PIB Headquarters

ഐ.ഐ.എം.സി.കോട്ടയം ക്യാമ്പസ്സില്‍  മലയാള പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര  ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു

പോസ്റ്റഡ് ഓണ്‍: 08 MAY 2017 3:41PM by PIB Thiruvananthpuram
Press Release photo

 

രാജ്യത്തെ പ്രമുഖ മാധ്യമ പരിശീലന കേന്ദ്രവും വാര്‍ത്താവിതരണ രംഗത്തെ ബൗദ്ധിക കേന്ദ്രവുമായ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യുണിക്കേഷണ്‍, (ഐ.ഐ.എം.സി) അതിന്റെ ദക്ഷിണേന്ത്യന്‍ ക്യാമ്പസ്സായ കോട്ടയത്ത്,
മലയാളം ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സ് 2017 ഓഗസ്റ്റ് മാസം ഒന്നാം തീയതി തുടങ്ങുന്നതിനുള്ള
എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നു.

മലയാള പത്രപ്രവര്‍ത്തനത്തിന് ഒരു പുത്തനുണര്‍വ് നല്‍കുകയും, വളര്‍ന്നു വരുന്ന പ്രാദേശിക  മാധ്യമങ്ങള്‍ക്ക്
സമര്‍ത്ഥരായ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക എന്നതുമാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം എന്ന് ഐ.ഐ.എം.സി.
ഡയറക്ടര്‍ ജനറല്‍ ശ്രീ. കെ.ജി.സുരേഷ് അറിയിച്ചു.

പത്രപ്രവര്‍ത്തന രംഗത്തെ പ്രധാന വിഷയങ്ങളായ റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, പത്രധര്‍മ്മ നിയമങ്ങള്‍ എന്നിവ കൂടാതെ
പുതിയ കോഴ്‌സില്‍ മലയാള ഭാഷയുടെയും മാധ്യമത്തിന്റെയും ചരിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കോഴ്‌സിന്റെ രാജ്യ വ്യാപകമായ പ്രവേശന പരീക്ഷ 2017 മേയ് 27 ന് നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന
സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2017 മേയ് 14 ആണ്. വിദ്യാര്‍ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്
www.iimc.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ്. മലയാളം ജേര്‍ണലിസത്തിന്റെ പ്രവേശന പരീക്ഷാ കേന്ദ്രം
കൊച്ചിയിലും, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ കോട്ടയത്തുമാണ് നടത്തുക.

മലയാള ജേര്‍ണലിസത്തിനു തുടക്കത്തില്‍ 15 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. ഐ.ഐ.എം.സി.യുടെ കോട്ടയം സെന്റര്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാല ക്യാമ്പസ്സിലാണ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 
കേന്ദ്ര ഗവണ്‍മെന്റിന്റെ നയപ്രകാരമുള്ള സംവരണ സീറ്റുകള്‍ ലഭ്യമാണ്. നിലവില്‍ കോട്ടയം ക്യാമ്പസ്സില്‍ ഇംഗ്ലീഷ്
ജേര്‍ണലിസം പി.ജി.ഡിപ്ലോമ  കോഴ്‌സ് നടത്തുന്നുണ്ട്. ഐ.ഐ.എം.സി. ക്ക് രാജ്യത്തുടനീളം ആറു പ്രാദേശിക
ക്യാമ്പസ്സുകള്‍ ഉണ്ട്. ഇതില്‍ ഒഡിഷയിലെ ധെങ്കനാല്‍ ക്യാമ്പസില്‍  ഒഡിയ ജേര്‍ണലിസം കോഴ്‌സ് നടക്കുന്നുണ്ട്.
അടുത്ത അക്കാഡമിക്ക് വര്‍ഷം മുതല്‍ മഹാരാഷ്ട്രയിലുള്ള അമരാവതി ക്യാമ്പസ്സില്‍ മറാത്തി ജേര്‍ണലിസം
കോഴ്‌സും ആരംഭിക്കും.

ഐ.ഐ.എം.സി.യുടെ സ്വന്തം അദ്ധ്യാപകര്‍ക്ക് പുറമേ പ്രമുഖരായ മാധ്യമ അധ്യാപകരും, മലയാള ഭാഷാ
അധ്യാപകരും, മുതിര്‍ന്ന പത്രപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പരിശീലന നല്‍കുന്നതായിരിക്കും എന്ന്
ശ്രീ.കെ.ജി.സുരേഷ് അറിയിച്ചു.

ഐ.ഐ.എം.സി. കേന്ദ്ര ഗവണ്‍മെന്റിന്റെ വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ ഐ.ഐ.എം.സി. കോട്ടയം ശ്രീ. കെ. രാമകൃഷ്ണനുമായി ബന്ധപ്പെടുക;
ഫോണ്‍: 09995822904.


( റിലീസ് ഐ.ഡി: 1490612) സന്ദര്‍ശക കൗണ്ടര്‍ : 97
ഈ റിലീസ് വായിക്കുക: English