PIB Headquarters
പോസ്റ്റ് ഓഫീസുകളുടെ ആധുനീകരണത്തിന് മുന്തിയ പരിഗണന - കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍
Posted On:
06 JUN 2017 5:37PM by PIB Thiruvananthpuram
രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ആധുനീകരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കൊല്ലം ജില്ലയിലെ പുത്തൂര്‍, ആലപ്പുഴ ജില്ലയിലെ നൂറനാട്, വള്ളികുന്നം എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിച്ച പോസ്റ്റ് ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം ഇന്ന് പുത്തൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നയമെന്ന് ശ്രീ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ ശാസ്തമംഗലം, പൂജപ്പുര, കരമന, വയനാട്ടിലെ കല്‍പ്പറ്റ, മലപ്പുറം, വേങ്ങര, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ പോസ്റ്റ് ഏഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസഹമന്ത്രി അറിയിച്ചു. മാറിയ സാഹചര്യത്തില്‍ തപാല്‍ വകുപ്പില്‍ ഡിജിറ്റല്‍വത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ബാങ്കിംഗ് സേവനം, ബിസിനസ് സൊല്യൂഷന്‍ എന്നിവ വഴി പോസ്റ്റ് ഓഫീസുകളെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ. രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മാവേലിക്കര നിയോജകമണ്ഡത്തിലെ വിവിധ റോഡുകളുടെ വികസനത്തിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍നിന്ന് 25 കോടി രൂപ ലഭ്യമാക്കുമെന്ന് ശ്രീ.പൊന്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ചടങ്ങില്‍ ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷനായിരുന്നു. ആധുനിക വാര്‍ത്താവിനിമയോപാധികള്‍ വ്യാപകമായതോടെ നിലനില്‍പ്പിന് പ്രയാസപ്പെട്ടിരുന്ന പോസ്റ്റ് ഓഫീസുകള്‍ക്ക് പുതുജീവന്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്‍മെന്റിനായിട്ടുണ്ടെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. കൂടുതല്‍ പോസ്റ്റല്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കണമെന്ന് ശ്രീ. കൊടികുന്നില്‍ ആവശ്യപ്പെട്ടു.
ശ്രീ. കെ.സോമപ്രസാദ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രശ്മി ആര്‍.എസ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. സി. അനില്‍കുമാര്‍, പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ധന്യാ കൃഷ്ണന്‍, പവിത്രേശ്വരം പഞ്ചായത്തംഗം ശ്രീമതി വിനോദിനി. ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീ.എം.സമ്പത്ത് സ്വാഗതവും കൊച്ചി സെന്‍ട്രല്‍ റീജ്യണ്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീമതി സുമതി രവിചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പുത്തൂരിലെ പോസ്റ്റ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം ശ്രീ. പൊന്‍ രാധാകൃഷ്ണന്‍ ആലപ്പുഴയിലെ നൂറനാട്, വള്ളിക്കുന്നം പോസ്റ്റ് ഓഫീസുകളും സന്ദര്‍ശിച്ചു.
(Release ID: 1492562)
Visitor Counter : 69