• Sitemap
  • Advance Search
Others

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോളജി ആവാസവ്യവസ്ഥ

വ്യാപാരം, സുതാര്യത, ഉപഭോക്തൃസംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നു

Posted On: 20 MAY 2026 12:04PM

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോളജി ആവാസവ്യവസ്ഥ ന്യായമായ വ്യാപാരം, ഉപഭോക്തൃസംരക്ഷണം, വ്യവസായ ഗുണനിലവാരം, ആഗോള മത്സരക്ഷമത എന്നിവയെ ശക്തിപ്പെടുത്തുന്നു. 2009-ലെ ലീഗൽ മെട്രോളജി നിയമം പ്രാചീനമായ തൂക്കങ്ങളും അളവുകളും സംബന്ധിച്ച സമ്പ്രദായങ്ങളിൽ നിന്നും പരിണമിച്ച ഒരു ആധുനിക നിയന്ത്രണ സംവിധാനത്തിന് അടിത്തറയേകുന്നു. നാഷണൽ ഫിസിക്കൽ ലബോറട്ടറി, റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ തുടങ്ങിയ സ്ഥാപനങ്ങൾ ദേശീയ അളവുമാനദണ്ഡങ്ങളെയും പരിശോധനാ സംവിധാനങ്ങളെയും പിന്തുണയ്ക്കുന്നു. ഇ-മാപ് പോർട്ടൽ, വൺ നേഷൻ വൺ ടൈം, OIML സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള അതോറിറ്റി തുടങ്ങിയ സംരംഭങ്ങൾ സുതാര്യതയും കാര്യക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും വർധിപ്പിക്കുന്നു. ആഗോള അളവ്-ഗുണനിലവാര അടിസ്ഥാന സൗകര്യങ്ങളുമായി ഇന്ത്യയെ സംയോജിപ്പിക്കുന്നതിലൂടെ ഇവ വ്യാപാരം ചെയ്യുന്നത് സുഗമമാക്കുന്നതിനെ പിന്തുണയ്ക്കുന്നു.

മെട്രോളജി: അളവുശാസ്ത്രത്തിലൂടെ വ്യാപാരത്തിൽ വിശ്വാസ്യത വളർത്തുന്നു

ആധുനിക സാമ്പത്തിക വ്യവസ്ഥകൾ, വ്യാവസായിക ഉത്പാദനം, ശാസ്ത്രീയ പുരോഗതി, ഉപഭോക്തൃ സംരക്ഷണം എന്നിവയുടെ അടിത്തറയാണ് അളവുകൾ. മാനദണ്ഡമാക്കപ്പെട്ട അളവുകൾ വ്യാപാരം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഊർജ്ജ വിതരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഉടനീളം സുതാര്യതയും പൊതുവിശ്വാസവും ഉറപ്പാക്കുന്നു. ഈ പശ്ചാത്തലത്തിൽ അളവുശാസ്ത്രമായ മെട്രോളജിയും അളവുകളുടെ നിയന്ത്രണ സംവിധാനമായ ലീഗൽ മെട്രോളജിയും വ്യാപാരത്തിലും വാണിജ്യത്തിലും നീതിപൂർവ്വമായ അന്തരീക്ഷം ഉറപ്പാക്കുന്നു. മെട്രോളജി യൂണിറ്റുകൾക്കും അളവുപകരണങ്ങൾക്കുമായി പൊതു മാനദണ്ഡങ്ങൾ രൂപീകരിക്കുന്നു.

നീളം, തൂക്കം, വ്യാപ്തം, സമയം, താപനില, മറ്റ് ഭൗതിക അളവുകൾ എന്നിവ പോലെ ചരക്കുകളുടെ വ്യാപാരത്തിൽ ഉപയോഗിക്കുന്ന വിവിധ തരം അളവുകൾക്കായാണ് ഈ ഏകീകൃത യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. നാവിഗേഷൻ, നിർമ്മാണം, ഉത്പന്ന വിപുലീകരണം, പരിസ്ഥിതി നിരീക്ഷണം, മരുന്ന്, ഭക്ഷ്യസംസ്കരണം എന്നിവയുൾപ്പെടെ വിപുലമായ മേഖലകളിൽ ഇതിന് പ്രയോഗങ്ങളുണ്ട്.

മെട്രോളജി പ്രധാനമായും അളവുകളുടെ ശാസ്ത്രത്തിലും കൃത്യതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, പൊതുജന സംരക്ഷണത്തിനും ന്യായമായ വ്യാപാരത്തിനുമായി തൂക്കങ്ങളിലും അളവുകളിലും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിലാണ് ലീഗൽ മെട്രോളജി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരോഗമനപരമായ നിയമനിർമ്മാണ പരിഷ്കാരങ്ങൾ, സ്ഥാപനങ്ങളുടെ ശാക്തീകരണം, ഡിജിറ്റൽ ഭരണ സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യ സമഗ്രമായ ഒരു ലീഗൽ മെട്രോളജി ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുരാതന കാലത്തെ തൂക്കങ്ങളും അളവുകളും സംബന്ധിച്ച സമ്പ്രദായങ്ങൾ മുതൽ 2009-ലെ ലീഗൽ മെട്രോളജി നിയമ രൂപീകരണം വരെ ഇന്ത്യയുടെ അളവുശാസ്ത്ര ആവാസവ്യവസ്ഥ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന വ്യാപാര രീതികൾ, ഉയർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകൾ, വർധിച്ചുവരുന്ന ഉപഭോക്തൃസംരക്ഷണ ആവശ്യങ്ങൾ എന്നിവ പരിഹരിക്കാനാണ് ഈ വികസിച്ചുകൊണ്ടിരിക്കുന്ന ചട്ടക്കൂട് ലക്ഷ്യമിടുന്നത്.

ലോക മെട്രോളജി ദിനം

എല്ലാ വർഷവും മെയ് 20-ന് ആചരിക്കുന്ന ലോക മെട്രോളജി ദിനം ആധുനിക സമൂഹത്തിൽ മെട്രോളജിയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. 1999-ൽ ഇന്റർനാഷണൽ കമ്മിറ്റി ഫോർ വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് (അളവുകൾക്കും തൂക്കങ്ങൾക്കുമുള്ള അന്താരാഷ്ട്ര സമിതി) ആണ് ഈ ദിനാചരണത്തിന് പിന്നിൽ. 1875 മെയ് 20-ന് മീറ്റർ കൺവെൻഷനിൽ ഒപ്പുവെച്ചതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്. ഈ കൺവെൻഷൻ ആഗോളതലത്തിൽ ഏകീകൃതവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മെട്രിക് അളവ് സമ്പ്രദായത്തിന് സ്ഥാപനപരവും ശാസ്ത്രീയവുമായ അടിത്തറയിട്ടു. ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സും (BIPM) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജിയും (OIML) സംയുക്തമായാണ് ഇതിന്റെ ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ വർഷത്തെ പ്രമേയമായ "മെട്രോളജി: നയരൂപീകരണത്തിൽ വിശ്വാസ്യത വളർത്തുന്നു" എന്നത് തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതും സുതാര്യവുമായ ഭരണനിർവ്വഹണത്തിൽ മെട്രോളജിയ്ക്കുള്ള പങ്കിന് ഊന്നൽ നൽകുന്നു.

ദൈനംദിന ജീവിതത്തിലെ മെട്രോളജി: കൃത്യത, വിശ്വാസ്യത, നീതി എന്നിവ ഉറപ്പാക്കുന്നു

ദൈനംദിന ഇടപാടുകളിലും പൊതുസേവനങ്ങളിലും കൃത്യതയും വിശ്വാസ്യതയും നീതിയും ഉറപ്പാക്കുന്നതിലൂടെ മെട്രോളജി ദൈനംദിന ജീവിതത്തെ സാരമായി സ്വാധീനിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള തൂക്കങ്ങളും അളക്കൽ ഉപകരണങ്ങളും ലീഗൽ മെട്രോളജി സംവിധാനങ്ങൾ നിയന്ത്രിക്കുന്നു. പെട്രോൾ പമ്പുകൾ, പലചരക്ക് കടകൾ, സ്വർണ്ണക്കടകൾ, ആശുപത്രികൾ, ഇലക്ട്രിസിറ്റി മീറ്ററുകൾ, ജലവിതരണ സംവിധാനങ്ങൾ, പാക്കറ്റുകളിലാക്കിയ ഉത്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും കൃത്യമായ അളവും മൂല്യവും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. കുറഞ്ഞ അളവിൽ സാധനങ്ങൾ നൽകുന്നത്, തെറ്റായ ബില്ലിംഗ്, അന്യായമായ വ്യാപാര രീതികൾ എന്നിവ തടയാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു, അതിലൂടെ ദൈനംദിന വാണിജ്യ ഇടപാടുകളിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ശക്തമാക്കുന്നു.

കൃത്യതയാർന്ന അളവുസംവിധാനങ്ങൾ പൊതുജനക്ഷേമത്തിനും സുരക്ഷയ്ക്കും സംഭാവന നൽകുന്നു. സേവന വിതരണത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ, അളവ് യൂണിറ്റുകൾ, യന്ത്രങ്ങൾ എന്നിവയുടെ ക്രമീകരണം മെട്രോളജി ഉറപ്പാക്കുന്നു. ഇത് കൃത്യമായ മെഡിക്കൽ പരിശോധനയും രോഗനിർണ്ണയവും വൈദ്യുതി, വെള്ളം, ഗ്യാസ് ഉപഭോഗത്തിന്റെ വിശ്വസനീയമായ നിരീക്ഷണവും വേഗത അളക്കുന്ന ഉപകരണങ്ങളിലൂടെയുള്ള ഫലപ്രദമായ റോഡ് സുരക്ഷാ നടത്തിപ്പും ഉറപ്പാക്കുന്നു. അങ്ങനെ ഏകീകൃതമായ മാനദണ്ഡങ്ങളും പരിശോധനാ സംവിധാനങ്ങളും നിലനിർത്തുന്നതിലൂടെ മെട്രോളജി ദൈനംദിന സാമ്പത്തിക-പൊതുപ്രവർത്തനങ്ങളിൽ വിശ്വാസ്യതയും സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നു.

പുരാതന ഇന്ത്യയുടെ അളവെടുപ്പ് പാരമ്പര്യവും വാണിജ്യ സംവിധാനങ്ങളും

പ്രാചീന ഇന്ത്യയിൽ കൃത്യമായി ചിട്ടപ്പെടുത്തിയ തൂക്കങ്ങളുടെയും അളവുകളുടെയും ഒരു സംവിധാനം ഉണ്ടായിരുന്നു. ഇവ കച്ചവടം, വാണിജ്യം, നികുതി ചുമത്തൽ, ആഭരണ നിർമ്മാണം, കൃഷി, ദൈനംദിന സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ വലിയ പങ്കുവഹിച്ചു. വിത്തുകൾ, ധാന്യങ്ങൾ, ശരീര അളവുകൾ, ഗണിതശാസ്ത്രപരമായ അനുപാതങ്ങൾ എന്നിവയിൽ നിന്ന് രൂപപ്പെടുത്തിയെടുത്ത  യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സംവിധാനങ്ങൾ. ഈ രീതികൾ പിന്നീട് സംഘടിതവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ വാണിജ്യ അളവുമാനദണ്ഡങ്ങളായി വികസിച്ചു.

പ്രാചീന ഇന്ത്യയിൽ വാണിജ്യപരവും പ്രായോഗികവുമായ ആവശ്യങ്ങൾക്കായി നിരവധി ഏകീകരിച്ച യൂണിറ്റുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു:

  • രതി (Rati): പ്രധാനമായും സ്വർണ്ണം, രത്നങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന, വിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ യൂണിറ്റ്.
  • മാഷ (Masha): നിശ്ചിത എണ്ണം രതികളിൽ നിന്ന് രൂപപ്പെടുത്തിയെടുത്ത ഉയർന്ന ഒരു യൂണിറ്റ്.
  • തോല (Tola): വാണിജ്യ ഇടപാടുകൾക്കും വിലയേറിയ ലോഹങ്ങൾക്കുമായി വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു യൂണിറ്റ്.
  • സീർ (Seer): കച്ചവടത്തിലും വിപണി ഇടപാടുകളിലും സാധാരണയായി ഉപയോഗിച്ചിരുന്ന വലിയൊരു യൂണിറ്റ്.
  • മൗണ്ട്, കാൻഡി (Maund and Candy): മൊത്തക്കച്ചവടം, സംഭരണം, കാർഷിക ഇടപാടുകൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന വൻകിട അളവ് യൂണിറ്റുകൾ.

പ്രാചീന ഇന്ത്യൻ അളവുതൂക്ക രീതികളിൽ ഇവയും ഉൾപ്പെടുന്നു:

  • നീളം, ഭാരം, ശേഷി എന്നിവ അളക്കുന്നതിനുള്ള സംവിധാനങ്ങൾ.
  • മുഴം, ചാണ്‍ എന്നിവ പോലെയുള്ള ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള അളവുകൾ.
  • കണക്കുകൂട്ടലുകൾക്കും ആനുപാതിക വിഭജനങ്ങൾക്കുമായി ബൈനറി, ഡെസിമൽ, ഒക്ടോണറി സംഖ്യാ സംവിധാനങ്ങളുടെ ഉപയോഗം.

സിന്ധുനദീതട സംസ്കാരം ഉയർന്ന നിലവാരത്തിലുള്ളതും ഏകീകൃതവുമായ അളവുതൂക്ക സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു, ഇത് അവരുടെ പുരോഗമനപരമായ നഗരാസൂത്രണം, വ്യാപാരം, വാസ്തുവിദ്യ എന്നിവയെയാണ് പ്രതിഫലിപ്പിക്കുന്നത്. മൗര്യ സാമ്രാജ്യത്തിന്റെ കാലത്ത് (ബി.സി.ഇ 322–185), ഭരണനിർവ്വഹണം, നികുതി ചുമത്തൽ, വ്യാപാര നിയന്ത്രണം എന്നിവയ്ക്കായി ഏകീകൃത അളവുതൂക്ക സംവിധാനങ്ങൾ നടപ്പിലാക്കുകയുണ്ടായി. പിന്നീട് ഷേർഷാ സൂരി അളവുതൂക്കങ്ങൾ ഏകീകരിക്കുകയും രൂപയുടെ നാണയം അവതരിപ്പിക്കുകയും ചെയ്തു. ഇത് ആധുനിക രൂപയുടെ മുന്നോടിയായി മാറുകയും ചെയ്തു.

ഇന്ത്യയുടെ ലീഗൽ മെട്രോളജി ചട്ടക്കൂടിന്റെ പരിണാമം

1947-ൽ നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥാപിതമായതോടെയാണ് ഇന്ത്യയുടെ ആധുനിക മെട്രോളജി (അളവുതൂക്ക ശാസ്ത്രം)യുടെ പ്രയാണം തുടങ്ങിയത്. ഇതിനെത്തുടർന്ന് രാജ്യവ്യാപകമായ ഏകീകരണം ഉറപ്പാക്കിക്കൊണ്ട് 1956-ലെ 'സ്റ്റാൻഡേർഡ്സ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആക്ട്' (അളവുതൂക്ക മാനദണ്ഡ നിയമം) നിലവിൽ വന്നു. 1957-58 കാലഘട്ടത്തിൽ 'മീറ്റർ കൺവെൻഷനിൽ' ഒപ്പുവെക്കുകയും 'ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ്' (എസ്.ഐ യൂണിറ്റുകൾ) അംഗീകരിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ആഗോള മാനദണ്ഡങ്ങളുമായുള്ള പൊരുത്തപ്പെടൽ കൂടുതൽ ശക്തമാക്കി. 1976-ലും 2009-ലും പാസാക്കിയ നിയമങ്ങൾ ഉൾപ്പെടെയുള്ള നിയമപരിഷ്കാരങ്ങൾ, ഇന്ത്യയുടെ ലീഗൽ മെട്രോളജി ചട്ടക്കൂടിനെ കൂടുതൽ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര ഏകകവ്യവസ്ഥ (ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ്)

ലോകമെമ്പാടും അളവുകൾക്കായി ഉപയോഗിക്കുന്ന, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സ്റ്റാൻഡേർഡ് യൂണിറ്റുകളാണ് എസ്.ഐ (SI) യൂണിറ്റുകൾ. ഒരിക്കലും മാറ്റം വരാത്ത നിശ്ചിത ശാസ്ത്രീയ സ്ഥിരമൂല്യങ്ങൾ ഉപയോഗിച്ചാണ് ഈ യൂണിറ്റുകൾ നിർവചിച്ചിരിക്കുന്നത്. ഇത് ലോകത്ത് എവിടെയും അളവുകൾ കൃത്യവും ഒരേപോലെയുള്ളതും വിശ്വസനീയവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. മീറ്റർ, കിലോഗ്രാം, സെക്കൻഡ് തുടങ്ങിയ യൂണിറ്റുകൾ എസ്.ഐ (SI) വ്യവസ്ഥയുടെ ഭാഗമാണ്. ശാസ്ത്രം, വ്യാപാരം, വ്യവസായം, ദൈനംദിന ജീവിതം എന്നിവയിൽ സ്ഥിരത നിലനിർത്താൻ ഈ വ്യവസ്ഥ സഹായിക്കുന്നു.

 

നാഷണൽ ഫിസിക്കൽ ലബോറട്ടറി-1947

ഇന്ത്യയുടെ നാഷണൽ മെഷർമെന്റ് ഇൻസ്റ്റിറ്റ്യൂട്ടായും മീറ്റർ, കിലോഗ്രാം എന്നിവയുടെ ദേശീയ പ്രോട്ടോടൈപ്പുകളുടെ (മാതൃകകളുടെ) സൂക്ഷിപ്പുകാരായും നാഷണൽ ഫിസിക്കൽ ലബോറട്ടറി (NPL) ഉയർന്നുവന്നു. സംസ്ഥാനങ്ങളിലുടനീളമുള്ള ഏകീകരണവും പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ (RRSL) സ്ഥാപിക്കപ്പെട്ടു. ഇവ ലബോറട്ടറികളിലും വാണിജ്യ, വ്യാപാര പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന മാനദണ്ഡങ്ങളെ താരതമ്യം ചെയ്യുകയും പരിശോധിച്ചുറപ്പാക്കുകയും ചെയ്യുന്നു.

നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ (NPL) ചില ശ്രദ്ധേയ നേട്ടങ്ങൾ

  • ഏഷ്യാ പസഫിക് മെട്രോളജി പ്രോഗ്രാമിന്റെ (APMP) ഒരു സ്ഥാപക അംഗമായി ഇന്ത്യയുടെ എൻ.പി.എൽ (NPL) പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാ-പസഫിക് മേഖലയിലെ ദേശീയ മെട്രോളജി സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് എ.പി.എം.പി (APMP). വൈദഗ്ധ്യം പങ്കുവെക്കുന്നതിലൂടെയും സാങ്കേതിക സേവനങ്ങളുടെ കൈമാറ്റത്തിലൂടെയും പ്രാദേശിക മെട്രോളജിശേഷി മെച്ചപ്പെടുത്തുന്നതിൽ ഇവർ ഏർപ്പെട്ടിരിക്കുന്നു.
  • ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മായാത്ത മഷി (indelible ink / വോട്ടുമഷി) എൻ.പി.എൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 37 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന ഇത് ലോകവേദിയിൽ ഇന്ത്യയുടെ ജനാധിപത്യ സ്വാധീനത്തിന്റെ പ്രതീകമാണ്.
  • പരിസ്ഥിതി നിരീക്ഷണ ഉപകരണങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ സർട്ടിഫിക്കേഷൻ സൗകര്യവും ലോകോത്തര നിലവാരത്തിലുള്ള സോളാർ സെൽ കാലിബ്രേഷൻ സൗകര്യവും എൻ.പി.എൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തന്ത്രപ്രധാന മേഖലകൾക്കായി കാർബൺ കോമ്പോസിറ്റ് സാമഗ്രികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പുരോഗതികൾ ഇന്ത്യയുടെ വ്യവസായ-പ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ, സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

1956-ലെയും 1976-ലെയും അളവുതൂക്ക മാനദണ്ഡ നിയമം

ഇന്ത്യയിൽ ഏകീകൃതവും ശാസ്ത്രീയവും ഏകീകരിക്കപ്പെട്ടതുമായ ഒരു അളവുതൂക്ക വ്യവസ്ഥ സ്ഥാപിക്കുന്നതിനായാണ് 1956-ലെ സ്റ്റാൻഡേർഡ്സ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആക്ട് (അളവുതൂക്ക മാനദണ്ഡ നിയമം) പാസാക്കിയത്. ഇത് മെട്രിക് വ്യവസ്ഥയെയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അളവുതൂക്ക മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ അംഗമായിട്ടുള്ള ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജി (OIML) രൂപീകരിച്ച ആഗോള ലീഗൽ മെട്രോളജി രീതികളുമായും എസ്.ഐ (SI) യൂണിറ്റുകളുമായും രാജ്യം പൊരുത്തപ്പെടുന്നതിന് ഈ നിയമനിർമ്മാണം സൗകര്യമൊരുക്കി.

ഈ നിയമം 1976-ൽ ഭേദഗതി ചെയ്യപ്പെടുകയും അത് 1976-ലെ 'സ്റ്റാൻഡേർഡ്സ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആക്ട്' നിലവിൽ വരുന്നതിലേക്ക് നയിക്കുകയും ചെയ്തു; ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഇന്ത്യൻ അക്കങ്ങളുടെ അന്താരാഷ്ട്ര രൂപത്തിന് അനുസൃതമായി ഏകീകരിച്ച സംഖ്യാ സമ്പ്രദായം അവതരിപ്പിച്ചു.
  • അളവുതൂക്കങ്ങൾ, പാക്കേജ് ചെയ്ത സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന അന്തർസംസ്ഥാന വ്യാപാരവും വാണിജ്യവും നിയന്ത്രിച്ചു.
  • അളവുതൂക്ക ഉപകരണങ്ങളുടെ അംഗീകാരവും ഏകീകരണവും ഉറപ്പാക്കി.
  •  ഇൻസ്പെക്ടർമാർക്കും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനായി 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി' സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കി.
  • അളവുതൂക്ക നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പിഴകളും ശിക്ഷകളും ഏർപ്പെടുത്തി.

2009-ലെ ലീഗൽ മെട്രോളജി നിയമം

ഇന്ത്യയിൽ അളവുതൂക്ക മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായാണ് 2009-ലെ ലീഗൽ മെട്രോളജി നിയമം പാസാക്കിയത്. സാങ്കേതികവിദ്യയിലെ പുരോഗതികൾ, ആധുനിക വ്യാപാര രീതികൾ, അളവുതൂക്കങ്ങളുടെയും ഏകീകരണത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങൾ എന്നിവ ഈ നിയമം ഉൾക്കൊള്ളുന്നു. ഭാരം, അളവ് അല്ലെങ്കിൽ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വിൽക്കുന്ന സാധനങ്ങളുടെ വ്യാപാരവും വാണിജ്യവും ഒരു ആധുനിക നിയമ ചട്ടക്കൂടിലൂടെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വാണിജ്യ ഇടപാടുകളിൽ കൃത്യത, സുതാര്യത, ഉപഭോക്തൃസംരക്ഷണം എന്നിവ ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഈ നിയമം 2011 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് നടപ്പിലാക്കിയതോടെ 1976-ലെ 'സ്റ്റാൻഡേർഡ്സ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആക്ട്', 1985-ലെ 'സ്റ്റാൻഡേർഡ്സ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് (എൻഫോഴ്സ്മെന്റ്) ആക്ട്' എന്നിവ റദ്ദാക്കപ്പെട്ടു.

2009-ലെ ലീഗൽ മെട്രോളജി നിയമത്തിൻ്റെ പ്രധാന സവിശേഷതകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഇന്ത്യയിലുടനീളം മെട്രിക് വ്യവസ്ഥയും ഏകീകൃത അളവുതൂക്ക യൂണിറ്റുകളും നിർബന്ധമായും നടപ്പിലാക്കൽ.
  • വ്യാപാര-വാണിജ്യ ഇടപാടുകളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളെ നിയന്ത്രിക്കൽ.
  • അളവുതൂക്കങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ പരിശോധനയും മുദ്രപതിക്കലും നിർബന്ധമാക്കൽ.
  • മുൻകൂട്ടി പാക്ക് ചെയ്ത സാധനങ്ങളിൽ അളവ്, ഭാരം, മറ്റ് അളവുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയുള്ള നിർബന്ധിത പ്രഖ്യാപനങ്ങൾ ആവശ്യപ്പെടൽ.
  • അളവുതൂക്ക ഉപകരണങ്ങളുടെ നിർമ്മാതാക്കൾ, വ്യാപാരികൾ, അറ്റകുറ്റപ്പണികൾ നടത്തുന്നവർ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർക്കായി രജിസ്ട്രേഷൻ സൗകര്യമൊരുക്കൽ.
  • പരിശോധനകൾ, തിരച്ചിലുകൾ, പിടിച്ചെടുക്കലുകൾ, മറ്റ് എൻഫോഴ്സ്മെന്റ് നടപടികൾ എന്നിവ നടത്തുന്നതിന് ലീഗൽ മെട്രോളജി ഓഫീസർമാർക്ക് അധികാരം നൽകൽ.
  • ഏകീകരിച്ചതോ പരിശോധന നടത്താത്തതോ ആയ അളവുതൂക്കങ്ങൾ ഉപയോഗിക്കുന്നതിന് പിഴകൾ ഏർപ്പെടുത്തൽ.

ലീഗൽ മെട്രോളജി നിയമത്തിന് കീഴിൽ വരുന്ന പ്രധാന ഉത്പന്നങ്ങൾ

ലീഗൽ മെട്രോളജി നിയമത്തിന് കീഴിലെ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ഉൽപ്പന്നങ്ങൾ താഴെ പറയുന്നവയാണ്:

  1. അളവുതൂക്ക ഉപകരണങ്ങൾ (Weighing Instruments): കടകളിലും വിപണികളിലും ഉപയോഗിക്കുന്ന തുലാസുകളും മറ്റ് അളവുതൂക്ക യന്ത്രങ്ങളും ലീഗൽ മെട്രോളജി അധികാരികൾ പരിശോധിച്ച് മുദ്ര പതിപ്പിച്ചതായിരിക്കണം. ഇത് ഉപഭോക്താക്കൾക്ക് അവർ നൽകുന്ന പണത്തിന് കൃത്യമായ അളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അളവിൽ കൃത്രിമം കാണിക്കുന്നതോ തൂക്കം കുറയ്ക്കുന്നതോ തടയുകയും ചെയ്യുന്നു.
  2. പാക്കേജ് ചെയ്ത സാധനങ്ങൾ (Packaged Commodities): ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവ പോലുള്ള പാക്കേജ് ചെയ്ത സാധനങ്ങളിൽ അവയുടെ അളവ്, എം.ആർ.പി (MRP), നിർമ്മാണ തീയതി, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങൾ ഉപഭോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ അറിഞ്ഞ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗ് രീതികളെ തടയുകയും ചെയ്യുന്നു.
  3. ഇന്ധന വിതരണ യന്ത്രങ്ങൾ (Fuel Dispensers): പെട്രോൾ പമ്പുകളിലെ ഇന്ധന വിതരണ യന്ത്രങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് അളവ് കൃത്യത വരുത്താറുണ്ട് (calibrated). ഇത് യന്ത്രത്തിൽ കാണിക്കുന്ന അത്രയും തന്നെ കൃത്യമായ അളവിൽ ഇന്ധനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
  4. വാട്ടർ, ഇലക്ട്രിസിറ്റി മീറ്ററുകൾ (Water and Electricity Meters): ബില്ലിംഗിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി വാട്ടർ മീറ്ററുകളും ഇലക്ട്രിസിറ്റി മീറ്ററുകളും ഉപഭോഗം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
  5. ക്ലിനിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ (Clinical and Medical Instruments): തെർമോമീറ്ററുകൾ, രക്തസമ്മർദ്ദം അളക്കുന്ന യന്ത്രങ്ങൾ (blood pressure monitors), തൂക്കം നോക്കുന്ന യന്ത്രങ്ങൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ലീഗൽ മെട്രോളജി നിയമങ്ങൾക്ക് കീഴിലാണ് നിയന്ത്രിക്കപ്പെടുന്നത്. ശരിയായ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും കൃത്യമായ അളവുകൾ അത്യാവശ്യമാണ്.
  6. ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ സേവനങ്ങൾ (Telecommunications and Digital Services): മൊബൈൽ നെറ്റ്‌വർക്കുകൾ, ഇന്റർനെറ്റ് സേവനങ്ങൾ, ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് വളരെ കൃത്യതയാർന്ന സമയ-സിഗ്നൽ അളവുകൾ ആവശ്യമാണ്. കൃത്യമായ അളവുകൾ സുഗമവും വിശ്വസനീയവും സുരക്ഷിതവുമായ ഡിജിറ്റൽ ആശയവിനിമയം ഉറപ്പാക്കുന്നു.
  7. ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ ഉത്പാദനം (Electronics and Semiconductor Manufacturing): സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടെലിവിഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷ്മതയാർന്ന ഉത്പാദനത്തെയാണ് ആശ്രയിക്കുന്നത്. മെട്രോളജി സെമികണ്ടക്ടർ ഉത്പാദന വേളയിൽ കൃത്യത ഉറപ്പാക്കുകയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ശരിയായ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഈ നിയമത്തിന് കീഴിൽ രൂപീകരിച്ച ചട്ടങ്ങൾ (2011-ഉം 2013-ഉം)

വിവിധ ഉത്പന്നങ്ങളെ നിയന്ത്രിക്കുന്നതിനായി ഈ നിയമത്തിന് കീഴിൽ ആകെ 7 ചട്ടങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്:

  1. ലീഗൽ മെട്രോളജി (പൊതു) ചട്ടങ്ങൾ: ഇലക്ട്രോണിക് തുലാസുകൾ, പെട്രോൾ പമ്പുകൾ, വെയ്‌ബ്രിഡ്ജുകൾ, വാട്ടർ മീറ്ററുകൾ, ക്ലിനിക്കൽ തെർമോമീറ്ററുകൾ, സ്ഫിഗ്മോമാനോമീറ്ററുകൾ (രക്തസമ്മർദ്ദം അളക്കുന്ന യന്ത്രം) എന്നിവയുൾപ്പെടെ ഏകദേശം 40 ഓളം തരത്തിലുള്ള അളവുതൂക്ക ഉപകരണങ്ങൾ ഇതിന്റെ പരിധിയിൽ വരുന്നു.
  2. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങൾ: ഈ ചട്ടങ്ങൾ മുൻകൂട്ടി പാക്ക് ചെയ്ത സാധനങ്ങളുടെ വിൽപ്പനയെ നിയന്ത്രിക്കുകയും, വാങ്ങുന്നതിന് മുൻപ് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
  3. ലീഗൽ മെട്രോളജി (അപ്രൂവൽ ഓഫ് മോഡൽസ്) ചട്ടങ്ങൾ: നിർദ്ദിഷ്ട അളവുതൂക്ക ഉപകരണങ്ങൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതിന് മുൻപായി, നിർമ്മാതാക്കളും ഇറക്കുമതിക്കാരും ഗവൺമെൻ്റിൽ നിന്ന് മോഡൽ അംഗീകാരം നേടിയിരിക്കണമെന്ന് ഈ ചട്ടങ്ങൾ ആവശ്യപ്പെടുന്നു.
  4. ലീഗൽ മെട്രോളജി (നാഷണൽ സ്റ്റാൻഡേർഡ്സ്) ചട്ടങ്ങൾ: ഈ ചട്ടങ്ങൾക്ക് കീഴിൽ, നാഷണൽ പ്രോട്ടോടൈപ്പുകളും (ദേശീയ മാതൃകകൾ) അളവുതൂക്കങ്ങളുടെ പ്രാഥമിക മാനദണ്ഡങ്ങളും നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ (NPL) സംരക്ഷിച്ചുപോരുന്നു.
  5. ലീഗൽ മെട്രോളജി (ന്യൂമറേഷൻ) ചട്ടങ്ങൾ: ഈ ചട്ടങ്ങൾക്ക് കീഴിൽ സംഖ്യാ സമ്പ്രദായം ഉണ്ടാക്കുന്നതിനും സംഖ്യകൾ എഴുതേണ്ട രീതിയെക്കുറിച്ചുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി ചട്ടങ്ങൾ: റാഞ്ചിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി (IILM) ഇന്ത്യയിലെ ലീഗൽ മെട്രോളജി ഓഫീസർമാരുടെ പരിശീലന സ്ഥാപനമായി പ്രവർത്തിക്കുന്നു. പരിശീലന കോഴ്സുകൾ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലകൾ, ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് ആവശ്യമായ യോഗ്യതകൾ എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥകൾ ഈ ചട്ടങ്ങൾ നിർദ്ദേശിക്കുന്നു.
  7. ലീഗൽ മെട്രോളജി (ഗവൺമെന്റ് അപ്രൂവ്ഡ് ടെസ്റ്റ് സെന്റർ) ചട്ടങ്ങൾ: ചില അളവുതൂക്കങ്ങൾ പരിശോധിച്ച് ഉറപ്പാക്കുന്നതിനായി സ്വകാര്യ വ്യക്തികൾ സ്ഥാപിക്കുന്ന ജി.എ.ടി.സി.കൾക്ക് (GATC/ ഗവൺമെന്റ് അംഗീകൃത ടെസ്റ്റിംഗ് സെന്ററുകൾ) അംഗീകാരം നൽകുന്നതിനായാണ് ഈ ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

ഈ ചട്ടങ്ങൾക്ക് അനുസൃതമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ എൻഫോഴ്‌സ്‌മെന്റ് ചട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്.

വ്യാപാരത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കൊപ്പം ഇവയും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ ചട്ടങ്ങൾ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യാറുണ്ട്. അടുത്തിടെ 2025 ഒക്ടോബറിൽ ഗവൺമെന്റ് അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളുടെ (GATC) പരിധി വിപുലീകരിക്കുകയും വാട്ടർ മീറ്ററുകൾ, ഗ്യാസ് മീറ്ററുകൾ, എനർജി മീറ്ററുകൾ, സ്ഫിഗ്മോമാനോമീറ്ററുകൾ എന്നിവയുൾപ്പെടെ 18 തരം അളവുപകരണങ്ങളെ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു.

2023-ലെ ജൻ വിശ്വാസ് നിയമവും 2026-ലെ ജൻ വിശ്വാസ് നിയമവും

2023-ലെ 'ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം', 2009-ലെ ലീഗൽ മെട്രോളജി നിയമം ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള നിരവധി നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നു. ഈ പരിഷ്കാരങ്ങൾക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ചില കേസുകളിൽ തടവുശിക്ഷ വ്യവസ്ഥകൾക്ക് പകരം സാമ്പത്തിക പിഴകൾ ഏർപ്പെടുത്തിക്കൊണ്ട് ലീഗൽ മെട്രോളജി നിയമത്തിലെ ഏഴ് വകുപ്പുകൾ കുറ്റവിമുക്തമാക്കി. ലീഗൽ മെട്രോളജി നിയമത്തിലെ ഈ ഭേദഗതികൾ 2023 ഒക്ടോബർ 1-നാണ് പ്രാബല്യത്തിൽ വന്നത്. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും വ്യാപാര-അളവുതൂക്ക സംവിധാനങ്ങളിലെ ഉത്തരവാദിത്തം നിലനിർത്തുന്നതും തുടരുന്നതോടൊപ്പം തന്നെ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക (ease of doing business), അനുവർത്തന ബാധ്യതകൾ (compliance burden) കുറയ്ക്കുക, സ്വമേധയായുള്ള നിയമപാലനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.

2026-ലെ ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം അനുവർത്തന ബാധ്യതകൾ കുറയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. ഇത് പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഉടനടിയുള്ള ശിക്ഷാനടപടികൾ നേരിടാതെ തന്നെ ബിസിനസ്സുകൾക്ക് അവരുടെ നടപടിക്രമങ്ങളിലെ പിഴവുകൾ തിരുത്താൻ അനുവാദം നൽകിക്കൊണ്ട് സ്വമേധയായുള്ള നിയമപാലനത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ ഭേദഗതികൾ ശ്രമിക്കുന്നത്. 2009-ലെ ലീഗൽ മെട്രോളജി നിയമത്തിലെ മുൻകാല വ്യവസ്ഥകൾ പ്രകാരം നിർദ്ദിഷ്ട രേഖകൾ സൂക്ഷിക്കുന്നതിലോ ഹാജരാക്കുന്നതിലോ പരാജയപ്പെടുന്നത് നേരിട്ടുള്ള ശിക്ഷാനടപടികൾക്ക് കാരണമാകുമായിരുന്നു. പുതിയ ഭേദഗതികൾ ആദ്യത്തെ തവണയുണ്ടാകുന്ന വീഴ്ചകൾക്കായി ഒരു "ഇംപ്രൂവ്‌മെന്റ് നോട്ടീസ്" (തിരുത്തൽ നോട്ടീസ്) സംവിധാനം അവതരിപ്പിക്കുന്നു. പിഴ ചുമത്തുന്നതിന് മുമ്പായി ഒരു നിശ്ചിത കാലയളവിനുള്ളിൽ തങ്ങളുടെ അനുവർത്തന പോരായ്മകൾ തിരുത്താൻ ഇത് MSME ഇറക്കുമതിക്കാർക്കും ബിസിനസ്സുകൾക്കും അവസരം നൽകുന്നു. ഈ പരിഷ്കാരം വിശ്വാസാധിഷ്ഠിത ഭരണത്തിലേക്കും സഹായകരമായ നിയന്ത്രണ നിർവ്വഹണത്തിലേക്കും ബിസിനസ്സ് സൗഹൃദപരമായ ഒരു അനുവർത്തന ചട്ടക്കൂടിലേക്കുമുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

മെട്രോളജി, ലീഗൽ മെട്രോളജി മേഖലകളിലെ പ്രധാന ​ഗവൺമെന്റ് സംരംഭങ്ങൾ

eMaap പോർട്ടൽ

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആരംഭിച്ച ഇ-മാപ്പ് (eMaap) പോർട്ടൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും G2B (ഗവൺമെന്റ് ടു ബിസിനസ്സ്) സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഈ പോർട്ടൽ ലീഗൽ മെട്രോളജി ആക്ടിന് കീഴിലുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യുന്നു. കാര്യക്ഷമവും സുതാര്യവുമായ ഭരണം സാധ്യമാക്കുന്നതിനായി ഇത് വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഈ പോർട്ടൽ എല്ലാ സംസ്ഥാനങ്ങളിലെയും ലീഗൽ മെട്രോളജി സംവിധാനങ്ങളെ കേന്ദ്ര പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നു. ഉത്പന്ന നിർമ്മാതാക്കൾ, വ്യാപാരികൾ, അറ്റകുറ്റപ്പണികൾ നടത്തുന്നവർ, ഇറക്കുമതിക്കാർ, പാക്ക് ചെയ്യുന്നവർ, പാക്കേജ് ചെയ്ത സാധനങ്ങളുടെ ഉത്പാദകർ എന്നിവർക്കായി ഈ പോർട്ടൽ രാജ്യവ്യാപകമായി ഓൺലൈൻ രജിസ്ട്രേഷൻ സേവനങ്ങൾ നൽകുന്നു.

വൺ നേഷൻ, വൺ ടൈം (ഒരു രാജ്യം, ഒരു സമയം) പദ്ധതി

ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) മില്ലിസെക്കൻഡ് മുതൽ മൈക്രോസെക്കൻഡ് വരെയുള്ള കൃത്യതയോടെ രാജ്യത്തുടനീളം ലഭ്യമാക്കുന്നതിനായി ഇന്ത്യ വൺ നേഷൻ, വൺ ടൈംസംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള അഞ്ച് ലീഗൽ മെട്രോളജി ലബോറട്ടറികൾ വഴി നാഷണൽ ഫിസിക്കൽ ലബോറട്ടറിയും (NPL) ഐ.എസ്.ആർ.ഒ-യുമായി (ISRO) സഹകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻസ്, ബാങ്കിംഗ്, നാവിഗേഷൻ, പവർ ഗ്രിഡുകൾ, ഡിജിറ്റൽ ഗവേണൻസ്, 5G സേവനങ്ങൾ, AI, IoT, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലുടനീളം ഏകീകൃതവും അതീവ കൃത്യതയാർന്നതുമായ ഒരു സമയ സമന്വയ സംവിധാനം (time synchronization system) സ്ഥാപിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. GPS പോലുള്ള വിദേശ സമയ സ്രോതസ്സുകളിലുള്ള ആശ്രയം കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു. ഒപ്പം ദേശീയ സുരക്ഷ, തന്ത്രപ്രധാനമായ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, കൃത്യമായ സാമ്പത്തിക ഇടപാടുകൾ, അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ ഏകോപനം, വ്യവസായ കാര്യക്ഷമത, വിശ്വസനീയമായ പൊതുസേവനങ്ങൾ എന്നിവ ശക്തിപ്പെടുത്താനും ഇത് ശ്രമിക്കുന്നു.

1956-ലാണ് ഇന്ത്യ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജിയിൽ (OIML) അംഗമാകുന്നത്. 2023- അളവുതൂക്ക ഉപകരണങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട OIML അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരമുള്ള ആഗോളതലത്തിലെ 13-ാമത്തെ രാജ്യമായി ഇന്ത്യ മാറി. ഈ അംഗീകാരം ഇന്ത്യൻ നിർമ്മാതാക്കൾക്ക് അധിക അന്താരാഷ്ട്ര പരിശോധനാ ചെലവുകളില്ലാതെ ലോകമെമ്പാടും ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ പ്രാപ്തമാക്കുന്നു. അതേസമയം ആഗോള വ്യാപാരം, മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, ലീഗൽ മെട്രോളജി ഭരണം എന്നിവയിൽ ഇന്ത്യയുടെ പങ്ക് ശക്തമാക്കുകയും ചെയ്യുന്നു.

റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെ (RRSL) പിന്തുണയോടെയുള്ള ഈ സർട്ടിഫിക്കേഷൻ സംവിധാനം, വിദേശ നിർമ്മാതാക്കൾക്ക് സർട്ടിഫിക്കേഷൻ സേവനങ്ങൾ നൽകാനും വിദേശനാണ്യ വരുമാനം നേടാനും അന്താരാഷ്ട്ര ഒ.ഐ.എം.എൽ (OIML) നയ-തന്ത്ര വികസനത്തിൽ സംഭാവന നൽകാനും ഇന്ത്യയെ അനുവദിക്കുന്നു.

സുസ്ഥിരത അളക്കൽ: സുസ്ഥിര വികസന ലക്ഷ്യങ്ങളെ (SDG) മെട്രോളജി എങ്ങനെ പിന്തുണയ്ക്കുന്നു

കൃത്യവും വിശ്വസനീയവും ഏകീകൃതവുമായ അളവുകൾ ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിന് മെട്രോളജി ഗണ്യമായ സംഭാവന നൽകുന്നു. വിശ്വസനീയമായ അളവുതൂക്ക സംവിധാനങ്ങളിലൂടെ ന്യായമായ വ്യാപാര രീതികൾ, സുതാര്യമായ വിലനിർണ്ണയം, ഉപഭോക്തൃ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇത് ഒന്നാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തെ (SDG 1 - ദാരിദ്ര്യനിർമ്മാർജ്ജനം) പിന്തുണയ്ക്കുന്നു. മൂന്നാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തിന് കീഴിൽ (SDG 3 - നല്ല ആരോഗ്യവും ക്ഷേമവും), കൃത്യമായ മെഡിക്കൽ രോഗനിർണ്ണയം, ക്ലിനിക്കൽ അളവുകൾ, സുരക്ഷിതമായ ചികിത്സാ രീതികൾ എന്നിവയിലൂടെ മെട്രോളജി ആരോഗ്യ പരിപാലന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. കാര്യക്ഷമമായ ഊർജ്ജ വിതരണം, പുനരുപയോഗ ഊർജ്ജ സംയോജനം, കൃത്യമായ ഊർജ്ജ നിരീക്ഷണവും ബില്ലിംഗും സാധ്യമാക്കിക്കൊണ്ട് ഇത് ഏഴാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തെ (SDG 7 - താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജം) മുന്നോട്ട് നയിക്കുന്നു. വ്യവസായ ഗുണനിലവാരം, കാലിബ്രേഷൻ, പരിശോധന, സാങ്കേതിക നവീകരണം എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട് ഒമ്പതാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തിലും (SDG 9 - വ്യവസായം, നവീകരണം, ഇൻഫ്രാസ്ട്രക്ചർ) മെട്രോളജി സംഭാവന നൽകുന്നു. കൂടാതെ കൃത്യമായ പരിസ്ഥിതി നിരീക്ഷണം, കാലാവസ്ഥാ ഗവേഷണം, അന്തരീക്ഷ-പരിസ്ഥിതി വ്യതിയാനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തൽ എന്നിവയിലൂടെ ഇത് പതിമൂന്നാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തെയും (SDG 13 - കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടികൾ) പിന്തുണയ്ക്കുന്നു.

A diagram of a company's development goalsAI-generated content may be incorrect.

സുതാര്യവും ഉപഭോക്തൃകേന്ദ്രീകൃതവുമായ ഒരു അളവുതൂക്ക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ

സാങ്കേതിക മുന്നേറ്റങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന വ്യാപാര രീതികൾ, ഉയർന്നുവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള മറുപടിയായി ഇന്ത്യയുടെ ലീഗൽ മെട്രോളജി ചട്ടക്കൂട് വികസിച്ചുകൊണ്ടിരിക്കുകയാണ്. അനുവർത്തന ബാധ്യതകൾ കുറയ്ക്കുക, ഏകീകൃത അളവുതൂക്ക മാനദണ്ഡങ്ങൾ ഉറപ്പാക്കുക, കൃത്യത മെച്ചപ്പെടുത്തുക, ഡിജിറ്റൽ ഗവേണൻസ് സംവിധാനങ്ങളിലൂടെ നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയിലാണ് ഗവൺമെന്റ് അടുത്തിടെ സ്വീകരിച്ച സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മുൻകൂട്ടി പാക്ക് ചെയ്ത സാധനങ്ങളിൽ നിർബന്ധിത പ്രഖ്യാപനങ്ങൾ വേണമെന്ന ആവശ്യങ്ങളിലൂടെയും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കായി 2027 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രാജ്യം ഏതെന്ന് വെളിപ്പെടുത്തൽ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിലൂടെയും ഉപഭോക്തൃ സംരക്ഷണ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മൊത്തത്തിൽ ഈ പരിഷ്കാരങ്ങൾ കൂടുതൽ സുതാര്യതയ്ക്കും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും ശക്തമായ ഉപഭോക്തൃ വിശ്വാസത്തിനും ഇന്ത്യയുടെ സമഗ്രമായ ഗുണനിലവാര ഇൻഫ്രാസ്ട്രക്ചർ ആവാസവ്യവസ്ഥയുടെ വികസനത്തിനും സംഭാവന നൽകുന്നു.

 

References 

Ministry of Consumer Affairs, Food & Public Distribution

https://emaap.gov.in/about_us

https://iilm.gov.in/more/act-rules

https://consumeraffairs.gov.in/pages/legal-metrology-act

https://consumeraffairs.gov.in/pages/legal-metrology-overview

https://www.pib.gov.in/PressReleasePage.aspx?PRID=2096622&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2033114&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2183777&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2188363&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2184053&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1957429&reg=3&lang=2

 Ministry of Culture

https://ignca.gov.in/Asi_data/2517.pdf 

Ministry of Science & Technology

https://www.pib.gov.in/PressReleaseIframePage.aspx?PRID=2078069&reg=3&lang=2

https://www.nplindia.in/wp-content/uploads/2021/10/Angela-Historical-perspective-20171129-APMP-2017-NPLI-Symposiumfin.pdf

 United Nations

https://www.unesco.org/en/days/metrology

https://www.unido.org/sites/default/files/files/2020-08/The_role_of_Metrology_in_the_context_of_SDGs.pdf

 International Organization of Legal Metrology (OIML)

https://www.oiml.org/en/files/pdf_e/e002-e03.pdf

https://www.worldmetrologyday.org/press_release.html

https://www.oiml.org/en/publications/oiml-bulletin/online-bulletin-1/2024-07/the-importance-of-metrology-from-early-civilization-to-digitalisation-the-indian-perspective

 International Bureau of Weights and Measures (BIPM)

https://share.google/xMAPHbZcQO1eHojmD

Asia Pacific Metrology Programme

https://www.apmpweb.org/portal/list/channel/id/3.html

 Government of NCT of Delhi

https://weightnmeasures.delhi.gov.in/weightnmeasures/about-us

 Government of Kerala

https://lmd.kerala.gov.in/2025/06/04/2-meter-convention/

 PIB Backgrounder

https://www.pib.gov.in/PressNoteDetails.aspx?NoteId=158002&ModuleId=3&reg=3&lang=3

 Click here to see pdf 

***

SK

(Explainer ID: 158667) आगंतुक पटल : 17
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Bengali , Assamese , Gujarati , Tamil , Kannada