രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യാ-യു.എസ്. ടു പ്ലസ് ടു ചര്‍ച്ചയ്ക്ക് ശേഷം രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
Posted On:
06 SEP 2018 3:44PM by PIB Thiruvananthpuram
'അങ്ങേയറ്റം ഫലപ്രദവും, വ്യക്തമായ ലക്ഷ്യത്തോടും കൂടിയ ഒരു ചര്‍ച്ചയാണ് ഞങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോടും, യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംമ്പിയോയോടും അവരുടെ കാഴ്ചപ്പാടിന്റെയും പ്രതിബന്ധതയുടെയും പേരില്‍ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും, അമേരിക്കയും തമ്മില്‍ കരുത്തുറ്റ ബന്ധങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പിന്തുണയെ ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു.
ലോകത്തെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ ആഴത്തിലുള്ള സൗഹൃദം തന്നെയാണ് ഞങ്ങളുടെ ഇന്നത്തെ ചര്‍ച്ചയിലും നിറഞ്ഞ് നിന്നത്.
ഒരു പോലെയുള്ള നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും, നമ്മുടെ പൊതുവായ താല്‍പര്യങ്ങള്‍ വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെയും, അമേരിക്കയുടെയും പ്രതിബദ്ധത വ്യക്തവും, അചഞ്ചലവുമാണ്.
സാമ്പത്തിക വളര്‍ച്ച, അഭിവൃദ്ധി, വികസനം എന്നിവയ്ക്കായുള്ള നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് സമാധാനവും, ഭദ്രതയും ഉറപ്പ് വരുത്താന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗത്തിലും സഹകരിക്കാനുള്ള നമ്മുടെ താല്‍പ്പര്യം ഇന്നത്തെ യോഗത്തിലും നാം ആവര്‍ത്തിച്ചു. ഭീകരതയെയും, മറ്റ് സമാനമായ സുരക്ഷാ വെല്ലുവിളികളെയും നേരിടുന്നതിനും ഞങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കും.
ഒരു പോലെയുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിന് ആവശ്യമായ മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തി.
പ്രതിരോധ സഹകരണം എന്നത് നമ്മുടെ തന്ത്രപരമായ കൂട്ടുകെട്ടിന്റെ ഏറ്റവും സാര്‍ത്ഥക മാനമായി മാറിയിട്ടുണ്ട്. ഒപ്പം നമ്മുടെ സര്‍വ്വതോമുഖമായ ഉഭയകക്ഷി ബന്ധത്തിന്റെ മുഖ്യ ചാലക ശക്തിയായി.
നമ്മുടെ പ്രതിരോധ കൂട്ടുകെട്ടിന്റെ ഗതിവേഗം നല്‍കിയ അനുകൂല ഊര്‍ജ്ജം ഇന്ത്യ-യു.എസ്. ബന്ധങ്ങളെ ഇതപര്യന്തമില്ലാത്തത്ര ഉയരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് യു.എസ്. കോണ്‍ഗ്രസില്‍ നടത്തിയ അഭിസംബോധനയില്‍ ചൂണ്ടിക്കാട്ടിയതുപോലെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ ചരിത്രത്തിന്റെ ശങ്കകളെ മറികടന്നു. പ്രതിരോധ മേഖലയിലാണ് ഇത് ഏറ്റവുമധികം പരമാര്‍ത്ഥമായത്.
ഇന്ന് ഇന്ത്യയുടെ സായുധ സേനകള്‍ അമേരിക്കയുമായി വിപുലമായ പരിശീലനത്തിനും, സംയുക്ത പരിശീലനത്തിനും ഏര്‍പ്പെടുന്നുണ്ട്. നമ്മുടെ സംയുക്ത പരിശീലനങ്ങള്‍ക്ക് വര്‍ദ്ധിച്ച തോതില്‍ സങ്കീര്‍ണ്ണതയും, പുതിയ മാനങ്ങളും കൈവന്നിട്ടുണ്ട്. ഈ രംഗത്തെ നമ്മുടെ കൂട്ട് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് അടുത്ത വര്‍ഷം ഇന്ത്യയുടെ തെക്കന്‍ തീരത്ത് നിന്ന് മാറി അമേരിക്കയുമായി ചേര്‍ന്ന് മൂന്ന് സേനകളുടെയും ഒരു സംയുക്ത പരിശീലനം ഇത് ആദ്യമായി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
നമ്മുടെ പ്രതിരോധ സേനകള്‍ തമ്മില്‍ ഉറ്റ സഹകരണം ഉറപ്പാക്കാന്‍ സഹായകരമായ ചട്ടക്കൂടും ഞങ്ങള്‍ സൃഷ്ടിക്കും. 2016 ല്‍ ഒപ്പ് വച്ച ലോജിസ്റ്റിക്‌സ് കൈമാറ്റ കരാറായ 'ലെമോ'യും (എല്‍.ഇ.എം.ഒ), ഈ വര്‍ഷം ഒപ്പ് വച്ച കപ്പലില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ പറക്കലിനായുള്ള ഹോസ്റ്റാക്ക് കരാറും (എച്ച്.ഒ.എസ്.ടി.എ.സി) ഈ ദിശയിലുള്ള സുപ്രധാന ചുവടുകളാണ്. ഇന്ന് ഒപ്പ് വച്ച വാര്‍ത്താ വിനിമയ കരാര്‍ (കോംകാസാ - സി.ഒ.എം. സി.എ.എസ്.എ) അമേരിക്കയില്‍ നിന്ന് അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കാന്‍ സഹായിക്കും.
സമുദ്ര സുരക്ഷയും ഞങ്ങളുടെ സഹകരണത്തിലെ സുപ്രധാന മേഖലയാണ്. ഈ രംഗത്തെ സഹകരണം ശക്തമാക്കാന്‍ സമുദ്ര പ്രദേശങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള ആശയവിനിമയങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ ചുമതല വഹിക്കുന്ന പെസഫിക് കമാന്റിനെ ഇന്തോ- പെസഫിക് കമാന്റ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്റുമായി നമ്മുടെ ആശയവിനിമയങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
ഇന്ത്യയെ ഒരു സുപ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചതിന്റെ ഉള്ളടക്കവും സാധ്യതകളും വിപുലപ്പെടുത്തുകയായിരുന്നു ഞങ്ങളുടെ ചര്‍ച്ചകളിലെ മറ്റൊരു ഊന്നല്‍. പ്രതിരോധ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയെ എസ്.റ്റി.എ. ടയര്‍ 1 പദവിയിലേയ്ക്ക് ഉയര്‍ത്താന്‍ അടുത്തിടെ കൈക്കൊണ്ട നടപടിയെ ഞങ്ങള്‍ സ്വാഗതം ചെയ്തു. നമ്മുടെ പ്രതിരോധ വ്യവസായ സഹകരണം ഇരു കൂട്ടര്‍ക്കും പ്രയോജനകരമാകുന്നതിന് കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ ഈ തീരുമാനവും ഒപ്പം മറ്റ് നടപടികളും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രതിരോധ ഉല്‍പ്പാദന ഇടനാഴികള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' സംരംഭത്തിന്‍ കീഴില്‍ പ്രതിരോധ രംഗത്തെ നിര്‍മ്മാണം പരിപോഷിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കി വരുന്ന സുപ്രധാന പരിഷ്‌ക്കാരങ്ങള്‍ ഞങ്ങള്‍ എടുത്ത് കാട്ടി. അമേരിക്കന്‍ പ്രതിരോധ കമ്പനികളുടെ നിര്‍മ്മാണ ശൃംഖലയുമായി കൈകോര്‍ക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ സഹായിക്കുന്നതിനും, നടപടി ക്രമങ്ങളിലെ സങ്കീര്‍ണത പരിഹരിക്കുന്നതിനും അമേരിക്കന്‍ പ്രതിരോധ വകുപ്പില്‍ ഒരാളെ പ്രത്യേകം നിയോഗിക്കണമെന്ന ഇന്ത്യയുടെ അനുകൂല പ്രതിരോധത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഭാവിയില്‍ ഊന്നല്‍ നല്‍കേണ്ട ഒരു സുപ്രധാന മേഖലയായി പ്രതിരോധ മേഖലയിലെ നവീന ആശയങ്ങളെ ഞങ്ങള്‍ കണ്ടെത്തി. പ്രതിരോധ മേഖലയിലെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതിനാല്‍ ഇത് സമയോചിതവും അനിവാര്യവുമാണ്. നമ്മുടെ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് സിലിക്കോണ്‍വാലിയുമായി ബന്ധപ്പെട്ട് ഏറെ വര്‍ഷങ്ങള്‍ ചെലവിട്ട അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോട് എനിക്ക് പ്രത്യേകമായ നന്ദിയുണ്ട്. പ്രതിരോധ മേഖലയിലെ നൂതനാശായ ഏജന്‍സികള്‍ തമ്മിലുള്ള കരാര്‍ ഈ ദിശയിലുള്ള ആദ്യ ചുവട് വയ്പ്പാണ്.
ഇന്ത്യ -അമേരിക്ക ബന്ധത്തെ പുതിയൊരു തലത്തിലേയ്ക്ക് എത്തിക്കാനുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംബിന്റെയും മൂര്‍ത്തമായ സാക്ഷാത്ക്കാരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ച.
വിദേശകാര്യ, പ്രതിരോധ വിഷയങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് ഇനിയും പ്രയോഗികമല്ലെന്ന നമ്മുടെ നേതാക്കള്‍ തിരിച്ചറിഞ്ഞു. നമ്മുടെ ബന്ധങ്ങളിലെ നിരവധി വിഷയങ്ങള്‍ തന്ത്രപരമായ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ചര്‍ച്ച ചെയ്യാനും, നമ്മുടെ ബന്ധത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ചുവട് വയ്പ്പുകള്‍ കണ്ടെത്താനും ഇന്നത്തെ ചര്‍ച്ചയിലൂടെ കഴിഞ്ഞു.
ഇന്ത്യ-യു.എസ്. പ്രതിരോധ ഇടപെടലുകളില്‍ പുതിയൊരു യുഗ പിരവിക്ക് വഴിയൊരുക്കാന്‍ നമ്മുടെ ചര്‍ച്ചയ്ക്ക് കഴിഞ്ഞു. പൊതുവായ താല്‍പ്പര്യങ്ങള്‍ ഞങ്ങള്‍ക്കുള്ളതിനാല്‍, മേഖലയിലും അതിനപ്പുറത്തും സമാധാനം, സാമ്പത്തിക അഭിവൃദ്ധി, സുരക്ഷിതത്വം എന്നിവ പരിപോഷിപ്പിക്കുന്നതിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് വിശ്വാസമുണ്ട്. ഇന്ത്യ -അമേരിക്ക കൂട്ട് കെട്ടിനെ പരിപോഷിപ്പിക്കുന്നതില്‍ യു.എസ്. പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാര്‍ വഹിക്കുന്ന പങ്കിനെ ഞാന്‍ ഒരിക്കല്‍ കൂടി അവരെ നന്ദി അറിയിക്കുന്നു.
ND MRD - 707
***
(Release ID: 1545202)
Visitor Counter : 492