ബഹിരാകാശ വകുപ്പ്‌

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസിന്റെ വിക്ഷേപണം വിജയകരം

Posted On: 29 NOV 2018 4:31PM by PIB Thiruvananthpuram

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം 'ഹൈസിസ്' (ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗ് സാറ്റലൈറ്റ്) ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പി.എസ്.എല്‍.വി-സി-43 റോക്കറ്റാണ് ഹൈസിസും 30 വിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്.
ഭൂമിയുടെ ഉപരിതലം കൂടുതല്‍ മികവോടെ പഠിക്കുകയാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശ മേഖലകളുടെ നിര്‍ണ്ണയം, ഉള്‍നാടന്‍ ജലാശയങ്ങള്‍ തുടങ്ങിയവയ്ക്കും സൈനിക ആവശ്യങ്ങള്‍ക്കുമായിരിക്കും ഹൈസിസ് ഉപയോഗപ്പെടുത്തുക.
ഇന്ന് വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങളില്‍ 23 എണ്ണം അമേരിക്കയില്‍ നിന്നുള്ളവയാണ്. നെതര്‍ലന്‍ഡ്‌സ്, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടേതാണ് ബാക്കിയുള്ളവ. 380 കിലോഗ്രാമാണ് ഹൈസിസിന്റെ ഭാരം.
അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഈ ഉപഗ്രഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. അഞ്ചാം ദിവസം മുതല്‍ ഹൈസിസ് ചിത്രങ്ങള്‍ അയച്ചു തുടങ്ങും. വാര്‍ത്താവിനിമയം, ഭൗമ നിരീക്ഷണം, ശാസ്ത്ര പഠനങ്ങള്‍, ഗതിനിര്‍ണ്ണയം എന്നിവയ്ക്കായി ഇന്ത്യയുടെ 47 ഉപഗ്രഹങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഐ.എസ്.ആര്‍.ഒ രണ്ട് വിക്ഷേപണങ്ങള്‍ കൂടി ലക്ഷ്യമിടുന്നതായി ചെയര്‍മാന്‍ അറിയിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജി-സാറ്റ് -11 ഉം, ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി-സാറ്റ് -7 എ യും. ചന്ദ്രനിലേക്കുള്ള രണ്ടാം ദൗത്യമായ ചാന്ദ്രയാന്‍ - 2 നുവരിയില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുള്‍പ്പെടെ 14 വിക്ഷേപണങ്ങള്‍ക്കാണ് ഐ.എസ.ആര്‍.ഒ അടുത്ത വര്‍ഷം പരിപാടിയിട്ടിട്ടുള്ളതെന്നും ഡോ. ശിവന്‍ അറിയിച്ചു.

 

ND   MRD – 873



(Release ID: 1554277) Visitor Counter : 924


Read this release in: English , Marathi , Bengali