വിനോദസഞ്ചാര മന്ത്രാലയം

190 കോടി രൂപയ്ക്കുള്ള നാല് പുതിയ പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കി

Posted On: 11 JAN 2019 6:18PM by PIB Thiruvananthpuram

        സ്വദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ക്കു കീഴില്‍ മേഘാലയ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നാല് പുതിയ പദ്ധതികള്‍ക്കായി  കേന്ദ്ര ടൂറിസം മന്ത്രാലയം 190.46 കോടി രൂപ അനുവദിച്ചു.  
        വടക്കു കിഴക്കന്‍ സര്‍ക്യൂട്ട് വികസനത്തിലുള്‍പ്പെടുത്തി മേഘാലയയിലെ പടിഞ്ഞാറന്‍ ഖാസി, ജൈന്‍തിയ, ഖാരോ കുന്നുകള്‍ എന്നിവയുടെ വികസനത്തിനായി  സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു കീഴില്‍ 84.95 കോടി രൂപയും കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

        ഉത്സവ മൈതാനങ്ങള്‍, വിനോദസഞ്ചാരികള്‍ക്കായുള്ള സൗകര്യകേന്ദ്രം, പൊതു സൗകര്യങ്ങള്‍, കേബിള്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്, കഫേകള്‍, ട്രക്കിംങ്ങ് പാതകള്‍, സാഹസിക കായിക വിനോദങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കും.  

        ആത്മീയ സര്‍ക്യൂട്ടിന് കീഴില്‍ ഉള്‍പ്പെടുത്തി ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രം, ബല്‍റാംപൂരിലെ ദേവീപട്ടണ്‍ ക്ഷേത്രം എന്നിവയുടെ വികസനത്തിനായി 21.16 കോടി രൂപ അനുവദിച്ചു.

        ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലെ ഗോവര്‍ദ്ധന്‍ പദ്ധതിയുടെ വികസനത്തിനായി പ്രസാദ് പദ്ധതിക്കു കീഴിലുള്‍പ്പെടുത്തി കേന്ദ്ര ടൂറിസം മന്ത്രാലയം 39.74 കോടി രൂപ അനുവദിച്ചു. ഗോവര്‍ദ്ധന്‍ പരിക്രമ മാര്‍ഗ്, കുസും സരോവര്‍, ചന്ദ്ര സരോവര്‍, മനാസി ഗംഗ എന്നീ കേന്ദ്രങ്ങളുടെ  വികസനമാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

        44.59 കോടി രൂപയുടെ സോമനാഥ് -രണ്ടാം ഘട്ട തീര്‍ത്ഥാടന സൗകര്യ വികസന പദ്ധതിക്കും ടൂറിസം മന്ത്രാലയം അനുമതി നല്‍കി. നടപ്പാതകളുടെ വികസനം, ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യം, വെളിച്ചവും ദീപാലങ്കാരങ്ങളും, ഖരമാലിന്യ സംസ്‌കരണം എന്നിവ വികസിപ്പിക്കുന്നതിനാണ് ഈ തുക അനുവദിച്ചത്.

        സ്വദേശി ദര്‍ശന്‍ പദ്ധതിക്കു കീഴിലെ ബുദ്ധമത സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി സാരാനാഥില്‍ നടപ്പാക്കുന്ന  വികസനപദ്ധതികള്‍ സംബന്ധിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല), ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി ചര്‍ച്ച നടത്തി.

        സന്ദര്‍ശക കേന്ദ്രം, പാര്‍ക്കിങ്ങ്, തെരുവു കച്ചവടക്കാര്‍ക്കായുള്ള മേഖലയുടെ വികസനം എന്നിവ പദ്ധതിക്കു കീഴില്‍ ടൂറിസം മന്ത്രാലയം നടപ്പിലാക്കും. 53.81 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. 10 ദിവസത്തിനകം ഇതു സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖ ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും  യോഗി ആദിത്യ നാഥ് കേന്ദ്ര ടൂറിസം സഹമന്ത്രിക്ക് ഉറപ്പ് നല്‍കി.
GK   MRL- 35
***

 



(Release ID: 1559809) Visitor Counter : 192


Read this release in: English