സാംസ്‌കാരിക മന്ത്രാലയം

മഹാനായ സന്യാസിയും, കവിയുമായിരുന്ന കബീറിന് സന്ത് കബീര്‍ നഗറില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

प्रविष्टि तिथि: 28 JUN 2018 7:19PM by PIB Thiruvananthpuram

 


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ മഗ്ഹര്‍ സന്ദര്‍ശിച്ചു.

മഹാനായ സന്യാസിയും, കവിയുമായിരുന്ന കബീറിന്റെ 500-ാം ചരമ വാര്‍ഷിക വേളയില്‍ അദ്ദേഹം സന്ത് കബീര്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സന്ത് കബീര്‍ മസറില്‍ അദ്ദേഹം ഛാദറും സമര്‍പ്പിച്ചു.

സന്ത് കബീര്‍ ഗുഹ സന്ദര്‍ശിച്ച പ്രധാനമന്ത്രി മഹാനായ സന്യാസിവര്യന്റെ ചിന്തകളും, പ്രബോധനങ്ങളും വെളിവാക്കുന്ന സന്ത് കബീര്‍ അക്കാദമിക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകവും അനാവരണം ചെയ്തു.

ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, സന്ത് കബീര്‍, ഗുരു നാനാക്ക്, ബാബാ ഗോരഖ്‌നാഥ് എന്നിവര്‍ ആത്മീയ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന വിശുദ്ധ ഭൂമിയായ മഗ്ഹറില്‍ മഹാനായ സന്ത് കബീറിന് പ്രണാമം അര്‍പ്പിച്ചതിലൂടെ വര്‍ഷങ്ങളായുള്ള തന്റെ ഒരു ആഗ്രഹമാണ് സഫലീകരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഏകദേശം 24 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സന്ത് കബീര്‍ അക്കാദമി സന്ത് കബീറിന്റെ പൈതൃകത്തോടൊപ്പം ഉത്തര്‍ പ്രദേശിന്റെ നാടോടി കലാരൂപങ്ങളും, ഗ്രാമ്യ ഭാഷകളും, സംരക്ഷിക്കാനുള്ള ഒരു സ്ഥാപനമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവിന്റെ സത്തയെയാണ് സന്ത് കബീര്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാതിയുടെ തടസ്സങ്ങള്‍ ഭേദിച്ച അദ്ദേഹം സാധാരണക്കാരനായ ഗ്രാമീണ ഇന്ത്യാക്കാരന്റെ ഭാഷയിലാണ് സംസാരിച്ചത്, ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സാമൂഹിക തിന്മകളില്‍ നിന്ന് മുക്തി നേടാന്‍ സമൂഹത്തെ നയിച്ച നിരവധി സന്യാസിമാര്‍ കാലാകാലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ കാലഘട്ടങ്ങളില്‍ രാജ്യത്തിന്റെ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന അത്തരം സന്യാസിമാരുടെ പേരെടുത്ത് പറഞ്ഞ പ്രധാനമന്ത്രി ഭരണഘടനയിലൂടെ ഓരോ ഇന്ത്യന്‍ പൗരനും സമത്വം ഉറപ്പാക്കിയ ബാബാ സാഹേബ് അംബേദ്ക്കറുടെ പേരും പരാമര്‍ശിച്ചു.

രാഷ്ട്രീയ അവസരവാദത്തിനെതിരെ ശക്തിയായി പ്രതികരിച്ചു കൊണ്ട്, ജനങ്ങളുടെ ബുദ്ധിമുട്ടുകളും, വികാരങ്ങളും മനസിലാക്കുന്ന ആളാണ് മാതൃകാ ഭരണാധികാരിയെന്ന സന്ത് കബീറിന്റെ ഉദ്‌ബോധനം പ്രധാനമന്ത്രി അനുസ്മരിച്ചു. ജനങ്ങളോട് വിവേചനം കാണിക്കുന്ന എല്ലാ സാമൂഹിക ഘടനകളെയും സന്ത് കബീര്‍ കുറ്റപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ പാവപ്പെട്ടവരെയും സമൂഹത്തിലെ അശരണരെയും ശാക്തീകരിക്കുന്നതിനായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളായ ജന്‍ധന്‍ യോജന, ഉജ്ജ്വല യോജന, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, ശൗചാലയ നിര്‍മ്മാണം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം തുടങ്ങിയവ പ്രധാനമന്ത്രി പരാമര്‍ശിച്ചു. റോഡുകള്‍, റെയില്‍വേ, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല മുതലായ അടിസ്ഥാന  സൗകര്യ മേഖലകളിലെ വേഗതയുടെ വര്‍ദ്ധനയും അദ്ദേഹം പരാമര്‍ശിച്ചു. വികസനത്തിന്റെ ഫലങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സന്ത് കബീറിന്റെ ഉപദേശങ്ങള്‍ നവ ഇന്ത്യ എന്ന ദര്‍ശനത്തിന് രൂപം നല്‍കാന്‍ നമ്മെ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ND/MRD 


(रिलीज़ आईडी: 1537117) आगंतुक पटल : 104
इस विज्ञप्ति को इन भाषाओं में पढ़ें: English