PIB Headquarters

കോവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ്,  അഗാപ്പെ ചിത്ര മാഗ്‌ന, വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കി

Posted On: 21 MAY 2020 6:21PM by PIB Thiruvananthpuram

 

കോവിഡ് 19 കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കാന്തിക സൂക്ഷ്മ കണങ്ങള്‍ (Magnetic Nanoparticle) അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ (RNA Isolation Kit) അഗാപ്പെ ചിത്ര മാഗ്‌ന വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിതി ആയോഗ് അംഗവും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി പ്രസിഡന്റുമായ ഡോ. വി. കെ. സരസ്വത് നിര്‍വ്വഹിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മ, ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ബയോമെഡിക്കല്‍ വിഭാഗം മേധാവി ഡോ. എച്ച്. കെ. വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്.

 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി വികസിപ്പിച്ചെടുത്ത ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നത് കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് ലിമിറ്റഡ് ആണ്.

 

'കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നത് കൊവിഡ് 19 പരിശോധനയില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ്. ഇതിലൂടെ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും കഴിയും. അതുകൊണ്ട് തന്നെ മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഇത് നിര്‍ണ്ണായകമാകും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ദ്രുതഗതിയില്‍ വാണിജ്യവത്ക്കരിച്ച് വിപണിയില്‍ എത്തിക്കുന്നത് അനുകരണീയ മാതൃകയാണ്.' ഡോ. സരസ്വത് പറഞ്ഞു.

 

വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സഹകരണവും വ്യവസായ മേഖലയുടെ പങ്കാളിത്തവും തുടക്കം മുതല്‍ ഉണ്ടായത് കൊണ്ടാണ് ഇത്രവേഗം സാങ്കേതിക വിദ്യയെ നിലവിലെ സാഹചര്യം ആവശ്യപ്പെടുന്ന ഉപകാരപ്രദമായ ഉത്പന്നമാക്കി മാറ്റാനായതെന്ന് പ്രൊഫ. ശര്‍മ്മ വ്യക്തമാക്കി.

 

മനുഷ്യരിലെ രോഗപരിശോധനയ്ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യകളും എവിടെ വച്ചും ഉപയോഗിക്കാന്‍ കഴിയുന്ന രോഗപരിശോധനാ ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതിന് ശ്രീചിത്ര വലിയ പ്രാധാന്യമാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. അനൂപ്കുമാര്‍ തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള മോളിക്യുളാര്‍ മെഡിസിന്‍ വിഭാഗം ഇത്തരം ഗവേഷണങ്ങളില്‍ വ്യാപൃതരാണ്. കാന്തിക സൂക്ഷ്മ കണികകള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇറക്കുമതി ചെയ്യുന്ന കിറ്റുകളിലുള്ള ആശ്രയത്വം കുറയ്ക്കാനും കൊവിഡ്-19 പരിശോധനയുടെ ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും.' ഡോ. ആശാ കിഷോര്‍ പറഞ്ഞു.

 

ശ്രീചിത്രയും അഗാപ്പെ ഡയഗ്‌നോസ്റ്റിക്സും സംയുക്തമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ ബയോമെഡിക്കല്‍ വിഭാഗത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. തോമസ് ജോണ്‍ കിറ്റിന്റെ ആദ്യവില്‍പ്പന നടത്തി.

 

വേഗത്തില്‍ ഫലം ലഭിക്കുന്ന, കൃത്യതയുള്ള, ചെലവ് കുറഞ്ഞ പരിശോധനകള്‍ കൊവിഡ് 19 വ്യാപനം തടയുന്നതില്‍ നിര്‍ണ്ണായകമാണ്. രോഗബാധിതര്‍ക്ക് ശരിയായ ചികിത്സ യഥാസമയം നല്‍കാനും ഇതിലൂടെ കഴിയും. ഡോ. അനൂപ്കുമാര്‍ തെക്കുവീട്ടിലിന്റെ നേതൃത്വത്തില്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്ത നൂതനമായ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ ചിത്ര മാഗ്‌നയുടെ സാങ്കേതികവിദ്യ 2020 ഏപ്രിലില്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്സിന് കൈമാറിയിരുന്നു. അഗാപ്പെ ചിത്ര മാഗ്‌ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നത്. കൊവിഡ് 19 ആര്‍എന്‍എ വേര്‍തിരിക്കുന്നതിനായി ഇത് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുകയും ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നതിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള RT-LAMP, RT-qPCR, RT-PCR     പരിശോധനകള്‍ക്ക് വേണ്ടി ആര്‍എന്‍എ വേര്‍തിരിക്കുന്നതിനും മറ്റ് ഐസോതെര്‍മ്മല്‍- പിസിആര്‍ അടിസ്ഥാന പരിശോധനകള്‍ക്കായും ഈ കിറ്റ് ഉപയോഗിക്കാം.

 

കാന്തിക സൂക്ഷ്മകണങ്ങള്‍ ഉപയോഗിച്ചാണ് ചിത്ര മാഗ്‌ന രോഗിയുടെ സ്രവത്തില്‍ നിന്ന് ആര്‍എന്‍ വേര്‍തിരിച്ചെടുക്കുന്നത്. വൈറസിലെ ആര്‍എന്‍എ-യെ മാഗ്‌നറ്റിക് നാനോപാര്‍ട്ടിക്കിള്‍ മുത്തുകള്‍ (Beads) പൊതിയുകയും ഇവ കാന്തിക മണ്ഡലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഗുണമേന്മയും സാന്ദ്രതയുമുള്ള ആര്‍എന്‍എ ലഭ്യമാക്കുകയും ചെയ്യുന്നു. പരിശോധനാഫലം വൈറസ് ആര്‍എന്‍എ-യുടെ അളവിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍, കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ കണ്ടുപിടിത്തത്തിന് കഴിയും.

 

അടുത്ത ആറുമാസം ഇന്ത്യയ്ക്ക് പ്രതിമാസം 8 ലക്ഷം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഗാപ്പെ ചിത്ര മാഗ്‌ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റിന്റെ വില 150 രൂപയാണ്. രാജ്യത്ത് ആവശ്യമുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. 300 രൂപയാണ് ഇറക്കുമതി ചെയ്യുന്ന കിറ്റിന്റെ വില. പ്രതിമാസം 3 ലക്ഷം കിറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി അഗാപ്പെ ഡയഗ്‌നോസ്റ്റിക്സിനുണ്ട്.

 

***



(Release ID: 1625837) Visitor Counter : 77