫ്‌ഐ/ എൻബിഎഫ്‌സി/ എസ്എച്ച്ജി ബാങ്കുകൾ അനുവദിക്കുന്നത്.

2. ശാക്തീകരണത്തിനുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ:

പദ്ധതി കൈകാര്യം ചെയ്യുന്നതിനായി വെബ് പോർട്ടൽ / മൊബൈൽ ആപ്ലിക്കേഷൻ ഉള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ്. കച്ചവടക്കാരെ നിയമാനുസൃത സാമ്പത്തിക വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ഐടി പ്ലാറ്റ്‌ഫോം സഹായിക്കും. വായ്പ കൈകാര്യം ചെയ്യലിനായി ഈ പ്ലാറ്റ്‌ഫോം വെബ് പോർട്ടലിനെ / മൊബൈൽ ആപ്ലിക്കേഷനെ സി.ഐ.ഡി.ബി.ഐയുടെ ഉദ്യാമി മിത്ര പോർട്ടലുമായി സംയോജിപ്പിക്കും. ഒപ്പം പലിശ ഇളവ് സ്വയമേവ നൽകുന്നതിന് ഭവന, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ പൈസ പോർട്ടലുമായും ബന്ധിപ്പിക്കും.

3. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക:

വഴിയോരകച്ചവടക്കാർക്കു പ്രതിമാസ ക്യാഷ് ബാക്ക് നൽകുന്നതിലൂടെ ഡിജിറ്റൽ ഇടപാടുകൾക്കും ഈ പദ്ധതി പ്രോത്സാഹനം നൽകുന്നു.

4. ശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ

ഭവന, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയം സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ജൂൺ മാസത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ പങ്കാളികളുടെയും ഐഇസി പ്രവർത്തനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കൽ, സാമ്പത്തിക സാക്ഷരതാ പദ്ധതി എന്നിവ ആരംഭിക്കും. ജൂലൈ മാസത്തിൽ വായ്പ വിതരണം ആരംഭിക്കുകയും ചെയ്യും.

ജയ് കിസാന്റെ സത്തയെ ദീപ്തമാക്കുന്നു:

2020-21 ലെ ഖാരിഫ് സീസണിൽ, കുറഞ്ഞ താങ്ങുവിലയെ ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയായെങ്കിലും നിലനിർത്താമെന്ന വാഗ്ദാനം സർക്കാർ പാലിച്ചിട്ടുണ്ട്. സിഎസിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2020-21 ലെ ഖാരിഫ് സീസണിലെ 14 വിളകളുടെ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചു. 50 ശതമാനം മുതൽ 83 ശതമാനം വരെയാണ് വർധന.

കാർഷിക മേഖലയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി മുൻകൂർ നൽകിയ  3 ലക്ഷം രൂപ വരെയുള്ള എല്ലാ ഹ്രസ്വകാല വായ്പകൾക്കും തിരിച്ചടവ് തീയതി 31.08.2020 വരെ നീട്ടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. പലിശ ഇളവിന്റെയും കാലതാമസം വരുത്താതെയുള്ള തിരിച്ചടവ് പ്രോത്സാഹനത്തിന്റെയും ആനുകൂല്യം കർഷകർക്ക് ലഭിക്കും.

2020 മാർച്ച് ഒന്നിനും 2020 ഓഗസ്റ്റ് 31 നും ഇടയിലുള്ള കാർഷിക ഹ്രസ്വകാല വായ്പയ്ക്ക് ബാങ്കുകൾക്ക് 2 ശതമാനം പലിശ ഇളവ് ആനുകൂല്യവും കർഷകർക്ക് 3 ശതമാനം കാലതാമസം വരുത്താതെയുള്ള തിരിച്ചടവ് പ്രോത്സാഹനവും തുടർന്നും ലഭ്യമാകും.

ബാങ്കിലൂടെ പ്രതിവർഷം 7 ശതമാനം നിരക്കിൽ അത്തരം വായ്പകൾ കർഷകർക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിലൂടെ പ്രതിവർഷം 4 ശതമാനം നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ബാങ്കുകൾക്ക് പ്രതിവർഷം 2 ശതമാനം പലിശ ഇളവ്, കർഷകർ യഥാസമയം തിരിച്ചടയ്ക്കുന്നതിലൂടെ 3 ശതമാനം അധിക ആനുകൂല്യങ്ങൾ എന്നിവയും ഇതിനൊപ്പം ലഭ്യമാണ്.

സർക്കാരിന്റെ മുഖ്യ ശ്രദ്ധ പാവപ്പെട്ടവരെ പരിപാലിക്കുന്നതിൽ:

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുൻഗണന നൽകുന്നത് പാവപ്പെട്ടവർക്കും ആലംബഹീനർക്കുമാണ്.

ഭക്ഷ്യസുരക്ഷയോടെ 80 കോടി പേർക്ക് പരിരക്ഷ ഉറപ്പാക്കുന്നത് മുതൽ 20 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതുവരെ; മുതിർന്ന പൗരന്മാരുടെയും പാവപ്പെട്ട വിധവകളുടെയും പാവപ്പെട്ട ഭിന്നശേഷിക്കാരുടെയും കൈയിൽ പണം എത്തിക്കുന്നതു മുതൽ കോടിക്കണക്കിനു കർഷകർക്ക് പ്രധാനമന്ത്രി-കിസാൻ പദ്ധതിയുടെ തവണകൾ എത്തിക്കുന്നതുവരെ നിരവധി നടപടികളാണ് പ്രഖ്യാപിച്ചത്. ദിവസങ്ങൾക്കുള്ളിൽ, കോടിക്കണക്കിന് ആളുകളിലേക്ക് നേരിട്ട്, പണമായോ മറ്റു വിധത്തിലോ സഹായം എത്തി.

ആത്മനിർഭർ ഭാരത് സംരംഭത്തിന്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി, ഒരു രാജ്യം ഒരു റേഷൻ കാർഡ്, റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് പോലും സൗജന്യ ഭക്ഷ്യധാന്യങ്ങൾ, താങ്ങാനാവുന്ന വാടകയോടെ ഭവനപദ്ധതി തുടങ്ങി നിരവധി പദ്ധതികളും പ്രഖ്യാപിച്ചു.
 


(Release ID: 1628519) Visitor Counter : 209