PIB Headquarters
റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സാക്ഷരതാ വാരാചരണത്തിന് തുടക്കമായി
Posted On:
05 JUN 2017 4:28PM by PIB Thiruvananthpuram
സമൂഹത്തിന്റെ താഴെതട്ടില്‍ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കാനായി റിസര്‍വ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 9 വരെ സാമ്പത്തിക സാക്ഷരതാ വാരമായി ആചരിക്കും. ഇടപാടുകാരനെ തിരിച്ചറിയുന്നതിനുള്ള കെ.വൈ.സി (Know your customer), വായ്പാ സംബന്ധമായ അച്ചടക്കം പാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ഇടപാടുകാരന്റെ പരാതികള്‍ ബാങ്കിന് അല്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന് സമര്‍പ്പിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഡിജിറ്റല്‍ ബാങ്കിംഗ് പ്രത്യേകിച്ച് യു.എസ്.എസ്.ഡി, യു.പി.ഐ എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പണകൈമാറ്റം എന്നീ സന്ദേശങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരതാ വാരാചരണത്തില്‍ പ്രാമുഖ്യം നല്‍കും. ഈ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘൂലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ മുഖേന സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കും.
നിലവില്‍ സാമ്പത്തിക സേവനങ്ങള്‍ പ്രാപ്യമല്ലാത്ത വലിയൊരു ജനവിഭാഗത്തിന് അത് ലഭ്യമാക്കുമ്പോള്‍ മാത്രമേ സുസ്ഥിര വികസനം സാധ്യമാവുകയുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മേഖലാ ഡയറക്ടര്‍ ശ്രീ. എസ്.എം.എന്‍ സ്വാമി പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരത്ത് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് സാധാരണക്കാരനുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ അവരുമായി ആശയവിനിമയം നടത്താനും ബാങ്കുകള്‍ തയാറാവേണ്ടതുണ്ടെന്ന് ആര്‍.ബി.ഐ. മേഖലാ ഡയറക്ടര്‍ ആവശ്യപ്പെട്ടു.
ശ്രീ. എസ്.എം.എന്‍ സ്വാമി, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ ശ്രീ.എന്‍ ശിവശങ്കരന്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ ശ്രീ.അശോക് കുമാര്‍ ശര്‍മ്മ, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ശ്രീ.ആര്‍. സുന്ദര്‍, ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ ശ്രീമതി ഉമാ ശങ്കര്‍ എന്നിവര്‍ചേര്‍ന്ന് വിളക്ക് കൊളുത്തി വാരാചരണം ഉദ്ഘാടനം ചെയ്തു.
വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഓണ്‍ലെന്‍ ബാങ്കിംഗ്, എ.ടി.എം ഇടപാടുകള്‍ എന്നിവയില്‍ തട്ടിപ്പിനിരയാക്കപ്പെടുന്നതായും ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവ് എല്ലാവരും ആര്‍ജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ചടങ്ങില്‍ സംസാരിച്ച സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജറുമായ ശ്രീ.എന്‍ ശിവശങ്കരന്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക സാക്ഷരതയെക്കുറിച്ച് ബാങ്കര്‍മാരുടെ കാഴ്ചപ്പാട് എസ്.ബി.ഐ ജനറല്‍ മാനേജര്‍ ശ്രീ.അശോക് കുമാര്‍ ശര്‍മ്മ അവതരിപ്പിച്ചു.
നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ശ്രീ.ആര്‍. സുന്ദര്‍ സാമ്പത്തിക സാക്ഷരതയില്‍ നബാര്‍ഡിന്റെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചു.
ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ ശ്രീമതി ഉമാ ശങ്കര്‍, മേഖലാ സാക്ഷരതാ ഓഫീസര്‍ കുമാരി ചൈതന്യാ ദേവി, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജര്‍ ശ്രീ.വിപിന്‍ ബാബു, റിസര്‍വ് ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജര്‍ ശ്രീ.എസ്.സൂരജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
(Release ID: 1492555)
Visitor Counter : 50