PIB Headquarters
ഗ്രാമീണമേഖലയില്‍ ബി.എസ്.എന്‍.എല്‍ 1070 4 ജി വൈഫൈ പ്ലസ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും
അടുത്ത വര്‍ഷം ജനുവരിക്കുള്ളില്‍ മൊബൈല്‍ നമ്പറുകള്‍
ആധാറുമായി ബന്ധിപ്പിക്കുന്നത് പൂര്‍ത്തിയാക്കും
Posted On:
01 AUG 2017 5:34PM by PIB Thiruvananthpuram
കേരളത്തിന്റെ ഗ്രാമീണമേഖലയിലുള്ള 1070 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ആറു മാസത്തിനകം ബി.എസ്.എന്‍.എല്‍ 4 ജി വൈഫൈ പ്ലസ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഒരു ബി.എസ്.എന്‍.എല്‍ ഉപഭോക്താവിന് പ്രതിമാസം നാലു ജി.ബി ഡാറ്റവരെ ഇതിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഹോട്ട്‌സ്‌പോട്ടിന്റെ നൂറു മീറ്റര്‍ ചുറ്റളവിലാണ് ഡാറ്റ സേവനം ലഭ്യമാവുക. കേന്ദ്ര ഗവണ്‍മെന്റിന്റെ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍നിന്നുള്ള സഹായത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്ന് ബി.എസ്.എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി മാത്യു ഐ.ടി.എസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡോ. പി.ടി മാത്യു വ്യക്തമാക്കി. ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, ഡയറക്ട് സെല്ലിംഗ് ഏജന്റുകള്‍, റീട്ടെയിലര്‍മാര്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. സംസ്ഥാനത്ത് ഇതുവരെ ആറുലക്ഷത്തിലേറെ പേര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ജില്ലാ പൊലീസ്, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് കാമറ നിരീക്ഷണ സംവിധാനം ഒരുക്കുന്ന പദ്ധതിയും ബി.എസ്.എന്‍.എല്‍ നടപ്പിലാക്കുന്നുണ്ടെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ കണ്‍ട്രോള്‍ റൂമിലിരുന്ന് നഗരം മുഴുവന്‍ നിരീക്ഷിക്കാനാവും.
നിലവില്‍ ബി.എസ്.എന്‍.എല്ലിന് കേരള സര്‍ക്കിളില്‍ 96 ലക്ഷം മൊബൈല്‍ വരിക്കാരുണ്ടെന്നും ഇത് ഒരു കോടിയാക്കാന്‍ ലക്ഷ്യമിടുന്നതായും ഡോ.പി.ടി മാത്യു പറഞ്ഞു. ഇതിനായി പ്രത്യേക ബി.എസ്.എന്‍.എല്‍ മേളകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍ 4 ജി സേവനം ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു.
ലക്ഷദ്വീപിലെ മൊബൈല്‍ വികസനത്തിനായി 10 പുതിയ ടവറുകള്‍ കൂടി സ്ഥാപിക്കും.ഇപ്പോള്‍ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍ മാത്രമേ 3ജി കവറേജ് ലഭ്യമുള്ളൂ. ഈ ഒക്ടോബറോടെ ലക്ഷദ്വീപിലെ 3 ജി ടവറുകളുടെ എണ്ണം 5 ല്‍ നിന്ന് 17 ആയി ഉയര്‍ത്തും.
കേരളത്തിലെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്റ്/എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ നല്‍കുന്ന പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 10 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്റ് കണകക്ഷനാണ് സ്‌കൂളുകളില്‍ ലഭ്യമാക്കുക.
ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ലാന്റ്‌ലൈന്‍, മൊബൈല്‍ ഡാറ്റകളില്‍ ആകര്‍ഷകമായ നിരവധി പ്ലാനുകളാണ് ബി,എസ്.എന്‍.എല്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് ഡോ.പി.ടി മാത്യു ചൂണ്ടിക്കാട്ടി. പുതിയ ലാന്റ്‌ലൈന്‍, ബ്രോഡ്ബാന്റ്, എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ക്ക് നിലവില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ല. നിലവില്‍ ലാന്റ്‌ലൈന്‍ കണക്ഷനൊന്നും ഇല്ലാത്തവര്‍ക്ക് 49 രൂപ പ്രതിമാസ നിരക്കില്‍ (6 മാസത്തേക്ക്) ലാന്റ്‌ലെന്‍ സേവനം ലഭ്യമാക്കുന്ന എക്‌സപീരിയന്‍സ് ലാന്റ്‌ലൈന്‍എല്‍.എല്‍ 49 എന്ന പദ്ധതി നിലവിലുണ്ട്. നിലവില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കായി 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനും ലഭ്യമാണ്. ഇതില്‍ ലാന്റ്‌ഫോണിന് വാടകയിനത്തില്‍ യാതൊരു ചാര്‍ജ്ജും ഈടാക്കുന്നതല്ല.
എല്ലാ ബ്രോഡ്ബാന്റ് പ്ലാനുകളുടെയും ഉയര്‍ന്ന വേഗത്തില്‍ ഉപയോഗിക്കാവുന്ന പരിധി വര്‍ദ്ധിപ്പിക്കുകയും പരിധിക്കു ശേഷമുള്ള വേഗത 1 എം.ബി.പി.എസില്‍ നിന്ന് 2 എം.ബി.പി.എസായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ബ്രോഡ്ബാന്റ് വേഗത പുനസ്ഥാപിക്കാനുള്ള ടോപ്പ് അപ്പ് റീചാര്‍ജ്ജുകളില്‍ കുറവു വരുത്തിയിട്ടുമുണ്ട്.
ബി.എസ്.എന്‍.എല്‍ കേബിള്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമ പ്രദേശങ്ങളില്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് അവരുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബി.എസ്.എന്‍.എല്‍ സേവനമെത്തിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 39242 ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പറ് പോര്‍ട്ടബിലിറ്റി ഉപയോഗപ്പെടുത്തി ബി.എസ്.എന്‍.എല്ലിലേക്കു പുതുതായി കടന്നു വന്നു.
കഴിഞ്ഞ ആഴ്ച ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് ശൃംഖലയില്‍ നടന്ന വൈറസ് ആക്രമണവുമായി ബന്ധപ്പെട്ട് 20,000 പരാതികളാണ് ലഭിച്ചിരുന്നതെന്നും ഇവയെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും ഡോ.പി.ടി മാത്യു വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ബംഗളൂരുവിലെ സെര്‍വറില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
(Release ID: 1498070)
Visitor Counter : 178