വാണിജ്യ വ്യവസായ മന്ത്രാലയം

2018 ലെ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് പ്രഖ്യാപിച്ചു, ഗുജറാത്തിന് ഒന്നാം സ്ഥാനം; മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളവും

Posted On: 20 DEC 2018 2:48PM by PIB Thiruvananthpuram

സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രഥമ റാങ്കിംഗിന്റെ ഫലങ്ങള്‍ കേന്ദ്ര വ്യവസായ നയ, പ്രോത്സാഹന വകുപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തു.

മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളവും ഇടംനേടി. കര്‍ണ്ണാടക, ഒഡിഷ, രാജസ്ഥാന്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍.

ആന്ധ്രാ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലീഡേഴ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടു.

ആസ്പയറിംഗ് ലീഡേഴ്‌സ് വിഭാഗത്തില്‍ ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇടംപിടിച്ചു.

സ്റ്റാര്‍ട്ടപ്പുകളുടെ മേഖലയില്‍ ഉയര്‍ന്ന് വരുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അസം, ഡല്‍ഹി, ഗോവ, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവ ഉള്‍പ്പെടും.

ചണ്ഡിഗഢ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, പുതുച്ചേരി, സിക്കിം, ത്രിപുര എന്നിവ തുടക്കക്കാരുടെ വിഭാഗത്തില്‍ ബഹുമതിക്ക് അര്‍ഹരായി.

സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ 51 ഉദ്യോഗസ്ഥരെ ചാമ്പ്യന്മാരായി തിരഞ്ഞെടുത്തു. സ്റ്റാര്‍ട്ടപ്പ് രംഗത്ത് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ മികച്ച സമ്പ്രദായങ്ങള്‍ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്.
ND   MRD - 941


(Release ID: 1556905) Visitor Counter : 181
Read this release in: English